
പ്രധാനമന്ത്രിയാകാൻ തയ്യാറാണെന്ന് അഭിജിത് ദീപ്‌കെ പറഞ്ഞിട്ടില്ല. വ്യാജവാർത്ത പ്രചരിപ്പിച്ച് വ്യകതിഹത്യ തുടരുന്നു
ഡൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ അവസാനമായി പ്രതിഷേധ പ്രകടനം നടന്നത് ഒക്ടോബർ 16 നാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക, സിജെപി നേതാക്കളായ അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും വെറുതെ വിട്ടയക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണാട്ട് പ്ലേസിൽ സിജെപിയുടെ നേതൃത്വത്തിൽ സമരം നടന്നിട്ട് ഒരാഴ്ച പിന്നിടുന്നു. എന്നാലും സാമൂഹ്യ മാധ്യമങ്ങളിൽ സിജെപിക്കെതിരായുള്ള വ്യാജ വാർത്തകളിൽ വലതുപക്ഷം കുറവൊന്നും വരുത്തിയിട്ടില്ല.
സിജെപിയുടെ പ്രസിഡന്റ് അഭിജീത് ദീപ്കെയ്ക്കെതിരെയാണ് നിലവിലെ പ്രചാരണം. രാജ്യത്തിനുവേണ്ടി പ്രധാനമന്ത്രി ആവാൻ തയാറാണെന്ന് ദീപ്കെ പറഞ്ഞുവെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ വലതുപക്ഷ അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്നത്. എന്നാൽ ഈ പ്രചാരണം പൂർണമായും വ്യാജമാണെന്ന് ഒബിസി കണ്ടെത്തി.
‘Im_ashok4u’ എന്ന എക്സ് അക്കൗണ്ടിലെ പോസ്റ്റാണ് ആദ്യം കണ്ടെത്തിയത്. അഭിജീത് ദീപ്കെയുടെ ചിത്രത്തോട് കൂടിയ ഒരു പോസ്റ്ററാണ് ഈ അക്കൗണ്ട് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്ററിൽ “രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാനും തയ്യാർ – അഭിജീത് ദീപ്കെ” എന്ന് എഴുതിയിരിക്കുന്നതായും കാണാം. പോസ്റ്ററിന്റെ ഇടത് മൂലയിലായി ഒക്ട്ബർ 18 എന്ന തീയതിയും നൽകിയിട്ടുണ്ട്.

ഒക്ടോബർ 20 നു പങ്കുവെച്ച ഈ പോസ്റ്റ് ഇതുവരെ (ഒക്ടോബർ 22) അയ്യായിരത്തോളം തവണ കണ്ടിട്ടുണ്ട്. 43 പേർ കമ്മന്റും ചെയ്തിട്ടുണ്ട്. കമന്റുകളിൽ ഭൂരിഭാഗവും പോസ്റ്റ് പൂർണമായും വിശ്വസിച്ച് കൊണ്ടുള്ളതാണ്. കൂടുതലും സിജെപിക്കും അഭിജീത് ദീപകെക്കുമെതിരെയുള്ള അസഭ്യങ്ങൾ തന്നെ. ചിലർ അതിനുമപ്പുറം, ദീപ്കെയുടെ എഐ നിർമ്മിത അശ്ലീല ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
“ഇനി ഇവിടെ നിന്നാൽ R.S.S.കാർ നിന്നെ പഞ്ഞിക്കിടും. അവർ ആരും അനങ്ങിയിട്ടില്ല” എന്നാണ് കമ്മന്റിൽ ഒരാളുടെ ഭീഷണി.
സ്ഥിരമായി ആർഎസ്എസ് അനുകൂല കണ്ടന്റുകൾ പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടാണ് ‘Im_ashok4u’. സിജെപി സമരത്തിനെതിരെയും നിരവധി പോസ്റ്റുകൾ ഈ അക്കൗണ്ടിൽ കാണാം. മാത്രമല്ല, ഫ്രാൻസിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരെ വംശീയ ചുവയുള്ള പോസ്റ്റുകളും ഇയാൾ പങ്കുവെച്ചിട്ടുണ്ട്.

തുടർന്ന്, ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിലൂടെ വേറെയും നിരവധി അക്കൗണ്ടുകൾ ഇതേ പോസ്റ്റർ പ്രചരിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാൽ അധികവും പ്രചരിച്ചിരിച്ചിരിക്കുന്നത് ഫേസ്ബുക്കിലൂടെയാണ്. എല്ലാം ഒക്ടോബർ 20, 21 തീയതികളിലായി പോസ്റ്റ് ചെയ്തിയുള്ളത് തന്നെ.

ഫേസ്ബുക്കിലെ പോസ്റ്റുകളിലും ദീപകെയ്ക്കെതിരെയുള്ള അസഭ്യങ്ങൾ തന്നെയാണ് കാണാൻ സാധിക്കുക. “നീ ഒന്ന് ചത്ത് കിട്ടിയാൽ മതി” യെന്നാണ് ഒരു കമ്മന്റ്.
എന്നാൽ ഈ പോസ്റ്റർ മാത്രമല്ല, ഇതേ ആരോപണം ഉന്നയിച്ച് കൊണ്ടുള്ള മറ്റൊരു കാർഡും ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ‘V.D. Satheesan – real CM of Kerala’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്നുമാണ് ഈ പോസ്റ്റർ കണ്ടെത്തിയത്. ഈ പോസ്റ്റും ഒക്ടോബർ 20 ന് തന്നെയാണ് പങ്കുവെച്ചിട്ടുള്ളത്. പോസ്റ്റിനൊപ്പം ഒരു നീണ്ട എഴുത്തും അടിക്കുറിപ്പായുണ്ട്. ഒന്നരലക്ഷത്തിലധം അംഗങ്ങളുള്ള ഗ്രൂപ്പാണിത്.

പോസ്റ്റിലെ അടിക്കുറിപ്പിൽ, ഒക്ടോബർ 18 ലെ ഒരു പോസ്റ്റിലാണ് അഭിജീത് ഇക്കാര്യം വ്യക്തമാക്കിയതെന്ന് പറഞ്ഞിട്ടുണ്ട്. “താൻ രാജ്യത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ് എന്നതിന്റെ സൂചനയായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്” എന്നും അടിക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.
ഈ പോസ്റ്ററിലെ എഴുത്ത് ആദ്യത്തെ പോസ്റ്ററിലേത് തന്നെയാണ്. എന്നാൽ മറ്റ് ഡിസൈനുകളിൽ മാറ്റമുണ്ട്. ഇതേ പോസ്റ്റർ വേറെയും ചില ഫേസ്ബുക്ക് അക്കൗണ്ടുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അഭിജീത് ദീപകെ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിരുന്നെങ്കിൽ അത് പ്രാധാന വാർത്തയായേനെ. എന്നാൽ ഇങ്ങനെയൊരു വാർത്ത മാധ്യമങ്ങളാരും റിപ്പോർട്ട് ചെയ്തിട്ടില്ല.
തുടർന്ന് കീവേർഡ് സെർച്ചിലൂടെ സമാനമായ മറ്റൊരു പോസ്റ്റർ കണ്ടെത്തി. ഒക്ടോബർ 18 ന് കൗമുദി ചാനലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്ററാണിത്. ഒറ്റനോട്ടത്തിൽ ആദ്യം പ്രചരിച്ച പോസ്റ്റർ തന്നെയാണ് ഇതും. പശ്ചാത്തലവും അഭിജീത് ദീപകെയുടെ ചിത്രവുമെല്ലാം ഒന്ന് തന്നെ.

എന്നാൽ ഇതിന്റെ ഉള്ളടക്കത്തിൽ വ്യത്യാസമുണ്ട്. ഈ പോസ്റ്ററിൽ, രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ‘എന്തിനെയും’ നേരിടാൻ ഞാൻ തയ്യാറാണ് എന്നാണ് എഴുതിയിരിക്കുന്നത്. എന്നാൽ പ്രചരിക്കുന്ന പോസ്റ്ററുകളിൽ ‘പ്രധാനമന്ത്രി’യാകാൻ തയാറാണെന്ന് ദീപകെ പറഞ്ഞുവെന്നാണ് വാദം. മാത്രമല്ല, പോസ്റ്ററിന്റെ വലതു വശത്ത് മുകൾ ഭാഗത്തായി കൗമുദിയുടെ ലോഗോയും കാണാം. പ്രചരിക്കുന്ന പോസ്റ്ററിൽ ഇത് കാണാൻ സാധിക്കില്ല.

മാത്രമല്ല, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഭിജീത് ദീപകെ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പുറത്ത് വിട്ട സെൽഫി വീഡിയോകൾ മുഴുവൻ ഞങ്ങൾ പരിശോധിച്ചു. ഇതിൽ ഒരു വീഡിയോയിലും ‘പ്രധാനമന്ത്രിയാകാൻ തയ്യാറാണെന്ന്’ അഭിജീത് ദീപകെ പറഞ്ഞിട്ടില്ല.
ചുരുക്കത്തിൽ, രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രിയാകാൻ തയ്യാറാണെന്ന് അഭിജീത് ദീപകെ പറഞ്ഞതായുള്ള പ്രചാരണം വ്യാജമാണ്. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി എന്തിനെയും നേരിടാൻ താൻ തയ്യാറാണെന്നാണ് ദീപകെ പറഞ്ഞത്. കൗമുദിയുടെ പോസ്റ്റർ ഡിജിറ്റലായി എഡിറ്റ് ചെയ്ത പോസ്റ്ററാണ് നിലവിൽ പ്രചരിക്കുന്നത്.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക