
ചാരപ്പണി ആരോപണം മുതൽ വ്യാജ വീഡിയോകൾ വരെ: സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശനത്തിന് പിന്നാലെ സംഘപരിവാർ നടത്തിയ വ്യാജ പ്രചാരണങ്ങൾ
സാമൂഹ്യമാധ്യമങ്ങളുടെ വളർച്ച രാഷ്ട്രീയ സംവാദങ്ങൾക്ക് പുതിയ മാനങ്ങൾ നൽകിയെങ്കിലും, വ്യക്തിഹത്യയുടെയും വ്യാജവാർത്തകളുടെയും അതിപ്രസരം ജനാധിപത്യ ഇടങ്ങളെ മലിനമാക്കുന്നുണ്ട്. സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശനത്തോടനുബന്ധിച്ച് സൈബർ ലോകത്ത് ഉയർന്നുവന്ന വിമർശനങ്ങളും വ്യാജപ്രചാരണങ്ങളും ഇതിന് ഉത്തമ ഉദാഹരണമാണ്. സാധാരണ രാഷ്ട്രീയ വിമർശനങ്ങൾക്കപ്പുറം, വ്യക്തിഹത്യയിലൂന്നിയ പ്രചാരണങ്ങൾ വൈറലാണ്. സി.ഐ.എ (CIA), കെ.ജി.ബി (KGB) തുടങ്ങിയ അന്താരാഷ്ട്ര ചാരസംഘടനകളുടെ ഏജന്റാണ് സോണിയ ഗാന്ധി എന്ന തരത്തിലുള്ള അവിശ്വസനീയമായ കഥകളാണ് പല പ്രൊഫൈലുകളിലൂടെയും പ്രചരിച്ചത്. ദേശീയ തലത്തിൽ പ്രചരിച്ച ഇത്തരം കഥകളുടെ ചുവടുപിടിച്ച് മലയാളത്തിലും സമാനമായ പോസ്റ്റുകളും കുറിപ്പുകളും സജീവമായി പ്രചരിച്ചു. മലയാളം സൈബർ ഇടങ്ങളിൽ ഇടംപിടിച്ച ഇത്തരം ആരോപണങ്ങളുടെ സ്വഭാവവും അവയ്ക്ക് പിന്നിലെ വസ്തുതകളും വിശകലനം ചെയ്യുകയാണിവിടെ.
സോണിയ ഗാന്ധി ചാരവനിതയാണെന്ന് പ്രചരണം
സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച കഥകളിലൊന്ന് അവർ സി.ഐ.എയുടെയും (CIA) കെ.ജി.ബിയുടെയും (KGB) ഏജന്റാണ് എന്നതായിരുന്നു. സോണിയ ഗാന്ധിയുടെ വ്യക്തിജീവിതം, ലണ്ടനിലെ പശ്ചാത്തലം, രാജീവ് ഗാന്ധിയുമായുള്ള ബന്ധം, ഗാന്ധി കുടുംബത്തിലെ ദുരന്തങ്ങൾ, 1999-ലെയും 2004-ലെയും പ്രധാനമന്ത്രി പദവിയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ, 2012-13-ലെ ഇന്ത്യയുടെ സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയെല്ലാം പരസ്പരം ബന്ധിപ്പിച്ച് രാജ്യത്തെ തകർക്കാനുള്ള ആസൂത്രിത നീക്കമായി ചിത്രീകരിക്കുന്ന വിശദമായ പോസ്റ്റുകൾ മലയാളം സൈബറിടങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടു. നിരന്തരം ബിജെപി അനുകൂല പോസ്റ്റുകൾ പങ്കുവയ്ക്കുന്ന ‘സനാതന ധർമ്മം’ എന്ന ഫേസ്ബുക് അക്കൗണ്ടിൽ ഈ ആരോപണങ്ങളെ കൂട്ടിയിണക്കി ഒരു വലിയ കുറിപ്പോടു കൂടിയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

