അങ്കണവാടിക്ക് ഖാഇദേ മില്ലത്ത് എന്ന് പേരിട്ടാൽ എന്താണ് കുഴപ്പം?

അങ്കണവാടിക്ക് ഖാഇദേ മില്ലത്ത് എന്ന് പേരിട്ടാൽ എന്താണ് കുഴപ്പം?

മലപ്പുറം ജില്ലയിലെ ഒരു അങ്കണവാടിക്ക് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പേരിട്ടു എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വർഗീയ പ്രചാരണം നടക്കുകയാണ്. ശശികല ടീച്ചർ എന്ന പേരിലുള്ള പേജിൽ നിന്നാണ് ഇത്തരമൊരു പോസ്റ്റ് ആദ്യം വന്നതായി കണ്ടെത്തിയത്. പാകിസ്ഥാനിലെ പ്രഥമ പ്രധാനമന്ത്രിയുടെ പേരാണോ അങ്കണവാടിക്ക് ഇട്ടിരിക്കുന്നത്? ഖാഇദെ മില്ലത്ത് എന്ന പേരിന് എന്താണ് കുഴപ്പം? ഒബിസി ഫാക്ട് ചെക്ക്.  

“മലപ്പുറം ജില്ലയിലെ ഒരു അങ്കണവാടിക്ക് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയുടെ പേര്. അങ്കണവാടി പുതുക്കി നിർമിച്ചപ്പോൾ നേരത്തെയുണ്ടായിരുന്ന സ്ഥലപ്പേര് മാറ്റി പകരം പാകിസ്ഥാനിലുള്ള ഒരു നേതാവിൻ്റെ പേരാണ് ഉപയോഗിച്ചിരിക്കുന്നത്”. സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിവാദമായ ഈ പോസ്റ്റ് ആദ്യം പങ്കുവയ്ക്കുന്നത് ഹിന്ദു ഐക്യവേദി മുൻ അധ്യക്ഷയായ കെ പി  ശശികലയുടെ പേരിലുള്ള ഒരു ഫേസ്ബുക്ക് പേജിലാണ്. 

മുസ്ലിം ലീഗ് സ്ഥാപകൻ മുഹമ്മദലി ജിന്നയുടെ വലംകൈയായ ലിയാഖത്ത് അലി ഖാൻ്റെ പേരാണ് ഇപ്പോഴിട്ടിരിക്കുന്നത് എന്നാണ് പോസ്റ്റിൽ ആരോപിക്കുന്നത്. ഫേസ്ബുക്കിലും എക്സിലും വലിയ ചർച്ചയായ ഈ പോസ്റ്റിൽ പറയുന്ന കാര്യം വാസ്തവമാണോ? ഒബിസി ഫാക്ട് ചെക്ക്.

‘അങ്കണവാടിക്ക്  പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പേര്’

ഇക്കഴിഞ്ഞ ഒക്ടോബർ 25 നാണ് ശശികല ടീച്ചര്‍ എന്ന ഫേസ്ബുക്ക് പേജിൽ ഈ പോസ്റ്റ് വരുന്നത്. മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്ത് പത്താം വാർഡിലെ അങ്കണവാടിയുടെ കെട്ടിടം പുതുക്കി പണിതപ്പോൾ പഴയ പേരായ കിളിക്കത്തടായി അങ്കണവാടി എന്നത് മാറി ഖാഇദെ മില്ലത്ത് എന്നായി എന്നാണ് പോസ്റ്റിൽ പറയുന്നത്. ഖാഇദെ മില്ലത്ത് പാകിസ്ഥാൻ്റെ ആദ്യത്തെ പ്രധാന മന്ത്രി ലിയാഖത്ത് അലി ഖാനാണെന്ന്  പോസ്റ്റിൽ പറയുന്നു. ഖാഇദെ മില്ലത്ത് എന്ന അറബി വാക്കിൻ്റെ അര്‍ഥം ജനങ്ങളുടെ നേതാവ് എന്നാണ്.

ശശികല ടീച്ചര്‍ എന്ന ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

പഴയ പേര് തന്നെയാക്കണമെന്നാവശ്യപ്പെട്ട് ശിശു വികസന പദ്ധതി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറിയോട് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉത്തരവിട്ടിരുന്നുവെങ്കിലും ഇതുവരെ അത് ചെയ്തിട്ടില്ല എന്നും പോസ്റ്റിൽ പറയുന്നുണ്ട്. വാഴക്കാട് പഞ്ചായത്ത് പാക്കിസ്ഥാനിലാണോ എന്ന് ചോദിക്കുന്ന പോസ്റ്റിന് ഏഴായിരത്തിലധികം പേരാണ് ഇതുവരെ (30/10/26) ലൈക്ക് ചെയ്തിട്ടുള്ളത്. മൂവായിരത്തോളം ആളുകൾ കമൻ്റ് ചെയ്തിട്ടുമുണ്ട്.

Amal talks എന്ന ഒരു ഫേസ്ബുക്ക് അക്കൗണ്ടും ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. കേരളത്തിലെ നിരവധി വലതുപക്ഷ ഗ്രൂപ്പുകളിൽ ശശികല ടീച്ചർ എന്ന പേജിൽ നിന്നുള്ള ഈ പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്.

69,000  ൽ അധികം ഫോളോവെഴ്‌സ് ഉള്ള ‘ട്വൻ്റി-20 ജനങ്ങളോടൊപ്പം’, 46,000 ഫോളോവെഴ്‌സ് ഉള്ള ‘Tg Mohandas fans’, 88,000 ൽ അധികം ഫോളോവെഴ്‌സ് ഉള്ള അണ്ണാമലൈ ഫാൻസ്‌ കേരളം എന്നീ ഗ്രൂപ്പുകളിൽ ഈ പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്.

പോസ്റ്റ് ഷെയർ ചെയ്യപ്പെട്ട ഫേസ്‌ബുക്കിലെ ചില വലതുപക്ഷ ഗ്രൂപ്പുകൾ, സ്ക്രീൻഷോട്ട് 

ഹിന്ദു കേരളം, ട്രൂ തിങ്കേഴ്‌സ്, ദേശീയവാദി എന്നീ ഗ്രൂപ്പുകളിലും ഈ പോസ്റ്റ് പ്രചരിച്ചിട്ടുണ്ട്. 

വിഭജനത്തിൻ്റെ രക്തം പുരണ്ട പേര്, സർകാർ സ്ഥാപനങ്ങൾക്ക് വേണ്ട എന്ന ആഹ്വാനത്തോടെ മറ്റൊരു പോസ്റ്റ് ഒക്ടോബർ 28 ന് ശശികല ടീച്ചർ എന്ന പേജിൽ തന്നെ വന്നിരുന്നു.

ഒക്ടോബര്‍ 28 നു വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

നിരവധിയാളുകളാണ് ഈ പോസ്റ്റുകൾക്ക് കമൻ്റ് ചെയ്തത്. ശശികല ടീച്ചർ എന്ന പേജിൽ നിന്നുള്ള ഈ പോസ്റ്റിനെ പിന്തുണച്ചുകൊണ്ട് ജനം ടിവിയും വാർത്ത നൽകിയിരുന്നു.

എന്താണ് വാസ്തവം? ആരാണ് ഖാഇദെ മില്ലത്ത്?

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ ആദ്യത്തെ പ്രസിഡൻ്റും ഇന്ത്യൻ ഭരണഘടനയ്ക്ക് രൂപം നൽകിയ ഇന്ത്യൻ കോൺസ്റ്റിറ്റ്യൂവെൻ്റ് അസംബ്ലി അംഗവുമായിരുന്ന മുഹമ്മദ് ഇസ്മയിൽ ആണ് ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് എന്ന പേരിൽ അറിയപ്പെടുന്നത്. തിരുനെൽവേലിയിൽ ജനിച്ച അദ്ദേഹം, അങ്കണവാടി സ്ഥിതി ചെയ്യുന്ന മഞ്ചേരി ലോകസഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പാർലിമെന്റ് അംഗം കൂടിയായിരുന്നു. 1962, 1967, 1971 വർഷങ്ങളിൽ ലീഗിനെ പ്രതിനിധീകരിച്ചായിരുന്നു ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്

ജന്മനാടായ തമിഴ്നാട്ടിലും കേരളത്തിലും ഇദ്ദേഹം ജനങ്ങളുടെ നേതാവ് എന്ന അർത്ഥത്തിൽ ഖാഇദേ മില്ലത്ത് എന്നപേരിൽ അറിയപ്പെട്ടു. ഇന്ത്യൻ ഭരണഘടന രൂപീകരിക്കുന്നതിൽ അംബേദ്കറിനും സർദാർ വല്ലഭായ് പട്ടേലിനുമൊപ്പം മുഹമ്മദ് ഇസ്മായിൽ സാഹിബ് പ്രവർത്തിച്ചിരുന്നു. 

സാഹിബിനോടുള്ള ആദര സൂചകമായി തമിഴ്നാട്ടിലെ നാഗപട്ടണത്തെ Nagai Quaid E Millet എന്ന് നാമകരണം ചെയ്തിരുന്നു, പിന്നീട് ഇത് നീക്കം ചെയ്യപ്പെടുകയായിരുന്നു. ഇദ്ദേഹത്തിൻ്റെ പേരിൽ തമിഴ്നാട്ടിൽ ചില കോളേജുകളും പ്രവർത്തിച്ചുവരുന്നുണ്ട്.

ഇങ്ങനെ ദേശീയ രാഷ്ട്രീയത്തി ലും തമിഴ്‌നാട് രാഷ്ട്രീയ ത്തിലും സജീവമായി ഇടപെട്ട ഒരു സമുന്നത നേതാവിൻ്റെ പേരാണ് അങ്കണവാടിക്ക് കൊടുത്തിട്ടുള്ളത്.വർഗീയ ലക്ഷ്യങ്ങൾ വച്ച് പുലർത്തുന്ന ചില അക്കൗണ്ടുകൾ ഇപ്പോഴും ഈ പോസ്റ്റുകൾ  റീ ഷെയർ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. 


സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top