
ത്രിപുരയിൽ സൈനികരെ ആക്രമിച്ചതിനു പിന്നാലെയുള്ള നടപടികളെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോകളുടെ വാസ്തവം
നവംബർ രണ്ടിന് ത്രിപുരയിലെ സെപാഹിജാല ജില്ലയിൽ ഇന്ത്യ–ബംഗ്ലാദേശ് അതിർത്തിക്ക് സമീപം കള്ളക്കടത്ത് വിരുദ്ധ പരിശോധനയ്ക്കിടെ ബിഎസ്എഫ് ഉദ്യോഗസ്ഥർക്കുനേരെ നടന്ന ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് എട്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ നവംബർ 6 വരെ മാത്രം കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. എന്നാൽ സൈനികരെ ആക്രമിച്ചതിനു പകരമായി ബി എസ് എഫ് ഉം ത്രിപുര പോലീസും അക്രമികളെ തുരത്തുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വൈറൽ ദൃശ്യങ്ങളുടെ വസ്തുത എന്താണ്. OBC അന്വേഷിച്ചു.
“കഴിഞ്ഞ ദിവസം ത്രിപുരയിൽ ചില ജിഹാദികൾ ബി.എസ്.എഫ് ജവാന്മാരെ ആക്രമിച്ചു. 24 മണിക്കൂറിനുള്ളിൽ ത്രിപുര പൊലീസ് അവരുടെ ‘ചികിത്സ’ ആരംഭിച്ചു..” നവംബർ 4ന് ഇങ്ങനെ ഒരു തലക്കെട്ടോടെ X-ൽ പങ്കുവയ്ക്കപ്പെട്ട ഒരു പോസ്റ്റിന് നവംബർ 6 വരെ മാത്രം 427k വ്യൂസും ഇരുപതിനായിരത്തിൽ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. റോഡിലൂടെ ഓടുന്ന ഒരു യുവാവിനെ ഒന്നിലധികം പോലിസ് ഉദ്യോഗസ്ഥർ ചേർന്ന് പിന്തുടർന്ന് പിടികൂടുന്ന ദൃശ്യങ്ങളാണ് ഈ പോസ്റ്റിൽ ഉള്ളത്. രണ്ടുലക്ഷത്തിൽ അധികം ഫോളോവേഴ്സ് ഉള്ള, നിരന്തരം ബിജെപി അനുകൂല പോസ്റ്റുകൾ പങ്കുവയ്ക്കുന്ന Janardan Misra എന്ന X അക്കൗണ്ടാണ് ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നവംബർ 4ന് തന്നെ Aditya Kumar Trivedi എന്ന അക്കൗണ്ടും X-ൽ ഇതേ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. “ത്രിപുരയിൽ ബി.എസ്.എഫ് ജവാന്മാർക്ക് നേരെ ആക്രമണവും ആയുധം തട്ടിയെടുക്കാൻ ശ്രമവും; 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി പൊലീസ്.” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നവംബർ 6 വരെ മാത്രം ഈ പോസ്റ്റിന് 45k വ്യൂസ് ലഭിച്ചിട്ടുണ്ട്.
വർഗ്ഗീയ വിദ്വേഷം നിറഞ്ഞ കമന്റുകളാണ് ഈ പോസ്റ്റിന്റെ കമന്റ് ബോക്സിൽ അധികവും. കൂടാതെ ഈ ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന തരത്തിലുള്ള കമന്റുകളും കാണാം.
എന്താണ് വാസ്തവം
വൈറൽ വീഡിയോയിലെ കീ ഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, നവംബർ ഒന്നിന് ‘Bd live.com24’ എന്ന ഫേസ്ബുക്ക് പേജിൽ ഇതേ വീഡിയോ പങ്കുവെച്ചതായി ഞങ്ങൾ കണ്ടെത്തി.

ത്രിപുരയിൽ ബിഎസ്എഫ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിന് ഒരു ദിവസം മുൻപ് നവംബർ ഒന്നിനാണ് ഈ വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാല് ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഈ ഫേസ്ബുക്ക് അക്കൗണ്ടിൽ, വീഡിയോയുടെ ലൊക്കേഷനായി ബംഗ്ലാദേശിലെ ധാക്കയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

‘ഒരു വസ്ത്രനിർമാണ തൊഴിലാളിയെ പിടികൂടുന്നതിനായി ഓടുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥൻ വീണു’ എന്ന ബംഗ്ലാ അടിക്കുറിപ്പോടെയാണ് ഫേസ്ബുക്കിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ കീവേഡുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ നവംബർ ഒന്ന് മുതൽ മൂന്ന് വരെയുള്ള തീയതികളിൽ ബംഗ്ലാദേശിലെ വസ്ത്രനിർമാണ തൊഴിലാളികളുടെ പ്രതിഷേധത്തെക്കുറിച്ച് റോയിട്ടേഴ്സ്, ബിബിസി തുടങ്ങിയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ കണ്ടെത്തി. റിപ്പോർട്ടുകൾ പ്രകാരം, പ്രതിമാസ മിനിമം വേതനം 30,000 ടാക്കയായി ഉയർത്തണമെന്നാവശ്യപ്പെട്ട് നവംബർ ഒന്നിന് ബംഗ്ലാദേശിലെ വിവിധ വ്യവസായ മേഖലകളിൽ വസ്ത്രനിർമാണ തൊഴിലാളികൾ പ്രതിഷേധിക്കുകയും റോഡുകൾ ഉപരോധിക്കുകയും ചെയ്തിരുന്നു.
വീഡിയോ ബംഗ്ലാദേശിൽ നിന്നുള്ളതാണെന്ന് എങ്ങനെ സ്ഥിരീകരിച്ചു?
ഞങ്ങൾ ഇതിലെ കീ ഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ വീഡിയോയുടെ ബാക്ഗ്രൗണ്ടിലെ ഒരു സൈൻബോർഡുമായി സാമ്യതയുള്ള കുറച്ചുകൂടി വ്യക്തതയുള്ള ഒരു ചിത്രം ലഭിച്ചു.

അതിൽ നിന്നും ലഭിച്ച ഹൗസ് നമ്പർ: 45 റോഡ്: 8, ബ്ലോക്ക്: A സെക്ഷൻ: 11,നന്നു മാർക്കറ്റ്, പല്ലവി, മിർപൂർ ധാക്ക – 1216, ബംഗ്ലാദേശ് എന്ന അഡ്രെസ്സ് ഉപയോഗിച്ചു വൈറൽ ദൃശ്യങ്ങളിൽ കാണുന്ന പ്രദേശം ഞങ്ങൾക്ക് ജിയോ ലൊക്കേറ്റ് ചെയ്യാൻ സാധിച്ചു.


ഈ വൈറൽ ദൃശ്യങ്ങൾ ത്രിപുരയിലേതല്ല ബംഗ്ലാദേശിലെതാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു.
HIt Janta എന്ന X അക്കൗണ്ടിൽ, ത്രിപുരയിലെ പട്ടാള നടപടി എന്ന പേരിൽ മറ്റൊരു വീഡിയോ പങ്കുവച്ചിട്ടുണ്ട്. “ത്രിപുര 🚨ഇന്നലെ ചിലർ ഇവിടെ 3 ബി.എസ്.എഫ് സൈനികരെ ക്രൂരമായി ആക്രമിച്ചു. എന്നാൽ ഇന്ന് ബി.എസ്.എഫ് ജവാന്മാർ അവർക്ക് നിയമം എന്താണെന്ന് പഠിപ്പിച്ചു കൊടുത്തു.”ജയ് ഹിന്ദ്” 🙏” ഇങ്ങനെ ഒരു അടിക്കുറിപ്പോടെയാണ് നവംബർ 4ന് ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു തെരുവിൽ, സൈനിക യൂണിഫോമിലുള്ളവർ ആളുകളെ വിരട്ടിയോടിക്കുന്ന ദൃശ്യങ്ങളാണ് പോസ്റ്റിലുള്ളത്.

നവംബർ 6 വരെ മാത്രം 27.5k വ്യൂസും മൂവായിരത്തോളം ലൈക്കുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. നവംബർ 5ന് ഫേസ്ബുക്കിൽ മലയാളത്തിലും ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരന്തരം ബിജെപി അനുകൂല പോസ്റ്റുകൾ പങ്കുവയ്ക്കുന്ന Aneesh Kumar എന്ന വ്യക്തിഗത ഫേസ്ബുക്ക് അക്കൗണ്ട് ആണ് ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്.

നവംബർ 6 വരെ മാത്രം 19k വ്യൂസ് ആണ് ഈ പോസ്റ്റിനു ലഭിച്ചത്. ഈ പോസ്റ്റുകളുടെ കമന്റ് ബോക്സിൽ കൂടുതലും വർഗീയ വിധ്വേഷം നിറഞ്ഞ കമന്റുകളാണ്. സൈനികർ തുരത്തിയോടിക്കുന്നവർ ബംഗ്ലാദേശികൾ ആണെന്ന് കമന്റുകൾ ആരോപിക്കുന്നു.
സൈന്യം വിരട്ടിയോടിക്കുന്നവർ ബാംഗ്ലാദേശികളാണോ?
ഈ ദൃശ്യങ്ങളുടെ കീ ഫ്രെയിമുകൾ ഞങ്ങൾ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ ഈ ദൃശ്യങ്ങൾ മുൻപും പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി.

nelivetv എന്ന ഇൻസ്റ്റാഗ്രാം ന്യൂസ്പേജിലാണ് 2026 ഒക്ടോബർ 5ന് ഈ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.’ത്രിപുര ടി.ടി.എ.എ.ഡി.സി ( ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗൺസിൽ) വോട്ടെണ്ണൽ കേന്ദ്രത്തിൽ സുരക്ഷാ സേന ലാത്തിച്ചാർജ് നടത്തിയതിനെ തുടർന്ന് സംഘർഷാവസ്ഥ; ത്രിപുരയിലെ ഖോവായ് ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് സംഘർഷം റിപ്പോർട്ട് ചെയ്തു.’ ഇങ്ങനെ ഒരു അടിക്കുറിപ്പോടെയാണ് nelivetv യുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. കൂടാതെ ഒക്ടോബർ 5ന് തന്നെ ഇന്ത്യ ടുഡേ നോർത്ത് ഈസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഈ ദൃശ്യം അടങ്ങിയ വാർത്താ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിലും ദൃശ്യങ്ങൾ ഒക്ടോബർ 5ന് ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘർഷമാണെന്ന് ഉറപ്പിക്കുന്നു.

ചുരുക്കത്തിൽ
നവംബർ 2ന് ത്രിപുരയിലെ സെപാഹിജാല ജില്ലയിൽ ബിഎസ്എഫ് ഉദ്യോഗസ്ഥർക്കുനേരെ നടന്ന ആക്രമണത്തിന് പിന്നാലെ, “ആക്രമിച്ചവർക്കെതിരെ നടപടി തുടങ്ങി” എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന രണ്ട് വീഡിയോകളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് OBC അന്വേഷണത്തിൽ കണ്ടെത്തി.
ഒരു യുവാവിനെ പൊലീസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുന്ന ദൃശ്യങ്ങൾ ത്രിപുരയിലേതല്ല. ആക്രമണത്തിന് ഒരു ദിവസം മുൻപ്, നവംബർ 1ന്, ബംഗ്ലാദേശിലെ ധാക്കയിൽ നിന്നുള്ളതെന്ന അടിക്കുറിപ്പോടെ ‘Bd live.com24’ എന്ന ഫേസ്ബുക്ക് പേജിൽ ഇത് പ്രസിദ്ധീകരിച്ചിരുന്നു. പശ്ചാത്തലത്തിലെ സൈൻബോർഡിലെ വിലാസം ഉപയോഗിച്ച് ധാക്കയിലെ മിർപൂരിലാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് ഞങ്ങൾ ജിയോ ലൊക്കേറ്റ് ചെയ്തു.
സൈനിക യൂണിഫോമിലുള്ളവർ തെരുവിൽ ആളുകളെ വിരട്ടിയോടിക്കുന്ന രണ്ടാമത്തെ വീഡിയോ, ഒക്ടോബർ 5ന് ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗൺസിൽ (ടി.ടി.എ.എ.ഡി.സി) വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് സുരക്ഷാ സേന ലാത്തിച്ചാർജ് നടത്തിയതിനെ തുടർന്നുണ്ടായ സംഘർഷത്തിന്റേതാണ്. nelivetv എന്ന ഇൻസ്റ്റാഗ്രാം പേജും ഇന്ത്യ ടുഡേ നോർത്ത് ഈസ്റ്റും അന്നുതന്നെ ഈ ദൃശ്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതായത്, ബിഎസ്എഫ് ഉദ്യോഗസ്ഥർക്കെതിരായ ആക്രമണവുമായി ഈ രണ്ട് ദൃശ്യങ്ങൾക്കും ബന്ധമില്ല. ഒന്ന് ബംഗ്ലാദേശിൽ നിന്നുള്ളതും മറ്റൊന്ന് ഒക്ടോബർ 5ലെ ത്രിപുര തെരഞ്ഞെടുപ്പ് സംഘർഷത്തിന്റേതുമാണ്.

അനന്തു ഗോപിദാസ്
അനന്തു ഗോപിദാസ് ഒബിസി യിലെ ജേർണലിസ്റ്റ് ആണ്.
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക