തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: ബിജെപിയുടെ ഐ ടി സെൽ പ്രവർത്തിച്ചതെങ്ങനെ? 

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: ബിജെപിയുടെ ഐ ടി സെൽ പ്രവർത്തിച്ചതെങ്ങനെ? 

ഡൽഹി, മഹാരാഷ്ട്ര, കർണാടകം, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന ബിജെപിയുടെ ഐ ടി സെല്ലുകൾ എസ് ഐ ആർ വിരുദ്ധ പ്രക്ഷോഭത്തെ എങ്ങനെയാണ് നേരിടുന്നത് എന്ന അന്വേഷണമാണ് ഈ റിപ്പോർട്ട്. ഇതിനായി ആറ് എക്സ് അക്കൗണ്ടുകളാണ് ഞങ്ങൾ പരിശോധിച്ചത്. പ്രാദേശിക രാഷ്ട്രീയത്തിനനുസരിച്ചുള്ള വ്യത്യാസം ഉള്ളടക്കത്തിലുണ്ടെങ്കിലും, സി ജെ പി പ്രതിപക്ഷത്തിന്റെ ആയുധമാണെന്ന് വരുത്തി തീർക്കാനുള്ള ക്യാമ്പയിനുകളാണ് പ്രധാനമായും ഈ അക്കൗണ്ടുകൾ നിർവഹിക്കുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള സമരം അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്നുമുള്ള പൊതുവായ ആഖ്യാനം ഈ അക്കൗണ്ടുകൾ പങ്ക് വെക്കുന്നു. ജെൻസിയെ ലക്ഷ്യമിട്ട് കൊണ്ട് ഈയിടെ ആരംഭിച്ച എക്സ് അക്കൗണ്ടിൽ ഉള്ളടക്കം സമാനമാണെങ്കിലും മീമുകളും ട്രോളുകളും അടങ്ങുന്ന ‘ജെൻസി ഭാഷ’യാണ് ഉപയോഗിച്ചിരിക്കുന്നത്.

എസ് ഐ ആർ റദ്ദാക്കണമെന്നും ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയൊട്ടാകെ യുവജന പ്രക്ഷോഭം ശക്തമായത് മുതൽക്ക് തന്നെ, ബിജെപിയുടെ ഐ ടി സെൽ ബദൽ ആഖ്യാനങ്ങൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നു. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ കോക്രോച്ച് ജനതാ പാർട്ടിയെ (സിജെപി) പ്രതിപക്ഷവുമായി ബന്ധിപ്പിച്ചും വ്യക്തിഹത്യ നടത്തിയും പ്രതിഷേധങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്തും എസ് ഐ ആർ നടപടിയെ ന്യായീകരിച്ചുമുള്ള സന്ദേശങ്ങൾ ബിജെപിയുമായി ബന്ധപ്പെട്ട വിവിധ എക്സ് അക്കൗണ്ടുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. മീമുകൾ, ഹാഷ്‌ടാഗുകൾ, വൈറൽ വീഡിയോകൾ എന്നിവയിലൂടെയാണ് പ്രധാനമായും പ്രചാരണങ്ങൾ നടന്നത്.

2026 ഓഗസ്റ്റ് 17 മുതൽ ഒക്ടോബർ 28 വരെയുള്ള കാലയളവിൽ ബിജെപിയുമായി ബന്ധപ്പെട്ട, പ്രധാനപ്പെട്ട ആറ് എക്സ് അക്കൗണ്ടുകൾ പങ്കുവെച്ച ഉള്ളടക്കങ്ങളാണ് ഒബിസിയുടെ ഈ റിപ്പോര്‍ട്ട്‌ പരിശോധിക്കുന്നത്. ബി.ജെ.പി ഐടി സെല്ലിന്റെ തലപ്പത്ത് സമീപ കാലത്ത് അഴിച്ചുപണി നടന്നിരുന്നു. നേതൃത്വത്തിലുണ്ടായ മാറ്റത്തിന് പിന്നാലെ, ഈ അക്കൗണ്ടുകളിലൂടെ പ്രചരിച്ച സന്ദേശങ്ങൾ എങ്ങനെയാണ് രൂപപ്പെട്ടതെന്നും വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ഘടകങ്ങൾ അവയെ എങ്ങനെയാണ് അവതരിപ്പിച്ചതെന്നും ഒബിസി പരിശോധിക്കുന്നു. ഒരേ രാഷ്ട്രീയ വിഷയങ്ങളിൽ ഈ അക്കൗണ്ടുകൾ സമാനമായ ഉള്ളടക്കമാണ് പങ്ക് വെച്ചിരുന്നത്. അതേ സമയം, പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് അവയുടെ ആഖ്യാനങ്ങളിൽ വന്ന വ്യത്യാസങ്ങളും ഞങ്ങൾ വിശകലനം ചെയ്യുന്നു.

ഒരേ ഹാഷ് ടാഗുകൾ, ആരോപണങ്ങൾ

BJP4Delhi, BJP4Maharashtra, BJP4Karnataka, BJP4Keralam, BJP4TamilNadu, BJPforGenZ എന്നീ ആറ് എക്സ് അക്കൗണ്ടുകളാണ് ഒബിസി പരിശോധിച്ചത്. 2026 ഓഗസ്റ്റ് 17 മുതൽ ഒക്ടോബർ 28 വരെയുള്ള കാലയളവിൽ ഈ അക്കൗണ്ടുകൾ പങ്കുവച്ച പോസ്റ്റുകൾ, ആവർത്തിച്ച് പ്രത്യക്ഷപ്പെട്ട ആഖ്യാനങ്ങൾ, ഉപയോഗിച്ച ഹാഷ്‌ടാഗുകൾ, തെറ്റായ അവകാശവാദങ്ങൾ എന്നിവ ഞങ്ങൾ സമഗ്രമായി പരിശോധിച്ചു.

