സമാധാന ബോണ്ടിൽ ഒപ്പുവച്ചില്ല; നേഹ ബോറയ്‌ക്കെതിരെ എക്സിൽ കടുത്ത സൈബറാക്രമണം

സമാധാന ബോണ്ടിൽ ഒപ്പുവച്ചില്ല; നേഹ ബോറയ്‌ക്കെതിരെ എക്സിൽ കടുത്ത സൈബറാക്രമണം

ഡൽഹി പോലീസ് ആവശ്യപ്പെട്ട സമാധാന ബോണ്ടിൽ ഒപ്പിടില്ലെന്ന് ഐസ പ്രസിഡൻ്റ് നേഹ ബോറ വ്യക്തമാക്കിയതിന് പിന്നാലെ സാമൂഹ്യ മാധ്യമമായ എക്‌സിൽ വലിയ രീതിയിലുള്ള സൈബറാക്രമണമാണ് നേഹയ്ക്കെതിരെ നടക്കുന്നത്. സമരത്തിനിടയ്ക്കുള്ള നേഹയുടെ വീഡിയോകളും ഫോട്ടോകളും അശ്ലീല ക്യാപ്ഷനുകളോടെ പോസ്റ്റ് ചെയ്യുകയാണ് എക്‌സിലെ ചില അക്കൗണ്ടുകൾ. 

തീവ്രവാദിയെന്ന് വിളിച്ചും ലൈംഗികച്ചുവയുള്ള കമൻ്റുകൾ പോസ്റ്റ് ചെയ്തും നേഹയെ അധിക്ഷേപിക്കുകയാണ്, ധാരാളം ഫോളോവേഴ്സ് ഉള്ള വലതുപക്ഷ അക്കൗണ്ടുകൾ. എന്തൊക്കെയാണ് നേഹയ്ക്കെതിരെ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍? ആരാണ് ഇതിനു പിന്നിലുള്ളത്?

നേഹബോറ; ‘കോൺഗ്രസിൻ്റെ പുതിയ രാജമാത’

നേഹയെ കോൺഗ്രസ് പാർട്ടിയുടെ പുതിയ രാജമാത എന്നാണ് Anshu പോലുള്ള ചില വലതുപക്ഷ അക്കൗണ്ടുകൾ വിശേഷിപ്പിക്കുന്നത്. Anshu എന്ന അക്കൗണ്ട്, ബയോയിൽ എഴുതിയിരിക്കുന്നത് Proud Hindu എന്നാണ് . സമര മുഖത്ത് നേഹയെ മിസ് ചെയ്യുന്നുവെന്നാണ് ഈ പോസ്റ്റില്‍ പറയുന്നത്. ഷെയർ ചെയ്തിരിക്കുന്നതാകട്ടെ, ജന്തർ മന്തർ സമരത്തിനിടെ നേഹ ബാരിക്കേഡ് ചാടിക്കടക്കുന്ന വീഡിയോ ആണ്. നേഹയുടെ ശരീര ഭാഗങ്ങളിലേക്ക് ക്യാമറ സൂം ചെയ്ത് ഷൂട്ട് ചെയ്ത ഈ വീഡിയോ മുൻപ് തന്നെ വിവാദമായിരുന്നു.

Anshu എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

Mangal എന്ന വലതുപക്ഷ അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ കൂടുതൽ വൈറലായത്. ഒക്ടോബർ 25 നാണ് അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്യപ്പെടുന്നത്. “We are missing you, where are you dear Neha Vora, Please come back we want to see your Protest” എന്നാണ് ഇതിനു ക്യാപ്ഷന്‍ നല്‍കിയിട്ടുള്ളത്.

Mangal എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

മൂന്ന് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ (28/10/26) ഈ പോസ്റ്റ് കണ്ടിട്ടുള്ളത്. രണ്ടായിരത്തിലകം ആളുകൾ ഇതിന് ലൈക്ക് ചെയ്തിട്ടുണ്ട്, ഇത്രയും പേർ തന്നെ വീഡിയോ റീ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Mangal എന്ന അക്കൗണ്ടിൽ വന്ന പോസ്റ്റിന് താഴെ നേഹയെ മുൻ പോൺ താരങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കമൻ്റുകൾ വന്നിട്ടുണ്ട്. അധിക്ഷേപകരമായ നിരവധി അശ്ലീല കമൻ്റുകളാണ് ഈ പോസ്റ്റിന് താഴെ വന്നിട്ടുള്ളത്.

പോസ്റ്റിന് താഴെ വന്നിട്ടുള്ള ചില കമൻ്റുകൾ, സ്ക്രീൻഷോട്ട്

ഈ വീഡിയോ തന്നെ മറ്റു നിരവധി അക്കൌണ്ടുകളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഹിന്ദിയില്‍ അശ്ലീല ക്യാപ്ഷനോടെ വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നു, സ്ക്രീന്‍ഷോട്ട് 

Mangal എന്ന അക്കൗണ്ടിലെ ഈ പോസ്റ്റ് തന്നെയാണ് നിരവധി ആളുകൾ പിന്നീട് ഷെയർ ചെയ്തിട്ടുള്ളത്. 23,000 ൽ അധികം ഫോളോവേഴ്സ് ഉള്ള വിജയ്ഭാരത് എന്ന വലതുപക്ഷ അക്കൗണ്ടും ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

‘പോലീസ് തൊട്ടാല്‍ മാത്രമാണോ നേഹയ്ക്ക് പ്രശ്നം?’

ഒക്ടോബർ 25 മുതൽ എക്സിൽ വൈറലാകുന്ന നേഹയുടെ മറ്റൊരു വീഡിയോ, ഐസ പ്രവർത്തകർ നേഹയെ തോളിലേറ്റി കൊണ്ടു പോകുന്നതാണ് . രണ്ടു യുവാക്കളാണ് നേഹയെ തോളിലേറ്റിയിരിക്കുന്നത്.

‘ഡൽഹി പോലീസ് നേഹയെ സ്പർശിച്ചപ്പോൾ പ്രശ്നം ഉണ്ടാക്കിയിരുന്ന നേഹ, ഇപ്പോൾ പുരുഷന്മാർ സ്പർശിക്കുമ്പോൾ ഒന്നും മിണ്ടാതെ ഇരിക്കുന്നു’ എന്ന രീതിക്കുള്ള ക്യാപ്ഷനുകൾ ഇട്ടാണ് പ്രചരിപ്പിക്കുന്നത്.

Anil Juyal എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

“എന്റെ തുടയിൽ പിടിച്ചു, അടിവസ്ത്രത്തിൽ സ്പർശിച്ചു, സ്വകാര്യഭാഗത്ത് തൊട്ടു, കാൽമുട്ടിനു മുകളിൽ പിടിച്ചു എന്നതൊക്കെ അവൾ ഇനി പറയില്ല” എന്ന ക്യാപ്‌ഷനിലൂടെ അവർ മുന്‍പ് നേരിട്ട അതിക്രമങ്ങളെ പരിഹസിക്കുകയാണ് ചെയ്യുന്നത്.

ഡൽഹി പോലീസ്, ആർ.എ.എഫ്, സി.ഐ.എസ്.എഫ് പോലുള്ള സുരക്ഷാ സേനാംഗങ്ങൾ തൊടുമ്പോൾ മാത്രം പരാതി പറയുന്നുവെന്നും ,  ഒപ്പമുള്ള ഇടതുപക്ഷ പ്രവർത്തകർ സ്പർശിക്കുകയോ കയറിപ്പിടിക്കുകയോ ചെയ്താൽ അതിൽ പ്രശ്നമില്ല എന്നും പോസ്റ്റിൽ ആരോപിക്കുന്നു.

പുരുഷന്മാരുടെ തോളിലിരുന്നു പ്രതിഷേധിക്കുകയും അതേസമയം പുരുഷന്മാരെ തന്നെ അധിക്ഷേപിക്കുകയും ചെയ്യുന്ന നിലപാടാണ് നേഹക്കുള്ളത് എന്ന് കുറ്റപ്പെടുത്തുന്ന രീതിയിലാണ് ക്യാപ്‌ഷൻ. വിജയ്‌ഭാരത്‌ എന്ന അക്കൌണ്ടിലും ഈ വീഡിയോ സമാന ക്യാപ്ഷനോടെ പോസ്റ്റ്‌ ചെയ്തിരിക്കുന്നു. 

വിജയ്‌ഭാരത്‌ എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

‘ദേശവിരുദ്ധരാണ് നേഹയും ഉമര്‍ ഖാലിദും’

നേഹ ബോറയെയും മറ്റും ദേശവിരുദ്ധരായി ചിത്രീകരിക്കുന്ന പോസ്റ്റുകളും എക്സില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ അഫ്സൽ ഗുരു, ഉമർ ഖാലിദ്, നേഹ ബോറ എന്നിവരെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ Ritika എന്ന അക്കൗണ്ടില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

“The chain of traitors and intellectual militants” എന്നാണ് ഈ പോസ്റ്റിന്റെ ക്യാപ്ഷൻ.

Ritika എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

നേഹ ബോറയും ഉമർ ഖാലിദും രാജ്യത്തിന് കളങ്കമാണെന്നും മാലിന്യമാണെന്നും പറയുന്ന പോസ്റ്റുകൾ നിരവധിയാണ്. നേഹ നയിക്കുന്ന പ്രതിഷേധത്തെ ദേശീയ സുരക്ഷ, ഇന്ത്യൻ ആർമി, പാർലമെന്റ് ആക്രമണം, യു.പി.എസ്.സി തുടങ്ങിയ വിഷയങ്ങളുമായി കൂട്ടിച്ചേർക്കാൻ Modi Kahi Nahi Jayega പോലുള്ള അക്കൗണ്ടുകള്‍ ശ്രമിക്കുന്നുണ്ട്. 

#india #umarkhalid #nehabora #jammukashmir #explore എന്നീ ഹാഷ്ടാഗുകളാണ് ഇങ്ങനെയുള്ള പോസ്റ്റുകളിൽ ഉപയോഗിച്ചിട്ടുള്ളത്. ജമ്മു കശ്മീർ, ജെ.എൻ.യു, സി.ജെ.പി തുടങ്ങിയ പേരുകളും ദേശീയ സുരക്ഷാ പദങ്ങളും കൂട്ടിചേർത്ത് ഇവർക്കെതിരെയുള്ള വികാരം ആളിക്കത്തിക്കാനും ജനശ്രദ്ധ തിരിച്ചുവിടാനുമാണ് ഇത്തരം ഹാഷ്‌ടാഗുകളിലൂടെ ശ്രമിക്കുന്നത്. 

‘ഗവേഷണ വിദ്യാര്‍ഥി ലക്ഷ്വറി കാറില്‍’

നേഹ ബോറ മുഴുവൻ സമയവും സമരങ്ങളിൽ പങ്കെടുക്കാനാണ് വിനിയോഗിക്കുന്നത്. അവരുടെ തൊഴിൽ പശ്ചാത്തലവും വരുമാന സ്രോതസ്സും എന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ട് എന്നാരോപിക്കുന്ന പോസ്റ്റുകൾ നിരവധിയാണുള്ളത്. കോടതിയിലേക്ക് കാറിൽ വന്നിറങ്ങുന്ന നേഹയുടെ വീഡിയോയാണ് ഇതിനായി അവർ ഉപയോഗിച്ചിട്ടുള്ളത്.

 60-70 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര കാറാണ് അവർ ഉപയോഗിക്കുന്നത് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, അങ്ങനെയൊരു ജീവിതശൈലിക്ക് അവർക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നത് എന്ന് പോസ്റ്റിൽ ചോദിക്കുന്നു. Warlock Hindu എന്ന അക്കൗണ്ടില്‍ ഇങ്ങനെയൊരു പോസ്റ്റ്‌ വന്നിട്ടുണ്ട്.

Warlock Hindu എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

65 ലക്ഷത്തിന്റെ കാറില്‍ എത്തിയ നേഹ എന്ന് പറയുന്ന വേറെയും ചില പോസ്റ്റുകള്‍ എക്സില്‍ വൈറല്‍ ആണ്.

Monica Verma എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

എന്നാൽ ഫാക്ട് ചെക്കിങ് ഓർഗനൈസേഷനായ ആൾട്ട് ന്യൂസ് ഇത് പരിശോധിച്ചിരുന്നു. ആൾട്ട് ന്യൂസ് നടത്തിയ അന്വേഷണത്തിൽ, ആ കാർ നേഹ ബോറയുടേതല്ലെന്നും, മറിച്ച് അവരുടെ വക്കീൽ അഭിക് ചിമ്നിയുടെ പേരിലുള്ളതാണെന്നും തെളിഞ്ഞിട്ടുണ്ട്. കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പരിശോധിച്ചാൽ ഇത് വ്യക്തമാകും.

Alt News ന്‍റെ ഫാക്റ്റ് ചെക്ക് റിപ്പോര്‍ട്ട്‌, സ്ക്രീന്‍ഷോര്‍ട്ട് 

നിരവധി എക്സ് അക്കൗണ്ടുകള്‍ നേഹ ബോറയെ അധിക്ഷേപിക്കുന്നതില്‍ മുന്നിലുണ്ടെങ്കിലും വലതുപക്ഷ അക്കൌണ്ടുകളാണ് സംഘടിത സ്വഭാവത്തോടെ ഇത് ചെയ്യുന്നത്.

 29 വയസ്സുള്ള തൊഴിലില്ലാത്ത അരാജകവാദിയെന്നും ബംഗ്ലാദേശ് അനുകൂലി എന്നും നേഹയെ വിളിക്കുന്ന പോസ്റ്റുകളും ഇതോടൊപ്പമുണ്ട്. തീവ്രവാദിയാണ് നേഹയെന്നും അവരെ ഉടൻ നാടുകടത്തണമെന്നും പറയുന്ന കമന്റ് സെക്ഷനും എടുത്തുപറയേണ്ടതാണ്.


സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top