നവംബർ 12ന് പങ്കുവച്ച പോസ്റ്റിനു നവംബർ 23 വരെ മാത്രം രണ്ടായിരത്തിൽ അധികം ഷെയറുകളാണ് ലഭിച്ചിട്ടുള്ളത്. ചരിത്രപരമായ തെളിവുകളുടെ യാതൊരു പിൻബലവുമില്ലാത്ത ഇത്തരം വ്യാജപ്രചാരണങ്ങൾക്ക് മലയാളം സൈബറിടങ്ങളിൽ വലിയ പ്രചാരം കിട്ടി.
1968 ൽ നടന്ന രാജീവ് -സോണിയ വിവാഹവും അതേ വർഷം തന്നെ ഇരുവരും ബഹിരാകാശ കേന്ദ്രം സന്ദർശിച്ചതും സംശയകരമാണെന്ന് ആരോപിക്കുന്ന പോസ്റ്റുകളുമുണ്ട്. ഷേക്സ്പിയറുടെ ‘ഹാംലെറ്റിലെ’ പ്രശസ്തമായ പ്രയോഗത്തോടെ ആരംഭിക്കുന്ന ഇത്തരമൊരു കുറിപ്പ്, വിവാഹത്തിന് പിന്നാലെ രാജീവ് ഗാന്ധിയോടൊപ്പം ഇന്ത്യൻ ബഹിരാകാശ കേന്ദ്രം (പിന്നീട് ഐ.എസ്.ആർ.ഒ എന്നറിയപ്പെട്ട സ്ഥാപനം) സന്ദർശിച്ച സംഭവത്തെ “ആദ്യ ദിവസം മുതലുള്ള ദൗത്യനിർവഹണം” (Mission Mode) എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്.

ഇതേ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന മലയാളത്തിലുള്ള നിരവധി പോസ്റ്റുകൾ ഫേസ്ബുക്കിൽ മാത്രം കാണാൻ സാധിക്കും.

പൗരത്വം ലഭിക്കുന്നതിന് മുൻപേ വോട്ടർ പട്ടികയിൽ ഇടം നേടിയെന്ന ആരോപണം
സോണിയാ ഗാന്ധി ഇന്ത്യൻ പൗരത്വം നേടുന്നതിന് മുൻപ് തന്നെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തി എന്നാരോപിച്ച് അഭിഭാഷകനായ വികാസ് ത്രിപാഠി നൽകിയ പരാതിയിൽ ഡൽഹി പോലീസിനോട് ‘ആക്ഷൻ ടേക്കൺ റിപ്പോർട്ട്’ (ATR) സമർപ്പിക്കാൻ ഡൽഹി റൗസ് അവന്യൂ കോടതി നിർദ്ദേശിച്ചതാണ് ഈ പ്രചാരണത്തിന്റെ അടിസ്ഥാനം. 1983 ലാണ് സോണിയാ ഗാന്ധിക്ക് പൗരത്വം കിട്ടിയത്.1980 ലെ വോട്ടർ പട്ടികയിൽ പേരുൾപ്പെടുത്തി എന്നായിരുന്നു ആരോപണം.എന്നാൽ, കേസിന്റെ പ്രാഥമിക പരിശോധനയുടെ ഭാഗമായുള്ള ഈ സാധാരണ കോടതി നടപടിയെ സമൂഹമാധ്യമ പോസ്റ്റുകൾ വലിയൊരു രാഷ്ട്രീയ വിധിയെഴുത്തായാണ് അവതരിപ്പിക്കുന്നത്. “സോണിയ ജി പെട്ടു”, “വോട്ടർ പട്ടികയിലെ ക്രമക്കേട് ആദ്യം നടത്തിയത് സോണിയ” എന്നിങ്ങനെയുള്ള തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകൾ ചേർത്താണ് പോസ്റ്റുകൾ. പൗരത്വം സ്വീകരിക്കാൻ 15 വർഷമെടുത്തത് സംശയകരമായി അവതരിപ്പിക്കുകയും കോടതി നടപടികളെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയും ചെയ്യുകയാണ് ഈ പോസ്റ്റുകൾ.
ഡൽഹി റോസ് അവന്യൂ കോടതിയിലെ നടപടികളെ അടിസ്ഥാനമാക്കി ‘Bhaskaran Nair Ajayan’ എന്ന പ്രൊഫൈലിൽ നിന്നാണ് ഇത്തരത്തിലുള്ള ദീർഘമായ ഒരു പോസ്റ്റ് പങ്ക് വെച്ചിട്ടുള്ളത്. കേസിന്റെ നാൾവഴികൾക്കൊപ്പം സോണിയ ഗാന്ധിയുടെ പുസ്തകരചനയെയും പൗരത്വ സ്വീകരണത്തിലെ കാലതാമസത്തെയും പോസ്റ്റ് പരിഹസിക്കുന്നു. കൂടാതെ, ഇറ്റാലിയൻ എംബസിയിൽ അഭയം തേടി എന്ന തരത്തിലുള്ള അടിസ്ഥാനരഹിതമായ പരാമർശങ്ങളും ഈ പോസ്റ്റിൽ പ്രതിപാദിക്കുന്നുണ്ട്. സ്ഥിരമായി ബിജെപി അനുകൂല പോസ്റ്റുകളിടുന്ന പ്രൊഫൈലാണിത്.ഒരു പ്രാഥമിക കോടതി നടപടിയെ കുറ്റപത്രമായി ചിത്രീകരിക്കുന്ന രീതിയാണ് ഈ പോസ്റ്റിൽ കാണാനാകുന്നത്. ഇതേ പോസ്റ്റ് നവംബർ 19നു തന്നെ ബിജെപി അനുകൂല ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്ന ‘സനാതന ധർമ്മം’ എന്ന ഫേസ്ബുക് പേജിലും പങ്കുവച്ചിട്ടുണ്ട്.


കടുത്ത സദാചാര ആക്രമണം
സോണിയ ഗാന്ധിയുടെ ‘ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ്’ എന്ന ഓർമ്മക്കുറിപ്പിന്റെ പ്രകാശന വേദിയിൽ രാഹുൽ ഗാന്ധി മാതാപിതാക്കളുടെ ജീവിതത്തെക്കുറിച്ച് പങ്കുവെച്ച ഒരു സ്വകാര്യ ഓർമ്മയെ മുൻനിർത്തി സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ സദാചാര ആക്രമണങ്ങളാണ് നടക്കുന്നത്. മാതാപിതാക്കളുടെ അടുപ്പത്തെക്കുറിച്ചുള്ള ഒരു പരാമർശത്തെ അശ്ലീലമായി ചിത്രീകരിക്കുന്ന നിരവധി പോസ്റ്റുകളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. രാജീവ് ഗാന്ധിയുടെ മടിയിൽ സോണിയ ഇരിക്കുന്ന ചിത്രത്തിനെതിരെ വലിയ സൈബർ ആക്രമണമാണ് നടന്നത്. അതിനെ യൂറോപ്യൻ സംസ്കാരവുമായും വിദേശ പശ്ചാത്തലവുമായും കൂട്ടിയിണക്കി രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും രാഷ്ട്രീയ അയോഗ്യതയായി അവതരിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ഇത്തരം പോസ്റ്റുകളിൽ കാണാൻ സാധിക്കുന്നത്. ‘Bhaskaran Nair Ajayan’ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് തന്നെയാണ് ഈ പോസ്റ്റും വന്നിട്ടുള്ളത്.

ഇത്തരത്തിലുള്ള സദാചാരപരമായ പരാമർശങ്ങളുള്ള നിരവധി പോസ്റ്റുകൾ ഫേസ്ബുക്കിൽ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്.