ഒക്ടോബർ 23ന് ബിജെപി പ്രഖ്യാപിച്ച ‘ജനാധിപത്യത്തെ രക്ഷിക്കുക, അരാജകത്വം ഇല്ലാതാക്കുക’ (Save Democracy, Remove Anarchy) എന്ന ദേശീയ ക്യാമ്പയിൻ ബിജെപിയുടെ ഐ ടി സെൽ ഏറ്റെടുത്ത് പ്രചരിപ്പിച്ചിരുന്നു. ഈ അക്കൗണ്ടുകളിലൂടെ ഈ പ്രചാരണം എത്രത്തോളം നടന്നുവെന്ന് ഞങ്ങൾ പരിശോധിച്ചു. എസ്.ഐ.ആറിനെതിരായ പ്രതിപക്ഷ വിമർശനങ്ങളെയും പ്രതിഷേധങ്ങളെയും പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിൻ പ്രഖ്യാപിച്ചത്. എസ്.ഐ. ആർ നടപടിയെ ന്യായീകരിക്കുന്നതിനൊപ്പം, അതിനോടുള്ള എതിർപ്പിനെ ‘അരാജകത്വം’ എന്ന് മുദ്ര കുത്താനുമാണ് ക്യാമ്പയിനിലൂടെ ബിജെപിയുടെ ഐ ടി സെൽ പ്രധാനമായും ശ്രമിച്ചത്.

സി.ജെ.പിയെ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഉപകരണമായി ചിത്രീകരിക്കുന്ന ഡൽഹി, മഹാരാഷ്ട്ര, കർണാടക ഐ ടി സെൽ   

BJP4Delhi, BJP4Maharashtra, BJP4Karnataka എന്നീ മൂന്ന് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സി.ജെ.പി പ്രക്ഷോഭത്തെ കുറിച്ചും  എസ്‌.ഐ.ആർ വിരുദ്ധ രാഷ്ട്രീയ  പ്രചാരണങ്ങളെ കുറിച്ചും ചില സ്ഥിരം ആഖ്യാനങ്ങൾ ആവർത്തിച്ചു കാണാൻ സാധിച്ചു. 

ഭാഷയിലും അവതരണരീതിയിലും വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും, സിജെപി പ്രതിപക്ഷത്തിന്റെ ആയുധമാണെന്ന പൊതു ആഖ്യാനം എല്ലാ അക്കൗണ്ടുകളിലും കാണാൻ കഴിഞ്ഞു. പ്രതിഷേധങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യുക, വോട്ടർപട്ടികയിലെ വ്യാജവും അനധികൃതവുമായ എൻട്രികൾ നീക്കം ചെയ്യാൻ എസ്‌.ഐ.ആർ അനിവാര്യമാണെന്ന് വാദിക്കുക എന്നിവയായിരുന്നു ഈ പോസ്റ്റുകളിലെ മറ്റു പൊതുപ്രമേയങ്ങൾ.

സി.ജെ.പി ഒരു സ്വതന്ത്ര പ്രസ്ഥാനമെന്നതിലുപരി പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനയാണെന്ന ആഖ്യാനമാണ് മൂന്ന് അക്കൗണ്ടുകളിലും ആവർത്തിച്ചത്. എന്നാൽ ഈ വാദം അവതരിപ്പിക്കാൻ ഓരോ സംസ്ഥാന ഘടകവും വ്യത്യസ്തമായ രീതികളാണ് സ്വീകരിച്ചത്.

സി.ജെ.പിയെ കെജ്‌രിവാളുമായി ബന്ധിപ്പിക്കുന്ന ഡല്‍ഹി അക്കൗണ്ടുകള്‍  

ആം ആദ്മി പാർട്ടി (AAP) നേതാവ് അരവിന്ദ് കെജ്‌രിവാളുമായി സിജെപിയെ ബന്ധിപ്പിക്കുന്ന തരത്തിലായിരുന്നു BJP4Delhi യുടെ പോസ്റ്റുകൾ. ‘കെജ്‌രിവാൾ ഗ്യാങ്’, ‘ബി ടീം’, ‘ഗുണ്ടകൾ’ തുടങ്ങിയ വിശേഷണങ്ങളാണ്  സിജെപിയെ പരാമർശിക്കാൻ ഉപയോഗിച്ചത്. ഒക്ടോബർ 17 ന് ലണ്ടനിൽ ധ്രുവ് റാത്തി പങ്കെടുത്ത  പ്രതിഷേധത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്‌രിവാളും ചേർന്ന് പാകിസ്താൻ പൗരന്മാരെ അണിനിരത്തിയെന്ന് ഈ  അക്കൗണ്ട് ആരോപിച്ചു. ലണ്ടൻ പ്രതിഷേധത്തിന്റെ തൊട്ടടുത്ത ദിവസം, അതായത് ഒക്ടോബർ 18 നാണ് ഇത്തരമൊരു പോസ്റ്റ് ഈ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്.

ഒക്ടോബർ 18ലെ X സ്ക്രീൻഷോട്ട് 

ഈ അവകാശ വാദം വസ്തുതാ വിരുദ്ധമാണെന്ന് ഞങ്ങൾ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഒക്ടോബർ 20 ന് പ്രസിദ്ധീകരിച്ച ഒബിസിയുടെ ഫാക്ട് ചെക്ക് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പോസ്റ്റിൽ ഉപയോഗിച്ച ചിത്രങ്ങൾ പൂർണമായും എഐ നിർമിതമായിരുന്നു. ഇതിനുപുറമെ, ലണ്ടനിൽ താമസിക്കുന്ന ഇന്ത്യൻ പൗരനായ സദ്ദാംഹുസൈൻ മകറാണിയുടെ ഇൻസ്റ്റഗ്രാം ചിത്രത്തിൽ ഡിജിറ്റൽ മാറ്റങ്ങൾ വരുത്തി അദ്ദേഹത്തെ പാകിസ്താൻ പൗരനായി ചിത്രീകരിക്കുകയും ചെയ്തിരുന്നു.

ഡൽഹിയിൽ സിജെപിയെ ആം ആദ്മിയുമായി ബന്ധിപ്പിക്കാനാണ് ബിജെപി ഐ ടി സെൽ ശ്രമിച്ചതെങ്കിൽ മഹാരാഷ്ട്രയിൽ മറ്റൊരു തന്ത്രമാണ് പ്രയോഗിക്കുന്നത്. സി ജെ പി, കോൺഗ്രസ്സ് തന്നെയാണ് എന്നാണ് അവകാശവാദം. ‘കോൺഗ്രസ് ജിതാവോ പ്രോഗ്രാം’ എന്നാണ് @BJP4Maharashtra എന്ന അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുന്നത്. സെപ്റ്റംബർ ഒന്നിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ഒരു പ്രസ്താവന അക്കൗണ്ട് പങ്കുവെച്ചു. സി ജെ പി എന്നതിന്റെ പൂർണരൂപം ‘കോൺഗ്രസ് ജിതാവോ പ്രോഗ്രാം’ (Congress Jitao Program) എന്നാണെന്നായിരുന്നു ഫഡ്നവിസിന്റെ പരിഹാസം. തുടർന്നുള്ള പോസ്റ്റുകളിലും ഈ വിശേഷണം ഈ അക്കൗണ്ട് ആവർത്തിച്ചു. ഒക്ടോബർ 16ന് പങ്കുവെച്ച ഒരു പോസ്റ്റിലും സി ജെ പി ഫലത്തിൽ കോൺഗ്രസ് പാർട്ടിയാണെന്ന വാദം ഉന്നയിച്ചു.

‘വോട്ട് ചോരി’ ആരോപണങ്ങളെ പ്രതിരോധിക്കാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണക്കുകൾ ഉൾപ്പെടുത്തിയ പോസ്റ്റുകളും മഹാരാഷ്ട്ര ഘടകം പങ്കുവെച്ചിട്ടുണ്ട്. ഒക്ടോബർ 10നായിരുന്നു ഇത്തരമൊരു പോസ്റ്റ് BJP4Maharashtra പ്രസിദ്ധീകരിച്ചത്.

ഒക്ടോബർ 10ലെ X സ്ക്രീൻഷോട്ട്
സെപ്റ്റംബർ 1ലെ X സ്ക്രീൻഷോട്ട് 

കർണാടക :  ‘കോൺഗ്രസ് സ്പോൺസർ ചെയ്യുന്ന ജോക്കർ പാർട്ടി’

സി ജെ പിയെ ‘കോൺഗ്രസ് സ്പോൺസർ ചെയ്യുന്ന ജോക്കർ പാർട്ടി’ (Congress-sponsored Joker Party), ‘ടൂൾകിറ്റ് ഗ്യാങ്’ (Toolkit Gang) എന്നിങ്ങനെയാണ് കർണാടക ഐ ടി സെൽ (@BJP4Karnataka) വിശേഷിപ്പിച്ചത്. ഒക്ടോബർ 16ന് കന്നഡയിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ ഈ വിശേഷണങ്ങൾക്കൊപ്പം #CJPExposed, #ToolkitGang എന്നീ ഹാഷ്‌ടാഗുകളും ഉപയോഗിച്ചു. കൂടാതെ രണ്ടു ദിവസത്തിനുശേഷം, സിജെപിക്കും രാജ്യവിരുദ്ധ ശക്തികൾക്കും കോൺഗ്രസ് സാമ്പത്തിക സഹായം നൽകുന്നുവെന്നും അക്കൗണ്ട് ആരോപിച്ചു.

പുതിയ ജെൻസി വോട്ടർമാരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയതടക്കമുള്ള കാര്യങ്ങൾ ഉയർത്തിക്കാട്ടി SIRനെ ന്യായീകരിക്കുന്ന പോസ്റ്റുകളും  @BJP4Karnataka പങ്കുവെച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ നടന്ന വോട്ടർ പട്ടിക പരിഷ്കരണങ്ങൾ ചൂണ്ടിക്കാട്ടി എസ് ഐ ആർ പ്രക്രിയയെ ന്യായീകരിക്കാനും ഈ അക്കൗണ്ട് ശ്രമിക്കുന്നു. മുൻപ് നടന്ന പന്ത്രണ്ട് എസ് ഐ ആർ നടപടികളിൽ പത്തെണ്ണവും കോൺഗ്രസ് സർക്കാരുകളുടെ കാലത്താണ് നടന്നതെന്ന് ഒക്ടോബർ 26ന് പങ്കുവെച്ച പോസ്റ്റിൽ അവകാശപ്പെട്ടു.

ഒക്ടോബർ 26ലെ X സ്ക്രീൻഷോട്ട്

‘വോട്ട് ചോരി’ ആരോപണങ്ങൾ തള്ളിയും, എസ് ഐ ആറിനെ ന്യായീകരിച്ചും ബിജെപി അക്കൗണ്ടുകൾ

എസ് ഐ ആർ വഴി 13 കോടി വോട്ടർമാരെ പട്ടികയിൽനിന്ന് നീക്കം ചെയ്തെന്ന വാദം തള്ളിക്കൊണ്ടുള്ള പ്രചാരണമായിരുന്നു മൂന്ന് അക്കൗണ്ടുകളിലും ആവർത്തിച്ച മറ്റൊരു പ്രധാന ആഖ്യാനം. മരിച്ചവർ, ഇരട്ട വോട്ടുള്ളവർ, വ്യാജ വോട്ടർമാർ, വോട്ടർപട്ടികയിൽ തുടരാൻ അർഹതയില്ലാത്തവർ എന്നിവരുടെ പേരുകൾ നീക്കം ചെയ്യുകയാണ്, തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ലക്ഷ്യമെന്ന വാദം മുന്നോട്ട് വെച്ചാണ് ബിജെപിയുടെ അക്കൗണ്ടുകൾ എസ് ഐ ആർ വിരുദ്ധ പ്രക്ഷോഭങ്ങളെ റദ്ദാക്കാൻ ശ്രമിക്കുന്നത്.

13 കോടി വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കുമെന്ന ആരോപണം ഒക്ടോബർ 19ന് @BJP4Delhi പങ്ക് വെച്ച പോസ്റ്റിൽ തള്ളിക്കളയുന്നു. വ്യാജവും ഇരട്ടിപ്പുള്ളതുമായ എൻട്രികൾ നീക്കം ചെയ്യുന്നതിനാണ് എസ് ഐ ആർ ലക്ഷ്യമിടുന്നതെന്നും പോസ്റ്റിൽ അവകാശപ്പെടുന്നു.

ഒക്ടോബർ 19ലെ X സ്ക്രീൻഷോട്ട്

പ്രതിഷേധങ്ങളെ ‘അരാജകത്വ’മായി ചിത്രീകരിക്കുന്ന പോസ്റ്റുകൾ

എസ് ഐ ആർ റദ്ദാക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളെ, രാഷ്ട്രീയലക്ഷ്യത്തോടെ പൊതുജീവിതത്തിൽ അസ്വസ്ഥത സൃഷ്ടിക്കാനുള്ള ശ്രമങ്ങളായാണ് ഈ മൂന്ന് അക്കൗണ്ടുകളും അവതരിപ്പിച്ചത്. പ്രതിഷേധങ്ങൾ സാധാരണ ജനജീവിതത്തെ ബാധിക്കുന്നുവെന്ന തരം പോസ്റ്റുകൾ ഈ അക്കൗണ്ടുകളിൽ കാണാം. സമരം, വ്യാപാരികൾക്കും വ്യാപാരസ്ഥാപനങ്ങൾക്കുമുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾക്ക് പോസ്റ്റുകളിൽ പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.

സിജെപി സംഘടിപ്പിക്കുന്ന പ്രകടനങ്ങൾ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് അവകാശപ്പെടുന്ന പോസ്റ്റ് ഒക്ടോബർ 18ന് @BJP4Delhi പങ്ക് വെച്ചു. പ്രതിഷേധം ഉപജീവനത്തെ ബാധിക്കുന്നുവെന്ന് പരാതിപ്പെടുന്ന വ്യാപാരികളുടെ വീഡിയോകൾ ഉൾപ്പെടെയുള്ള സമാന ഉള്ളടക്കങ്ങൾ @BJP4Karnatakaയും പങ്കുവെച്ചു. പ്രതിഷേധങ്ങളുടെ പൊതുസ്വീകാര്യതയും വിശ്വാസ്യതയും ചോദ്യം ചെയ്യുന്ന രീതിയിലാണ് രണ്ട് അക്കൗണ്ടുകളും ഇത്തരം പോസ്റ്റുകൾ അവതരിപ്പിച്ചത്.

ഒക്ടോബർ 18ന്  BJP Delhi Xൽ പങ്കുവച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

ഒക്ടോബർ 18ന് BJP Karnataka Xൽ പങ്കുവച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

കൂടാതെ ഒക്ടോബർ 16ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന ഉൾപ്പെടുത്തിയ പോസ്റ്റ് BJP4Maharashtra പങ്കുവെച്ചു. യഥാർത്ഥത്തിൽ,തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനും  ഗ്യാനേഷ് കുമാറിനും എതിരായുള്ള പ്രതിഷേധമല്ല നടക്കുന്നതെന്നും രാഷ്ട്രീയാധികാരം നേടുന്നതിനായി അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നുമുള്ള വാദമാണ് പോസ്റ്റിലൂടെ മുന്നോട്ടുവെച്ചത്.

ഒക്ടോബർ 16ലെ X സ്ക്രീൻഷോട്ട്

ഗ്യാനേഷ് കുമാറിനെ ന്യായീകരിച്ച് ഡൽഹി ഐ ടി സെൽ 

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിനെതിരായുള്ള പോസ്റ്റുകൾ  @BJP4Delhi പ്രസിദ്ധീകരിച്ചു. ഒക്ടോബർ 21ന് പങ്കുവെച്ച പോസ്റ്റിൽ, ഗ്യാനേഷ് കുമാർ രാഷ്ട്രീയക്കാരനല്ലെന്നും ഐഎഎസ് ഉദ്യോഗസ്ഥനാണെന്നും അക്കൗണ്ട് പ്രത്യേകം പരാമർശിക്കുന്നു. കൂടാതെ ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച നടപടിയിൽ പ്രതിപക്ഷ നേതാവും പങ്കാളിയായിരുന്നുവെന്നും പോസ്റ്റിൽ പറയുന്നു.

ഒക്ടോബർ 21ലെ X സ്ക്രീൻഷോട്ട്

പ്രതിപക്ഷത്തിന്റേത് ഇരട്ടത്താപ്പെന്ന് ആരോപണം

പ്രതിപക്ഷ പാർട്ടികൾക്ക് ചില വിഷയങ്ങളിൽ മാത്രമേ (selective outrage) പ്രതിഷേധമുള്ളൂവെന്ന ആരോപണമാണ് ബിജെപിയുടെ ഐ ടി സെൽ ഉയർത്തുന്നത്. കോൺഗ്രസിന്റെ ഈ ‘ഇരട്ടത്താപ്പിനെ’ പരിഹസിക്കുന്നതായിരുന്നു മറ്റൊരു പ്രചാരണ രീതി. 

ഒക്ടോബർ 17ന് ബി.ജെ.പി മഹാരാഷ്ട്ര എന്ന അക്കൗണ്ടിൽ ഒരു പോസ്റ്റ് വന്നു. എസ്‌.ഐ.ആറിനെതിരെയും ഗ്യാനേഷ് കുമാറിനെതിരെയും സമരം ചെയ്യുന്ന കോൺഗ്രസും എ.എ.പിയും സി.ജെ.പിയും എന്തുകൊണ്ട് കേരളത്തിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ മൗനം പാലിക്കുന്നുവെന്ന് പോസ്റ്റിൽ ചോദ്യം ചെയ്യുന്നു. കോൺഗ്രസ് ഭരിക്കുന്ന കേരളത്തിൽ സമരക്കാരായ വിദ്യാർത്ഥികൾക്ക് നേരെ എന്തുകൊണ്ട് സർക്കാർ ബലം പ്രയോഗിച്ചുവെന്ന് ചോദിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് അവർ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഒക്ടോബർ 17ലെ ബി.ജെ.പി മഹാരാഷ്ട്രയുടെ പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്  

പക്ഷെ കേരളത്തിൽ നടന്ന ഏതെങ്കിലും വിദ്യാർത്ഥിസമരത്തിന്റെ വീഡിയോ അല്ല പോസ്റ്റിൽ കാണുന്നത്. ഒക്ടോബർ 16ന് തിരുവനന്തപുരത്ത് നടന്ന ഒരു പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണവ. സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ഭാരതീയ ജനതാ യുവമോർച്ച (BJYM) കേരള നിയമസഭയിലേക്ക് നടത്തിയ മാർച്ചിന്റെ ദൃശ്യങ്ങളാണിവ. മാർച്ചിന് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ച സംഭവമാണിത്. ഇതിന്റെ വീഡിയോയാണ്, ബി.ജെ.പി മഹാരാഷ്ട്ര എന്ന അക്കൗണ്ടിലൂടെ തെറ്റായ രീതിയിൽ  പ്രചരിപ്പിച്ചിട്ടുള്ളത്.

സി.ജെ.പി നടത്തുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അത് അരാജകത്വം സൃഷ്ടിക്കുന്നുണ്ടെന്നും ചിത്രീകരിക്കുകയും എസ്‌.ഐ.ആർ എന്നത് നിയമപരമായ ഒരു ഇലക്ടറൽ നടപടിയാണെന്ന് ന്യായീകരിക്കുകയും ചെയ്യുകയാണ്  ബി.ജെ.പി ഡൽഹി, ബി.ജെ.പി മഹാരാഷ്ട്ര, ബി.ജെ.പി കർണാടക എന്നീ മൂന്ന് അക്കൗണ്ടുകളും ചെയ്യുന്നത്.

മീമുകളും ഇമോജികളും നിറഞ്ഞ ‘ബി.ജെ.പി ഫോർ ജെൻസി’ 

യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ട് പ്രവർത്തിക്കുന്ന BJPforGenZ കൂടുതൽ അനൗപചാരിക  ശൈലിയാണ് പിന്തുടരുന്നത്.

രാഷ്ട്രീയ പോസ്റ്റുകൾ ഷെയർ ചെയ്യുമ്പോൾ Gen-Z ഇൻ്റർനെറ്റ് സ്ലാംഗുകൾ, പരിഹാസ രൂപത്തിലുള്ള ക്യാപ്ഷനുകൾ, ഇമോജികൾ, മീമുകൾ എന്നിവയും ഉപയോഗിക്കുന്നു. സി.ജെ.പിയെ കോൺഗ്രസുമായും അരവിന്ദ് കെജ്‌രിവാളുമായും  ബന്ധപ്പെടുത്തി കൊണ്ടുള്ള പോസ്റ്റുകൾ  ഈ അക്കൗണ്ട് പങ്ക് വെച്ചിട്ടുണ്ട്. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനും അസ്ഥിരതയുണ്ടാക്കാനും ശ്രമിക്കുന്ന ഒരു രാഷ്ട്രീയ കൂട്ടായ്മയായാണ് സി ജെ പിയെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഭരണമാറ്റത്തിനുവേണ്ടിയാണ് സി.ജെ.പി പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് ഈ അക്കൗണ്ടിൽ പ്രധാനമായും പറയുന്ന കാര്യം. ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യങ്ങളെ അഫ്ഗാനിസ്ഥാൻ ,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ  ഭരണമാറ്റവുമായി  താരതമ്യം ചെയ്തുകൊണ്ട് ഒക്ടോബർ 18ന് ഈ അക്കൗണ്ടിൽ ഒരു പോസ്റ്റ് വന്നിരുന്നു.

ഒക്ടോബർ 18 നു വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

ഫ്രാൻസിലെ പ്രതിഷേധക്കാർ പോലീസ് വാഹനങ്ങൾ ആക്രമിക്കുന്ന ഒരു വീഡിയോ, ഒക്ടോബർ 18ന് ഈ അക്കൗണ്ടിൽ വന്നിരുന്നു. ഇന്ത്യയിൽ, ഫ്രാൻസിലേതിന്  സമാനമായ ഒരു സാഹചര്യം ഉണ്ടാക്കാനാണ് സി.ജെ.പി ശ്രമിച്ചതെന്നാണ് ഈ പോസ്റ്റിൽ ആരോപിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അതിൽ നിന്ന് രക്ഷിച്ചുവെന്നും പോസ്റ്റിൽ അവകാശപ്പെടുന്നു.

ഒക്ടോബര്‍ 18 ലെ എക്സ് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

സി.ജെ.പിക്ക്,കോൺഗ്രസുമായും കെജ്‌രിവാളുകളുമായും അടുത്ത  ബന്ധമുണ്ടെന്നാരോപിക്കുന്ന നിരവധി പോസ്റ്റുകൾ BJPforGenZ യിൽ വന്നിട്ടുണ്ട്.  

കെജ്‌രിവാളിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള അഭിജിത് ദിപ്കെയുടെ പഴയ ഒരു ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് ‘A love story written in hell’ എന്ന് ക്യാപ്ഷൻ കൊടുത്തു. മറ്റൊരു പോസ്റ്റിൽ, സിജെപിയെ ‘CJP നക്‌സലി’ എന്നും വിശേഷിപ്പിച്ചു.

ഒക്ടോബര്‍ 19 ലെ എക്സ് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

സി.ജെ.പിയുടെ പ്രതിഷേധങ്ങൾ തങ്ങളുടെ ബിസിനസിനെ മോശമായി ബാധിച്ചുവെന്ന് വ്യാപാരികൾ പരാതിപ്പെടുന്ന വീഡിയോകളും ഈ അക്കൗണ്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാപാരികളെ സംബന്ധിച്ച് ഉത്സവ സീസൺ വളരെ നിർണ്ണായകമാണ്, പല വിധ സമരങ്ങൾ കാരണം അവരുടെ ഉപജീവനമാർഗ്ഗം അപകടത്തിലാകുകയാണെന്ന് പോസ്റ്റിൽ ആരോപിക്കുന്നു. ജന്തർ മന്തറിലെ പ്രതിഷേധക്കാർക്കും നേതാക്കൾക്കുമെതിരെ നടപടിയെടുത്ത ഡൽഹി പോലീസിനെ ഈ അക്കൗണ്ട് വേണ്ടുവോളം പ്രശംസിക്കുന്നുണ്ട്. ഡൽഹിയിലെ പ്രതിഷേധങ്ങൾ പൊതുസമാധാനത്തിന് ഭീഷണിയാണെന്നായിരുന്നു ഒരു പോസ്റ്റിൽ പറഞ്ഞത്.

ഫ്രാൻസിലെ പ്രതിഷേധത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള, ഇസ്ലാമോഫോബിക് ആയ ഒരു പോസ്റ്റ് ഈ അക്കൗണ്ട് quote-post ചെയ്തിട്ടുണ്ട്. രൺവീർ സിങ് അഭിനയിച്ച ‘ധുരന്ധർ’ സിനിമയിലെ ദൃശ്യങ്ങളാണ് ഇതിനായുപയോഗിച്ചത്.

ഒക്ടോബര്‍ 18 ലെ എക്സ് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

ജെൻ സീ ഭാഷയാണ് അക്കൗണ്ടിൽ കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്, ഒപ്പം, ഇമോജികളും പരിഹാസരൂപത്തിലുള്ള ക്യാപ്ഷനുകളും. അതേ സമയം ഉള്ളടക്കം ഏറിയോ കുറഞ്ഞോ മറ്റ് അക്കൗണ്ടുകളിലേതിന് സമാനമാണ്.

‘ഭായ് ഹിന്ദി മേം ലിഖ് ലേ’ (Bhai Hindi Mein Likh Le), ‘രാഹുൽ, ഇറ്റ്‌സ് ഡൺ ബ്രോ’ (Rahul, it’s done bro) തുടങ്ങിയ പ്രയോഗങ്ങളും അക്കൗണ്ടിൽ ഇടയ്ക്കിടെ ഉപയോഗിച്ചിട്ടുണ്ട്. ജെൻസീ അക്കൗണ്ടിൽ വന്ന പോസ്റ്റുകളിൽ വർഗീയ ചുവയുള്ള പ്രയോഗങ്ങളുമുണ്ടായിരുന്നു.

വൈറൽ വീഡിയോകളും മീം പോലെയുള്ള  കണ്ടന്റുകളും പോസ്റ്റ് ചെയ്യുമ്പോൾ ചെറിയ ക്യാപ്ഷനുകളാണ് ചേർക്കുന്നത്. എന്നാൽ ഔദ്യോഗിക ഐ ടി സെൽ  അക്കൗണ്ടുകൾ ചെയ്യുന്നതുപോലെ ജെൻസീ അക്കൗണ്ടിൽ ക്യാമ്പയിൻ ഹാഷ്‌ടാഗുകൾ ഉപയോഗിക്കുന്നില്ല. 

ഒക്ടോബർ 17ന് ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽ പാകിസ്ഥാനികളും ബംഗ്ലാദേശികളും ഇന്ത്യയുടെ ദേശീയഗാനം പാടിയെന്ന് പറയുന്ന ഒരു വീഡിയോയും ഈ അക്കൗണ്ട് പങ്കുവെച്ചു, ഇക്കഴിഞ്ഞ ഒക്ടോബർ 19 നാണത്. കേന്ദ്രമന്ത്രി കിരൺ റിജിജുവും ഈ പോസ്റ്റ് പ്രചരിപ്പിച്ചിരുന്നു.

എന്നാൽ, ഒബിസിയുടെ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.  ഇന്ത്യയുടെയും പാകിസ്ഥാന്റെയും സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ലണ്ടനിൽ നടന്ന ഒരു പരിപാടിയുടെ വീഡിയോയായിരുന്നു അത്.

ബി.ജെ.പി കേരളവും ബി.ജെ.പി തമിഴ്‌നാടും

എസ്‌.ഐ.ആറിനെ ന്യായീകരിക്കുന്ന പോസ്റ്റുകളാണ് ഈ രണ്ട് അക്കൗണ്ടുകളും പ്രധാനമായും പോസ്റ്റ് ചെയ്തുവരുന്നത്. എസ്‌.ഐ.ആർ, നിരവധി വോട്ടർമാരെ ഒഴിവാക്കിയെന്ന പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കുന്ന പോസ്റ്റുകളാണ് കൂടുതൽ. 

കോൺഗ്രസും ഇടതും ഉൾപ്പെട്ട മുന്നണികൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും സി.ജെ.പി പോലുള്ള സംഘടനകളെ ഉപയോഗിച്ച് സംസ്ഥാനത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും പറയുന്ന പോസ്റ്റുകൾ ബി.ജെ.പി കേരളം എന്ന അക്കൗണ്ടിൽ വന്നിട്ടുണ്ട്.  #SaveDemocracyRemoveAnarchy, #APAKADAMPolitics തുടങ്ങിയ ഹാഷ്‌ടാഗുകൾ ഈ അക്കൗണ്ടിൽ ഇടയ്ക്കിടെ ഉപയോഗിച്ചിട്ടുണ്ട്. 

രാഹുൽ ഗാന്ധിയെയും എസ്‌.ഐ.ആർ വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണച്ച തമിഴ്‌നാട്ടിലെ പ്രാദേശിക നേതാക്കളെയും ലക്ഷ്യമിട്ട് ആക്രമിക്കുന്നതിലാണ് BJP4TamilNadu എന്ന അക്കൗണ്ട് ശ്രദ്ധിച്ചത്. വോട്ടർമാരെ ഒഴിവാക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്ന പോസ്റ്റുകളും നിരവധിയുണ്ട്. കോൺഗ്രസ് ഭരണകാലത്ത് നടന്ന എസ് ഐ ആർ  നടപടികളെ വിമർശിക്കുന്ന പോസ്റ്റുകളും ഒപ്പമുണ്ട്. #RealityOf13CroreVoters എന്ന ഹാഷ്‌ടാഗ് ഈ അക്കൗണ്ടിൽ നിരവധി തവണ ഉപയോഗിച്ചിട്ടുള്ളതായി കാണാം. 

വോട്ടർമാരെ ഒഴിവാക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്ന പോസ്റ്റുകൾ  നിരവധിയുണ്ട്. കോൺഗ്രസ് ഭരണകാലത്ത് നടന്ന വോട്ടർ പട്ടിക പരിഷ്കരണ  നടപടികളെ വിമർശിക്കുന്ന പോസ്റ്റുകളും ഒപ്പമുണ്ട്. സി.ജെ.പിയെ നേരിട്ട് ആക്രമിക്കുന്നതിനു പകരം പ്രാദേശിക രാഷ്ട്രീയ വിമർശനത്തിലാണ് ഈ രണ്ട് അക്കൗണ്ടുകളും ശ്രദ്ധിക്കുന്നത്. 

#SaveDemocracyRemoveAnarchy: ഹാഷ്ടാഗ് ഉപയോഗം ആറ് അക്കൗണ്ടുകളിലും സമാനമല്ല

എസ്ഐആറിനെതിരായ പ്രതിഷേധങ്ങളെയും അതുമായി ബന്ധപ്പെട്ട പ്രതിപക്ഷ ക്യാമ്പയിനുകളെയും ജനാധിപത്യത്തിനും പൊതു സമാധാനത്തിനും  ഭീഷണിയായി ചിത്രീകരിച്ചുകൊണ്ടാണ് ബിജെപി ഒക്ടോബർ 23ന് ‘ ജനാധിപത്യത്തെ രക്ഷിക്കുക , അരാജകത്വം ഇല്ലാതാക്കുക’ (Save Democracy, Remove Anarchy) എന്ന ദേശീയ ക്യാമ്പയിൻ പ്രഖ്യാപിച്ചത്.

എന്നാൽ, ഈ ക്യാമ്പയിന്റെ ഭാഗമായ #SaveDemocracyRemoveAnarchy എന്ന ഹാഷ്‌ടാഗിന്റെ ഉപയോഗം ഞങ്ങൾ പരിശോധിച്ച ആറ് എക്സ് അക്കൗണ്ടുകളിലും ഒരുപോലെയായിരുന്നില്ല. കൂടുതലായും @BJP4Maharashtra ആണ് ഈ ഹാഷ്‌ടാഗ് ഉപയോഗിച്ച് പോസ്റ്റുകൾ പങ്കുവെച്ചത്. തൊട്ടുപിന്നിൽ @BJP4Keralam ആയിരുന്നു. മറ്റ് നാല് അക്കൗണ്ടുകളിൽ ഹാഷ്‌ടാഗിന്റെ കാര്യമായ ഉപയോഗം കണ്ടെത്താനായില്ല.

എസ് ഐ ആറിനെ  ന്യായീകരിക്കുന്നതിനും സിജെപി  സംഘടിപ്പിച്ച പ്രതിഷേധങ്ങളെ വിമർശിക്കുന്നതിനുമാണ് ബിജെപിയുടെ മഹാരാഷ്ട്ര ഐ ടി സെൽ (@BJP4Maharashtra)  ഈ ഹാഷ്‌ടാഗ് പ്രധാനമായും ഉപയോഗിച്ചത്. ഇതേ ഹാഷ് ടാഗ് ഉപയോഗിച്ച് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ  ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്  തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ നിലപാടിനെ ചോദ്യം ചെയ്യുകയും പ്രതിഷേധങ്ങളെ ജനാധിപത്യത്തിന് ഭീഷണിയായി അവതരിപ്പിക്കുകയും ചെയ്ത പോസ്റ്റുകൾ ഇതിന് ഉദാഹരണമാണ്.

ഒക്ടോബർ 28ലെ X സ്ക്രീൻഷോട്ട്
ഒക്ടോബർ 28ലെ  X സ്ക്രീൻഷോട്ട്

ബിജെപിയുടെ കേരളത്തിലെ ഐ ടി സെൽ (@BJP4Keralam)  #APAKADAMPolitics എന്ന ഹാഷ്‌ടാഗിനൊപ്പമാണ് പ്രധാനമായും #SaveDemocracyRemoveAnarchy ഉപയോഗിച്ചത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ അരാജകത്വമായി ചിത്രീകരിച്ച അക്കൗണ്ട്, ബിജെപിയുടെ പ്രവർത്തനത്തെ  ജനാധിപത്യം സംരക്ഷിക്കാനുള്ള ശ്രമമായും  അവതരിപ്പിച്ചു. രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും ലക്ഷ്യമിട്ടുള്ള പോസ്റ്റുകളിലും ഈ ഹാഷ്‌ടാഗ് ഉപയോഗിച്ചു. നവംബർ 3ന് തിരുവനന്തപുരത്ത് നടത്താനിരിക്കുന്ന മാർച്ചിന്റെ പ്രഖ്യാപനത്തിലും ഇതേ ഹാഷ്‌ടാഗ് ഉൾപ്പെടുത്തിയിരുന്നു.

ഒക്ടോബർ 28ലെ X സ്ക്രീൻഷോട്ട്

സിജെപിയെയും പ്രതിപക്ഷത്തേയും ലക്ഷ്യമിട്ട് , എസ് ഐ ആറിനെ ന്യായീകരിച്ച് ഐ ടി സെൽ 

ദേശീയതലത്തിൽ ഉയർത്തിയ പൊതുവായ എസ് ഐ ആർ  അനുകൂല ആഖ്യാനങ്ങൾ വിവിധ ഭാഷകളിലൂടെ പ്രചരിപ്പിക്കുന്നതോടൊപ്പം പ്രാദേശികമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ചുള്ള ആഖ്യാനങ്ങളും ഐ ടി സെല്ലുകളുടെ പ്രചാരണത്തിൽ കാണാം .സി ജെ പി  പ്രതിപക്ഷത്തിന്റെ ആയുധമാണെന്ന് വരുത്തി തീർക്കാനാണ്  ഡൽഹി, മഹാരാഷ്ട്ര, കർണാടക ഐ ടി സെല്ലുകൾ പ്രധാനമായും ശ്രമിച്ചത്. പ്രതിഷേധങ്ങൾ  പൊതു സമൂഹത്തിൽ  അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെന്ന് വരുത്തി തീർക്കാനും ഈ അക്കൗണ്ടുകൾ ശ്രമിക്കുന്നു .

 അതേസമയം, @BJP4Keralam, @BJP4TamilNadu എന്നീ അക്കൗണ്ടുകൾ SIR-നെ ന്യായീകരിക്കുന്നതിനും അതത് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടുന്നതിനുമാണ് കൂടുതൽ ശ്രദ്ധ നൽകിയത്. ഇതേ രാഷ്ട്രീയ ഉള്ളടക്കം  മീമുകൾ, പരിഹാസം, വൈറൽ വീഡിയോകൾ തുടങ്ങിയവയിലൂടെ അവതരിപ്പിക്കുകയായിരുന്നു @BJPforGenZ എന്ന അക്കൗണ്ട്.

ഹാഷ്‌ടാഗുകൾ, അവകാശവാദങ്ങൾ, അവതരണരീതികൾ എന്നിവയിൽ ചില ആവർത്തനങ്ങൾ ആറ് അക്കൗണ്ടുകളിലുമായി കാണാം. ഇത് അവയ്ക്കിടയിൽ പൊതുവായ ആഖ്യാനപ്രമേയങ്ങൾ നില നിൽക്കുന്നുവെന്ന്  സൂചിപ്പിക്കുന്നു.  ഈ പ്രചാരണങ്ങൾക്ക് ഒരു കേന്ദ്രീകൃത ഏകോപനമുണ്ടെന്ന് അസന്നിഗ്ദ്ധമായി സ്ഥിരീകരിക്കാൻ പക്ഷേ ഈ സമാനതകൾ കൊണ്ട് മാത്രം സാധ്യമല്ലെന്നും ഒബിസിയുടെ  അന്വേഷണം വ്യക്തമാക്കുന്നു.

Additional reporting by Sneha M and Khadeeja Saniyya.

(വിവര്‍ത്തനം: സ്നേഹ എം, അനന്തു ഗോപിദാസ്)



സുജിത് എ

സുജിത് എ

ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകൻ, ഫാക്റ്റ് ചെക്കർ

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top