‘മൻ മോഹൻ സിംഗിനെ അവഹേളിച്ചു’; സോണിയാഗാന്ധിക്കെതിരെ വീണ്ടും വ്യാജ പ്രചാരണം

‘മൻ മോഹൻ സിംഗിനെ അവഹേളിച്ചു’; സോണിയാഗാന്ധിക്കെതിരെ വീണ്ടും വ്യാജ പ്രചാരണം

കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ആത്മകഥ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ പുറത്തിറങ്ങിയത് ഇക്കഴിഞ്ഞ നവംബർ പത്താം തീയതിയാണ്. പുസ്തകത്തിൻ്റെ നിരൂപണങ്ങളും വായനാനുഭവങ്ങളുമെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തോതിൽ ഷെയർ ചെയ്യപ്പെട്ടു. പുസ്തക റിവ്യൂകൾ എഴുത്തുകളായും വീഡിയോകളായും പോസ്റ്റ് ചെയ്യപ്പെട്ടു.

അതേ സമയം സോണിയാഗാന്ധി വലിയ വിമർശനങ്ങളും നേരിടുകയാണ്. വർഷങ്ങളായി അവർക്കെതിരെ നടക്കുന്ന സൈബർ പ്രചാരണങ്ങൾ ഈയൊരു കാലയളവിൽ കൂടുതൽ ശക്തിപ്പെട്ടു. സോണിയ ബാർ ഡാൻസർ ആയിരുന്നുവെന്ന വ്യാജ പ്രചാരണത്തോടൊപ്പം പുതിയ ചില വാദങ്ങളും രൂപപ്പെട്ടു. ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിനെ മാധ്യമങ്ങളുടെ മുൻപിൽ അവഹേളിച്ച് കൊണ്ട് കടന്നു പോകുന്ന ‘സോണിയയെ ആണ് ഇപ്പോൾ എക്സ് പോസ്റ്റുകളിൽ കാണുന്നത്. പത്ത് വർഷകാലം ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന മൻ മോഹനെ കണ്ടിട്ടും കാണാതെ പോകുകയാണ് സോണിയ എന്നാണ് പ്രചാരണം. ഇതിനായി ഒരു വീഡിയോയും ഷെയർ ചെയ്തിട്ടുണ്ട്.

പ്രചരിക്കുന്നത് സീ ന്യൂസ് വീഡിയോ

കോൺഗ്രസ് പാർട്ടിയംഗങ്ങൾ പങ്കെടുത്ത ഒരു പരിപാടിക്ക് കാറിൽ വരുന്ന സോണിയ ഗാന്ധി, പുറത്ത് കാത്ത് നിൽക്കുന്ന മൻ മോഹൻ സിങിനെ അഭിവാദ്യം ചെയ്യാതെ പോകുന്നു. എന്നാൽ, മൻ മോഹൻസിംഗ് സോണിയയെ വണങ്ങാൻ ശ്രമിക്കുന്നുമുണ്ട്. സോണിയ പ്രതികരിക്കാതെ പോകുന്നത് കൊണ്ടാണ് മൻ മോഹൻ സിംഗിന് ഇങ്ങനെ നിൽക്കേണ്ടിവന്നത് എന്നാണ് പ്രചാരണം. 

ഫേസ്ബുക്ക് പോസ്റ്റ്, സ്ക്രീൻഷോട്ട്

പത്ത് വർഷം ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്ന ഒരു വ്യക്തിയെ സോണിയ അപമാനിച്ചുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. 

ഇതേ വീഡിയോ ക്ലിപ്പ് തന്നെ എക്സിലും പ്രചരിച്ചു. Rahul (Proud Bhakt) എന്ന അക്കൗണ്ടിലാണ് പ്രചരിച്ചത്. നിങ്ങൾ അധികാരത്തിൽ ഉള്ളപ്പോൾ പ്രധാന മന്ത്രിയുടെ അവസ്ഥ ഇങ്ങനെയാണ് എന്നാണ് എക്സ് പോസ്റ്റിൽ പറയുന്നത്.

സീ ന്യൂസിൻ്റെ വീഡിയോ ആണ് ഇങ്ങനെ വൈറൽ ആകുന്നത്.

എക്സ് പോസ്റ്റ്, സ്ക്രീൻ ഷോട്ട്

ഇതേ വീഡിയോ  മുൻ വർഷങ്ങളിലും പ്രചരിച്ചിരുന്നുവെന്ന് കൂടുതൽ അന്വേഷണത്തിൽ മനസിലായി. ലോങ് വീഡിയോയിൽ നിന്നും ഒരു ഭാഗം കട്ട് ചെയ്താണ് പ്രചരിപ്പിക്കുന്നത് എന്നും വ്യക്തമാണ്.

ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു. 2021 ലും ഇതേ ആരോപണത്തോടെ തന്നെ ഈ വീഡിയോ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് മനസിലായി. 

ഫാക്ട് ചെക്കിംഗ് സ്ഥാപനമായ ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ്‌ സുബൈർ ഇതിൻ്റെ വസ്തുത പരിശോധിച്ച് 2021 ൽ തന്നെ തൻ്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോയും റിവേഴ്സ് ഇമേജ് സെർച്ചിൽ ലഭിച്ചു. 

മുഹമ്മദ് സുബൈറിൻ്റെ 2021 ലെ എക്സ് പോസ്റ്റ്.

ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയുടെ കുറച്ച് കൂടി നീളമുള്ള പതിപ്പാണ് എക്സിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.

2014 ലെ വീഡിയോ ആണിത്. 2014 ജനുവരി 17 ന്, ഡൽഹിയിലെ തൾകട്ടോറ സ്റ്റേഡിയത്തിലാണ് ഈ സംഭവം നടക്കുന്നത്. എ ഐ സി സിയുടെ ആ യോഗത്തിൽ അന്നത്തെ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമെല്ലാം പങ്കെടുത്തിരുന്നു. 

കാറിൽ പരിപാടിക്കെത്തിയെ സോണിയ തിരക്കിട്ട് വേദിയിലേക്ക് കയറുകയും ശേഷം പതാകയുയർത്താനായി സജ്ജീകരിച്ചിരിക്കുന്ന ഇടത്തേക്ക് പോകുകയും ചെയ്തു. പതാക ഉയർത്തി 

വന്ദേമാതരം ആലപിച്ച ശേഷം വേദി വിട്ടിറങ്ങിയ സോണിയ മൻ മോഹൻ സിംഗിനെയും  മറ്റ് നേതാക്കളെയും അഭിവാദ്യം ചെയ്യുന്നതായി കാണാം. ഈ ഭാഗം മനഃപൂർവം കട്ട് ചെയ്ത് ആദ്യത്തെ ഭാഗം മാത്രമാണ് പ്രചരിപ്പിച്ചിരിക്കുന്നത്. വർഷങ്ങളായി സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന സൈബർ പ്രചാരണങ്ങളിൽ ഒന്ന് മാത്രമാണ് ഇത്.

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top