വ്യാജ വാർത്താകളുടെ കുത്തൊഴുക്ക്
സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശനത്തിന് പിന്നാലെ ഉയർന്നുവന്ന വ്യക്തിപരവും രാഷ്ട്രീയവുമായ ആക്രമണങ്ങൾക്കൊപ്പം, യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യാജവാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ നടക്കുന്നതായി കാണാം. എ ഐ നിർമ്മിത ചിത്രങ്ങളും വീഡിയോകളും വലിയ തോതിൽ വ്യാപകമായി പ്രചരിച്ചു.
സോണിയ ഗാന്ധിയുടെ പുസ്തകം പ്രസിദ്ധീകരിച്ച് മൂന്നാം ദിവസം മുംബൈയിലെ ഫോർട്ട് ഏരിയയിലെ വഴിയോര സെക്കൻഡ് ഹാൻഡ് വിപണിയിൽ വിൽപ്പനയ്ക്കെത്തി എന്ന അവകാശവാദത്തോടെ ഒരു വീഡിയോ പ്രചരിച്ചിരുന്നു. മലയാളത്തിൽ ‘Kannanramachandran’ എന്ന ഫേസ്ബുക് പ്രൊഫൈലിൽ ഉൾപ്പെടെ പങ്കുവെക്കപ്പെട്ട ഈ കുറിപ്പിൽ, പുസ്തകം വാങ്ങാൻ ആളില്ലെന്നും പാർട്ടി സ്ഥാനങ്ങൾക്കായി വാങ്ങിയ പുസ്തകങ്ങൾ ഫോട്ടോ എടുത്ത ശേഷം പ്രവർത്തകർ മറിച്ചുവിറ്റതാണെന്നുമുള്ള പരിഹാസവും ആരോപണങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ട്.

എന്നാൽ ഈ വീഡിയോ എ ഐ നിർമ്മിതമാണെന്നും പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ഒ ബി സി ഫാക്റ്റ്ചെക്കിലൂടെ തെളിയിച്ചിരുന്നു.
മുൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനെ സോണിയ ഗാന്ധി അവഹേളിക്കുന്നു എന്ന തരത്തിൽ ഒരു വീഡിയോ മലയാളം സൈബറിടങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ ദൃശ്യങ്ങൾ മൻമോഹൻ സിംഗ് പ്രധാന മന്ത്രി ആയിരിക്കുമ്പോൾ ഉള്ളതല്ല, ഇത് 2019 ഒക്ടോബറില് ഡല്ഹിയിലെ ഹൈദ്രബാദ് ഹൗസില് വച്ച് കോണ്ഗ്രസ് നേതാക്കളുമായി മുൻ ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീന നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രമാണ്. ഈ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിവിധ ഫാക്റ്റ് ചെക്കിങ് ഏജൻസികൾ പിന്നീട് കണ്ടെത്തിയിരുന്നു.

ഇതുകൂടാതെ നിരവധി എ ഐ നിർമ്മിത ചിത്രങ്ങളും വ്യാജവാർത്തകളും രാജ്യാന്തര തലത്തിൽ സമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ കണ്ട ഇത്തരം പ്രവണതകൾ, രാഷ്ട്രീയ വിമർശനങ്ങൾ എങ്ങനെയാണ് വ്യാജപ്രചാരണങ്ങളിലേക്കും വ്യക്തിഹത്യയിലേക്കും വഴിമാറുന്നത് എന്നതിന്റെ നേർചിത്രമാണ്. ‘ചാരവനിതാ’ കഥകൾ മുതൽ എ.ഐ നിർമ്മിത വ്യാജ വീഡിയോകൾ വരെ നീളുന്ന ഈ പ്രചാരണങ്ങൾ, വസ്തുതകളുടെ പിൻബലമില്ലാതെ തന്നെ വലിയ തോതിൽ പങ്കുവെക്കപ്പെടുന്നു. സംഘപരിവാർ അനുഭാവികളാണ് ഈ വ്യാജപ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

അനന്തു ഗോപിദാസ്
അനന്തു ഗോപിദാസ് ഒബിസി യിലെ ജേർണലിസ്റ്റ് ആണ്.
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക