കേന്ദ്രീകൃത പരീക്ഷകൾ ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുമ്പോൾ 

കേന്ദ്രീകൃത പരീക്ഷകൾ ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുമ്പോൾ 

ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ ഐതിഹാസിക സമരത്തെ എതിർക്കാനായി സംഘപരിവാർ അനുകൂലികൾ ഉന്നയിച്ച ഒരു പ്രധാന വാദം, സംസ്ഥാനങ്ങൾ നടത്തുന്ന പരീക്ഷകളിലും ചോദ്യപേപ്പർ ചോരുന്നുണ്ട് എന്നതായിരുന്നു. എന്നാൽ നീറ്റ് അടക്കം നാഷണൽ ടെസ്റ്റിംഗ് ഏജൻസി നേരിട്ട് നടത്തുന്ന പരീക്ഷകൾ എങ്ങനെ വ്യത്യസ്തമാകുന്നുവെന്നും ഈ പരീക്ഷകളിൽ ഉണ്ടാകുന്ന ക്രമക്കേടുകൾ സൃഷ്ടിക്കുന്ന പ്രത്യാഘാതം എന്ത് കൊണ്ട് കൂടുതൽ ഗുരുതരമാകുന്നുവെന്നും പരിശോധിക്കുന്ന റിപ്പോർട്ട്.

കർഷക സമരത്തിന് ശേഷം മോദി സർക്കാർ മുട്ടുകുത്തേണ്ടി വന്ന ഏക സമരമായി ഡൽഹിയിലെ ജെൻസി പ്രതിഷേധം മാറി. കഴിഞ്ഞ പന്ത്രണ്ട് കൊല്ലങ്ങൾക്കിടെ ആദ്യമായി,പ്രതിഷേധങ്ങളെ തുടർന്ന് ഒരു കേന്ദ്ര മന്ത്രിക്ക് രാജിവെക്കേണ്ടി വന്നു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചെങ്കിലും ഇതോട് കൂടി പരീക്ഷാ നടത്തിപ്പിലെ പ്രശ്നങ്ങളാകെ പരിഹരിക്കപ്പെടുമോ? സമരത്തിന്റെ തുടക്കം മുതൽക്കേ സിജെപി നേരിട്ടിരുന്ന പ്രധാന ചോദ്യം കൂടിയായിരുന്നു ഇത്. മെഡിക്കൽ പ്രവേശന പരീക്ഷയുടെ നടത്തിപ്പ് സംവിധാനങ്ങൾ യാതൊരു വിധ മാറ്റങ്ങളുമില്ലാതെ തുടരുമ്പോൾ, മന്ത്രിയുടെ രാജി ഗുണപരമായ എന്ത് വ്യത്യാസമുണ്ടാക്കുമെന്ന ചോദ്യം നിലനിൽക്കുന്നു.

ഈ വർഷം മെയ് മൂന്നിനാണ് ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി യുടെ ചോദ്യ പേപ്പറുകൾ ചോർന്നത്. മെയ് 12 ന് പരീക്ഷ നടത്തിപ്പ് ഏജൻസിയായ എൻടിഎ, നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതായി അറിയിച്ചു. തുടർന്ന് ജൂൺ 21 ന് പുനഃപരീക്ഷയും നടന്നു. ഇതിന് പിന്നാലെയാണ് 2027 മുതൽ നീറ്റ് – യുജി പരീക്ഷ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുമെന്ന് (Computer Based Test, CBT) കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. നീറ്റ് പരീക്ഷാ ഘടനയിലാണ് പ്രശ്നമെന്നും, പേപ്പറിൽ നിന്ന് കമ്പ്യൂട്ടറിലേക്ക് മാറുന്നതോടെ ഈ പ്രശ്നം അവസാനിക്കില്ലെന്നും അന്ന് തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു.

ചോദ്യപേപ്പർ ചോർച്ച : ഘടനാപരമായ പ്രശ്നങ്ങൾ 

ഒരൊറ്റ ചോദ്യ പേപ്പർ ചോർച്ച രാജ്യത്തെയാകെ ബാധിക്കുന്നുവെന്നതാണ് കൂടുതൽ ഗുരുതരമായ പ്രശ്നം. ഏതെങ്കിലും ഒരു സെന്ററിൽ നിന്നുണ്ടായ പിഴവിന്, പരീക്ഷയെഴുതുന്ന ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ശിക്ഷയനുഭവിക്കേണ്ടി വരുന്നു. ഈ വർഷം മേയിലെ ചോദ്യ പേപ്പർ ചോർച്ചയിൽ സിബിഐ അറസ്റ്റ് ചെയ്ത ഏഴ് പ്രതികളും മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നുള്ളവരാണ്. മഹാരാഷ്ട്രയിൽ നിന്നുണ്ടായ ആ പിഴവിന് വിവിധ സംസ്ഥാനങ്ങളിലായി പരീക്ഷയെഴുതിയ 22 ലക്ഷത്തോളം കുട്ടികളും വലിയ വില നൽകേണ്ടി വന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയ മെയ് 12 മുതൽ പുനഃപരീക്ഷ നടത്തിയ ജൂൺ 21 വരെയുള്ള അഞ്ച് ആഴ്ചകൾക്കിടെ ആത്മഹത്യ ചെയ്തത് 12 വിദ്യാർഥികളാണ്. 

രാജ്യത്ത് 2013 വരെ നിലവിലുണ്ടായിരുന്നത് വലിയൊരു പരിധി വരെ വികേന്ദ്രീകൃതമായ പ്രവേശന പരീക്ഷ സമ്പ്രദായമായിരുന്നു. സിബിഎസ്ഇ (CBSE) ആയിരുന്നു രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷ മുഴുവനായും നിയന്ത്രിച്ചിരുന്നത് (All India Pre-medical Test, AIPMT). സംസ്ഥാന സർക്കാരുകൾക്ക് കീഴിലുളള മെഡിക്കൽ കോളേജുകളിലെ 15 ശതമാനം സീറ്റുകളിൽ അഡ്മിഷൻ നൽകിയിരുന്നത് ഈ പരീക്ഷയിലെ മാർക്കിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ബാക്കി 85 ശതമാനം സീറ്റുകളിലേക്ക് അതാത് സംസ്ഥാനങ്ങൾക്ക് തന്നെ സ്വതന്ത്രമായി പരീക്ഷകൾ നടത്തി അഡ്മിഷൻ നൽകാം. ഇക്കാലത്ത്, ഓരോ സ്ഥാപനത്തിലെയും അഡ്മിഷനായി വിദ്യാർത്ഥികൾക്ക് പ്രത്യേകം പ്രവേശന പരീക്ഷകൾ എഴുതണമായിരുന്നു. 

ഇക്കാലയളവിലും ചോദ്യ പേപ്പർ ചോർച്ചകൾ ഉണ്ടായിട്ടുണ്ടെങ്കിലും, അതിന്റെ ആഘാതം ഇത്ര വലുതായിരുന്നില്ല. വികേന്ദ്രീകൃതമായത് കൊണ്ട് തന്നെ ബാധിക്കപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണം താരതമ്യേന കുറവായിരുന്നു.

 2013 ലാണ് രണ്ടാം യുപിഎ സർക്കാർ, എഐപിഎംടി പരീക്ഷകൾ നിർത്തലാക്കി പകരം നീറ്റ് പരീക്ഷാ സമ്പ്രദായം കൊണ്ട് വന്നത്. രാജ്യത്തെ മുഴുവൻ സ്വകാര്യ – സർക്കാർ മെഡിക്കൽ സ്ഥാപനങ്ങളിലേക്കുമായി ഒരൊറ്റ പ്രവേശന പരീക്ഷ എന്നതായിരുന്നു നീറ്റ് പരീക്ഷയുടെ ഉദ്ദേശ്യം. തുടക്കം മുതൽ തന്നെ വിവിധ സംസ്ഥാന സർക്കാരുകൾ നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളെ കുറിച്ച് നിരന്തരം വിമർശനങ്ങളുയർത്തിയിട്ടുണ്ട്.

എൻടിഎ: ഫെഡറൽ തത്വങ്ങളോടുള്ള വെല്ലുവിളി 

2017 ൽ ദേശീയ ടെസ്റ്റിംഗ് ഏജൻസി രൂപീകരിച്ചതോടെ പരീക്ഷാ നടത്തിപ്പിന്റെ ഉത്തരവാദിത്തം സിബിഎസ്ഇയിൽ നിന്നും NTA ഏറ്റെടുത്തു. ഭരണഘടനയനുസരിച്ച് വിദ്യാഭ്യാസം ഇപ്പോഴും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഒരുപോലെ അധികാരമുള്ള കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയമാണ്. എന്നിരുന്നാലും, കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രവേശന പരീക്ഷകൾ ഒരൊറ്റ ഏജൻസിയുടെ കീഴിൽ (National Testing Agency, NTA) അതിവേഗം കേന്ദ്രീകരിക്കപ്പെട്ടു. ഇത്തരത്തിൽ ഏകീകൃതമായ ഒരു ദേശീയ പരീക്ഷയ്ക്ക് ഇന്ത്യയിലെ വിദ്യാഭ്യാസപരമായ അസമത്വങ്ങളെ പരിഗണിക്കാൻ കഴിയില്ലെന്ന് തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ ആവർത്തിച്ച് വാദിച്ചിരുന്നു. എന്നാൽ, ഈ ആശങ്കകളൊന്നും ഗൗനിക്കാതെ, നീറ്റ് പരീക്ഷയുടെയാകെ ഉത്തരവാദിത്തം നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (NTA) നൽകുകയാണ് നരേന്ദ്ര മോദി സർക്കാർ ചെയ്തത്.

വർഷങ്ങളുടെ അധ്വാനം; ഒറ്റ ദിവസത്തെ ഭാഗ്യപരീക്ഷണം 

പരീക്ഷകളെക്കുറിച്ചുള്ള മോദി സർക്കാരിന്റെ ഇരട്ടത്താപ്പ് ഈ ചോദ്യപേപ്പർ ചോർച്ചകൾ തുറന്ന് കാട്ടുന്നുണ്ട്. മത്സര പരീക്ഷകളിൽ നിന്നുള്ള സമ്മർദ്ദം കുറയ്ക്കാൻ ‘പരീക്ഷാ പേ ചർച്ച’ പോലുള്ള പരിപാടികൾ കുട്ടികൾക്കായി ആവിഷ്ക്കരിച്ചത് ഒന്നാം മോദി സർക്കാരാണ്. പരീക്ഷകൾ ജീവിതത്തിന്റെ അന്തിമവിധിയല്ലെന്നും കടുത്ത സമ്മർദ്ദമില്ലാതെ വേണം പരീക്ഷകളെ സമീപിക്കാനെന്നും പ്രധാനമന്ത്രി ഈ പരിപാടികളിലൂടെ വിദ്യാർത്ഥികളോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയുടെ ‘എക്സാം വാരിയേഴ്സ്’ എന്ന പുസ്തകവും ഇതേ ലക്ഷ്യത്തോടെയുള്ളതാണ്. എന്നാൽ ഇന്നത്തെ വിദ്യാർത്ഥികൾ മുൻപെങ്ങുമില്ലാത്തവിധം അനിശ്ചിതത്വത്തെയും കടുത്ത മാനസിക സമ്മർദ്ദത്തെയുമാണ് അഭിമുഖീകരിക്കുന്നത് — നീറ്റ് പരീക്ഷ ഇതിന്റെ പ്രധാന പ്രതീകമായി മാറുകയും ചെയ്തു. 

പരീക്ഷകൾ കേന്ദ്രീകൃത വ്യവസ്ഥയിലായതോടെ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം വർഷങ്ങളായുള്ള പഠനവും പരിശീലനവുമൊക്കെ ഒരൊറ്റ ദിവസത്തെ ഭാഗ്യപരീക്ഷണം കൂടിയായി മാറുകയാണ്. എത്ര നന്നായി പഠിച്ചാലും പരീക്ഷാദിവസം ഏതെങ്കിലും തരത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ കുട്ടിയുടെ ആ വർഷത്തെ അഡ്മിഷനെ തന്നെ ബാധിക്കും. ഇതിന്റെ ഫലമായി, പരീക്ഷയിൽ പരാജയപ്പെടുന്നത് കുട്ടികൾക്ക് താങ്ങാനാവാത്ത മാനസിക സമ്മർദ്ദമുണ്ടാക്കുന്നു.

കേന്ദ്രീകൃത പ്രവേശന പരീക്ഷാസംവിധാനത്തിലുണ്ടാകുന്ന ചെറിയ ക്രമക്കേടുകൾ പോലും ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. മെഡിക്കൽ പ്രവേശന പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർച്ചകൾ മാത്രം പരിശോധിച്ചാൽ ഇത് വ്യക്തമാകും. ലഭ്യമായ വിവരങ്ങളനുസരിച്ച്, 2004 മുതൽ 2026 വരെ വിവിധ സംസ്ഥാനങ്ങളിലും ദേശീയ തലത്തിലുമായി 20 തവണയോളം മെഡിക്കൽ പ്രവേശന പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർന്നിട്ടുണ്ട്. ഇതിൽ 13 തവണയും ചോർന്നിരിക്കുന്നത് വിവിധ സംസ്ഥാനങ്ങളിലെ പരീക്ഷകളിലാണ്. എന്നാൽ സംസ്ഥാന തലങ്ങളിലെ ചോർച്ചകളിൽ ബാധിക്കപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണം താരതമ്യേന ചെറുതാണ്. 

നീറ്റ് പരീക്ഷയ്ക്ക് മുൻപ് സംസ്ഥാനങ്ങളിൽ നടന്നിരുന്ന മെഡിക്കൽ പ്രവേശന പരീക്ഷയുടെ കണക്കുകളിൽ ഇത് കുറച്ച് കൂടി വ്യക്തമാകും. 2011 ൽ ചത്തിസ്ഗഡിൽ മെഡിക്കൽ പ്രവേശന പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നിരുന്നു. ഈ പരീക്ഷ എഴുതിയത് ആകെ 20,000 വിദ്യാർഥികളായിരുന്നു. എന്നാൽ ഇതേ പരീക്ഷയുടെ പുതിയ വകഭേദമായ ‘നീറ്റ്’ ലെ ചോദ്യ പേപ്പർ ചോർച്ച ബാധിച്ചത് ദശലക്ഷക്കണക്കിന് വിദ്യാർഥികളെയാണ്.

കമ്പ്യൂട്ടർവത്ക്കരണം സൃഷ്ടിക്കുന്ന അസമത്വങ്ങൾ 

കമ്പ്യൂട്ടർവത്കരണത്തിലൂടെ (CBT) ഭൗതികമായ ചോർച്ചകൾ തടയാനാകും. എന്നാൽ സിബിടി സമ്പ്രദായത്തിലേക്ക് മാറുന്നതോടു കൂടി നീറ്റ് പരീക്ഷയിൽ പുതിയ തരത്തിലുള്ള അസമത്വങ്ങൾ ഉടലെടുക്കുമെന്ന് വിദ്യാർത്ഥി സംഘടനകൾ പറയുന്നു. വിദ്യാർഥികൾക്ക് സാങ്കേതികവിദ്യയുമായുള്ള പരിചയം, മെച്ചപ്പെട്ട ഇന്റർനെറ്റ് സൗകര്യം, കമ്പ്യൂട്ടർ സാക്ഷരത എന്നിവ പരീക്ഷയിലെ പ്രകടനത്തെ നേരിട്ട് സ്വാധീനിക്കും. ഡിജിറ്റൽ സംവിധാനങ്ങൾ അപ്രാപ്യമായ വിദ്യാർത്ഥികൾക്ക് പരീക്ഷ കൂടുതൽ ബുദ്ധിമുട്ടുള്ളതാകും.

കമ്പ്യൂട്ടർവത്കരിച്ച പരീക്ഷകളുടെ അനുഭവങ്ങളും മുൻപിലുണ്ട്. ഈ വർഷം മേയിൽ കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയിൽ (CUET-UG) സാങ്കേതിക തകരാറുകൾ നേരിട്ടിരുന്നു. കഠിനമായ ചൂടിൽ പരീക്ഷാ കേന്ദ്രങ്ങളുടെ മുന്നിൽ മണിക്കൂറുകളോളം വിദ്യാർത്ഥികൾക്ക് കാത്തുനിൽക്കേണ്ടി വന്നു. സിയുഇടി-യുജി പരീക്ഷാ ദിനത്തിലുണ്ടായ തകരാറുകൾ നീറ്റ് കമ്പ്യൂട്ടർവത്കരണത്തിന്റെ അപകടങ്ങളെ തുറന്നുകാട്ടുന്നുണ്ട്. നീറ്റ്-യുജി ചോദ്യ പേപ്പർ ചോർച്ച, സിബിഎസ്ഇ ഓൺ-സ്ക്രീൻ മൂല്യനിർണ്ണയ വിവാദം, എസ്എസ്‌സി (SSC) പരീക്ഷാ പരാജയങ്ങൾ എന്നിവയ്ക്ക് തൊട്ടുപിന്നാലെയാണ് സിയുഇടി പരീക്ഷയിലെ സാങ്കേതിക തകരാറും സംഭവിച്ചത്. ഇത് ഒരു ഏജൻസിയുടെ മാത്രം വീഴ്ചയല്ല, മറിച്ച് രാജ്യത്തെ കേന്ദ്രീകൃത പരീക്ഷാ സംവിധാനത്തിന്റെ ഘടനാപരമായ പോരായ്മയാണ് ചൂണ്ടി കാണിക്കുന്നത്.

വ്യാപ്തിയിലും നടത്തിപ്പിലും കാര്യമായ വ്യത്യാസമുണ്ടെങ്കിലും, സിയുഇടിയും നീറ്റും നടത്തുന്നത് ഒരേ സ്ഥാപനമാണ് – നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ 2017-ൽ രൂപീകൃതമായ സ്വയംഭരണ സ്ഥാപനമാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. നീറ്റ് (NEET) പരീക്ഷയ്ക്ക് പുറമെ, ജോയിന്റ് എൻട്രൻസ് എക്സാം (JEE), നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET), കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) തുടങ്ങി പതിനഞ്ചിലധികം പ്രധാന ദേശീയ പ്രവേശന-മത്സര പരീക്ഷകളുടെ നടത്തിപ്പ് ചുമതല എൻടിഎയ്ക്കാണ്.

നീറ്റിനെ ‘നീറ്റാ’ക്കാനുള്ള ശ്രമം 

2016, 2017, 2021, 2024 എന്നീ വർഷങ്ങളിലും നീറ്റ് പരീക്ഷാ ചോദ്യ പേപ്പറുകൾ ചോർന്നതായി ആരോപണമുയർന്നിട്ടുണ്ട്. തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങളെ തുടർന്ന്, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) പ്രവർത്തനം അവലോകനം ചെയ്യാനും ആവശ്യമായ പരിഷ്കാരങ്ങൾ നിർദ്ദേശിക്കാനുമായി മുൻ ഐഎസ്ആർഒ (ISRO) ചെയർമാൻ കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ കേന്ദ്ര സർക്കാർ ഏഴംഗ സമിതി രൂപീകരിച്ചിരുന്നു. പ്രമുഖ പരീക്ഷകൾ ഓൺലൈൻ അല്ലെങ്കിൽ ഹൈബ്രിഡ് രീതികളിലേക്ക് മാറ്റുക, ചോദ്യപേപ്പറുകൾ എൻക്രിപ്റ്റ് ചെയ്ത ഡിജിറ്റൽ സംവിധാനത്തിലൂടെ കൈമാറുക, ബയോമെട്രിക് പരിശോധനകൾ ശക്തിപ്പെടുത്തുക, സ്വകാര്യ പരീക്ഷാ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക, എൻടിഎയുടെ ഭരണരംഗത്തും ഉത്തരവാദിത്ത നിർവ്വഹണത്തിലും ഘടനാപരമായ മാറ്റങ്ങൾ വരുത്തുക എന്നിവയുൾപ്പെടെ 101 നിർദ്ദേശങ്ങളാണ് സമിതി സർക്കാരിന് സമർപ്പിച്ചത്.

എന്നാൽ, 2026 ൽ വീണ്ടും ചോദ്യപേപ്പർ ചോർന്നു. സമിതി സമർപ്പിച്ച നിർദ്ദേശങ്ങളിൽ വിരലിലെണ്ണാവുന്നവ മാത്രമാണ് പ്രായോഗികമായി നടപ്പിലാക്കിയിരുന്നത്. ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധനയും സംസ്ഥാന-ജില്ലാ ഭരണകൂടങ്ങളുമായുള്ള ഏകോപനവും മാത്രമാണ് ഇതിൽ പ്രധാനമായും നടപ്പിലായത്. ചോദ്യപേപ്പർ വിതരണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും പരീക്ഷാ നടത്തിപ്പിന്റെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിർദ്ദേശങ്ങൾ പലതും നടപ്പിലാക്കിയില്ല. 2024-ലെ കടുത്ത പ്രതിസന്ധിക്ക് ഇതൊരു കാരണമായിട്ടുണ്ട്.

നീറ്റ്: തമിഴ്നാടിന്റെ പോരാട്ടങ്ങൾ 

നീറ്റ് പരീക്ഷയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി, 2021 ൽ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഗോവയ്ക്കും പ്രതിപക്ഷ ഭരണമുള്ള മറ്റ് 11 സംസ്ഥാനങ്ങൾക്കും കത്തെഴുതിയിരുന്നു. ഫെഡറൽ തത്വങ്ങൾക്കെതിരായ നീറ്റ് പരീക്ഷ നിർത്തലാക്കാൻ സംസ്ഥാനങ്ങൾ ഒരുമിച്ച് നിൽക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. 2024 ൽ കർണാടക നിയമസഭയും നീറ്റ് പരീക്ഷ നിർത്തലാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയിരുന്നു.

നീറ്റ് പരീക്ഷ സംവിധാനത്തെ കുറിച്ച് പഠിക്കാനായി തമിഴ്നാട് സർക്കാർ 2021 ജൂണിൽ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് എ കെ രാജനായിരുന്നു കമ്മിറ്റിയുടെ അധ്യക്ഷൻ. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) മെഡിക്കൽ പ്രവേശന രംഗത്ത്, സാമൂഹിക നീതിയെ തകർക്കുകയും വലിയ രീതിയിലുള്ള സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ടെന്ന് ഈ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വലിയ തുക ചെലവഴിച്ച് സ്വകാര്യ കോച്ചിംഗിന് ചേരാൻ ശേഷിയുള്ള ധനികരും നഗരപ്രദേശങ്ങളിലുള്ളവരുമായ വിദ്യാർത്ഥികൾക്ക് മാത്രമാണ് കേന്ദ്രീകൃത പ്രവേശന പരീക്ഷ കൂടുതൽ പ്രയോജനം ചെയ്യുന്നതെന്ന് ജസ്റ്റിസ് രാജൻ അധ്യക്ഷനായ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഗ്രാമീണ മേഖലകളിൽ നിന്നുള്ളവരെയും സർക്കാർ സ്കൂളുകളിലും തമിഴ് മീഡിയത്തിലും പഠിച്ച വിദ്യാർത്ഥികളെയും ഈ സമ്പ്രദായം വ്യവസ്ഥാപിതമായി പാർശ്വവൽക്കരിച്ചിരിക്കുകയാണ്. ഇത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യ അവസരമെന്ന തത്വത്തിന്റെ ലംഘനമാണെന്നും മെഡിക്കൽ പ്രവേശനം സാധാരണക്കാരന് അപ്രാപ്യമാക്കുന്നുവെന്നും കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

സ്വകാര്യ കോച്ചിങ് വ്യവസായം വളർത്തുന്ന നീറ്റ് 

സ്കൂൾ അധിഷ്ഠിത വിദ്യാഭ്യാസത്തിന് പകരം പരീക്ഷ എഴുതി ജയിക്കാൻ മാത്രം പരിശീലനം നൽകുന്ന “കോച്ചിംഗ് സംസ്കാരം” രാജ്യത്ത് വ്യാപകമായി വളർന്നുവെന്നതാണ് റിപ്പോർട്ടിലെ മറ്റൊരു കണ്ടെത്തൽ. 2019-20 അധ്യയന വർഷത്തിൽ തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികളിൽ 99 ശതമാനം പേരും സ്വകാര്യ കോച്ചിംഗ് നേടിയവരാണെന്ന് റിപ്പോർട്ട് പറയുന്നു. ഇത് സമഗ്രമായ പഠനത്തിന് പകരം വിദ്യാർത്ഥികളെ വെറും “മാർക്ക് നേടുന്ന യന്ത്രങ്ങൾ” മാത്രമാക്കി മാറ്റുകയാണെന്നാണ് കമ്മിറ്റിയുടെ വിശകലനം. നീറ്റ് നടപ്പിലാക്കുന്നതിന് മുൻപ് വിജയശതമാനത്തിൽ രണ്ടാം തവണയോ അതിൽ കൂടുതലോ പരീക്ഷ എഴുതിയിട്ടുള്ളവരുടെ (Repeaters) അനുപാതം വെറും 8.12 ശതമാനമായിരുന്നു. 2020-21 ഓടെ ഇത് 71 ശതമാനത്തിലധികമായി ഉയർന്നു. 

മാത്രമല്ല,സിബിഎസ്ഇ (CBSE) സിലബസിൽ പഠിച്ച് സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ വെറും 0.11 ശതമാനത്തിൽ നിന്ന് 27 ശതമാനത്തിലേക്ക് ഉയർന്നു. മറുവശത്ത്, തമിഴ് മീഡിയം വിദ്യാർത്ഥികളുടെ അനുപാതം ശരാശരി 14.44 ശതമാനത്തിൽ നിന്ന് വെറും 1.7 ശതമാനത്തിലേക്ക് കുത്തനെ ഇടിയുകയും ചെയ്തു. സിബിഎസ്ഇ സിലബസ് അധികവും പഠിപ്പിക്കുന്നത് സ്വകാര്യ സ്കൂളുകളാണ്. ഇത്തരം സ്‌കൂളുകളിൽ കുട്ടികളെ പഠിപ്പിക്കാൻ ശേഷിയുള്ളവർക്കാണ് നീറ്റ് പരീക്ഷ കൂടുതൽ ഗുണം ചെയ്യുന്നത്.

പൊതുജനാരോഗ്യ മേഖലക്ക് ഭീഷണി

മെഡിക്കൽ പ്രവേശന രംഗത്തുണ്ടാകുന്ന ഈ മാറ്റങ്ങൾ തമിഴ്‌നാടിന്റെ പൊതുജനാരോഗ്യ മേഖലയ്ക്ക് ഭാവിയിൽ വലിയ ഭീഷണിയാകുമെന്ന് സമിതി മുന്നറിയിപ്പ് നൽകുന്നുണ്ട്. കാരണം, നഗരപ്രദേശങ്ങളിൽ നിന്നും ഉയർന്ന സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നും വരുന്ന മെഡിക്കൽ ബിരുദധാരികൾ ഗ്രാമീണ മേഖലകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ സേവനം അനുഷ്ഠിക്കാനുള്ള സാധ്യത വളരെ കുറവാണ്. സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് നിർബന്ധിത നീറ്റ് പരീക്ഷയെന്ന് റിപ്പോർട്ട് പറയുന്നു. പ്രവേശന പരീക്ഷകളുടെ “നിലവാരം നിർണ്ണയിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും” മാത്രമാണ് കേന്ദ്രസർക്കാരിന് പങ്കുള്ളതെന്നും, സംസ്ഥാനങ്ങൾക്ക് കീഴിലുള്ള സ്ഥാപനങ്ങളിലെ പ്രവേശനം നിയന്ത്രിക്കാൻ കേന്ദ്രത്തിന് അധികാരമില്ലെന്നും സമിതി ചൂണ്ടിക്കാണിക്കുന്നു. അതിനാൽ നീറ്റ് പരീക്ഷ, രാജ്യത്തിൻറെ അടിസ്ഥാന ഫെഡറൽ ഘടനയ്ക്ക് ഭീഷണിയാണെന്നും, ഇത് ഗ്രാമീണ മേഖലകളെ വീണ്ടും പഴയ കാലത്തെ “വ്യാജ ഡോക്ടർമാരുടെ” (bare-foot doctors) യുഗത്തിലേക്ക് തള്ളിവിടുന്ന പിന്തിരിപ്പൻ നടപടിയാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

ഈ അസമത്വങ്ങൾ പരിഹരിക്കുന്നതിനായി, മെഡിക്കൽ പ്രവേശന മാനദണ്ഡത്തിൽ നിന്നും നീറ്റ് ഒഴിവാക്കാനും ഹയർ സെക്കണ്ടറി മാർക്കിന്റെ മാത്രം അടിസ്ഥാനത്തിൽ പ്രവേശനം നടത്താനും അടിയന്തര നിയമനിർമ്മാണം നടത്തണമെന്ന് ജസ്റ്റിസ് എ കെ രാജൻ കമ്മിറ്റി തമിഴ്നാട് സർക്കാരിനോട് ശുപാർശ ചെയ്തു. കൂടാതെ, സംസ്ഥാനത്തുള്ള കൽപ്പിത (Deemed) സർവ്വകലാശാലകളുടെ പ്രവേശന നടപടികൾ സർക്കാരിന്റെ പരിധിയിൽ കൊണ്ടുവരാൻ പുതിയ നിയമം കൊണ്ടുവരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

എൻടിഎ അധ്യക്ഷന്റെ ബിജെപി ബന്ധം 

ഉത്തരാഖണ്ഡിൽ നിന്നുള്ള പ്രൊഫസർ പ്രദീപ് കുമാർ ജോഷിയാണ് എൻടിഎയുടെ ചെയർപേഴ്സൺ. മുതിർന്ന ബിജെപി നേതാക്കളായ മുരളി മനോഹർ ജോഷി, അടൽ ബിഹാരി വാജ്പേയി എന്നിവരുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രദീപ് കുമാർ ജോഷിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2006 മുതൽ 2011 വരെ മധ്യപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനായിരുന്ന ഇദ്ദേഹം പിന്നീട് ഛത്തീസ്ഗഡ് പിഎസ്‌സിയുടെ തലവനായും പ്രവർത്തിച്ചിട്ടുണ്ട്. 

ആർഎസ്എസിന്റെ (RSS) ശുപാർശയെത്തുടർന്നാണ് 2006-ൽ ജോഷി മധ്യപ്രദേശ് പിഎസ്‌സി ചെയർമാനായി നിയമിതനായതെന്ന് വിവരാവകാശ പ്രവർത്തകനായ അജയ് ദുബെ ആരോപിച്ചിട്ടുണ്ട്. വിവരാവകാശ നിയമം വഴി ലഭിച്ച രേഖകൾ പരിശോധിച്ചാണ് അജയ് ദുബെ ഇക്കാര്യം പറഞ്ഞത്. കൂടാതെ, 2009-ൽ പ്രദീപ് കുമാർ ജോഷി മധ്യപ്രദേശ് പിഎസ്‌സി അധ്യക്ഷനായിരിക്കെ സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിലെ നിയമനത്തിൽ വലിയ ക്രമക്കേടുകൾ ആരോപിക്കപ്പെടുകയും, വിഷയം മധ്യപ്രദേശ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരികയും ചെയ്തിരുന്നു.

നീറ്റ് അടക്കമുള്ള കേന്ദ്രീകൃത പരീക്ഷകളിൽ ഘടനാപരമായ അഴിച്ചു പണി ആവശ്യമാണ്. നീറ്റ് പോലുള്ള പരീക്ഷകൾ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്നുവെന്നത് ഭരണഘടനാപരമായ പ്രശ്നമാണ്. കുറേക്കൂടി ആഴത്തിലുള്ള പരിഹാരമാണ് ഇതാവശ്യപ്പെടുന്നത്. ഒരു മന്ത്രിയുടെ രാജി കൊണ്ട് മാത്രം പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല. ആത്മഹത്യകൾ തടയാനുമാവില്ല.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top