സമരക്കാർ പുലിയെ കൊന്നുവെന്ന് പ്രചാരണം: ഫാക്ട് ചെക്ക് 

സമരക്കാർ പുലിയെ കൊന്നുവെന്ന് പ്രചാരണം: ഫാക്ട് ചെക്ക് 

ഡൽഹിയിലെ ജെൻസി സമരം അവസാനിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും സമരത്തിനെതിരായുള്ള വ്യാജ വാർത്തകൾക്ക് കുറവൊന്നുമുണ്ടായിട്ടില്ല. പാറ്റകളുടെ സമരം ‘സദാചാര വിരുദ്ധ’മായിരുന്നെന്ന് സ്ഥാപിക്കാൻ സാമൂഹ്യ മാധ്യമങ്ങളിലെ വലത് പക്ഷ അക്കൗണ്ടുകൾ ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ‘സിജെപി സമരം നടന്ന സ്ഥലങ്ങളിൽ കൂമ്പാരമായി കിടക്കുന്ന കോണ്ടം’ എന്ന പ്രചാരണം വ്യാജമാണെന്ന് ഒബിസി കണ്ടെത്തിയതാണ്. സിജെപി സമരത്തിനിടയ്ക്ക് ഇറങ്ങിയ ഒരു പുള്ളിപ്പുലിയെ സമരക്കാർ അടിച്ചു കൊന്നുവെന്നാണ് വലതുപക്ഷ അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്ന പുതിയ വാർത്ത. എന്നാൽ ഇത് പൂർണമായും വ്യാജ വാർത്തയാണെന്ന് ഒബിസി യുടെ അന്വേഷണത്തിൽ കണ്ടെത്തി.

കുറെയധികം ആളുകൾ ചേർന്ന് ഒരു ചത്ത പുള്ളിപ്പുലിയെ ചുമക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. വീഡിയോയിൽ  പുലിയുടെ ചുറ്റുമായി കൂടി നിൽക്കുന്നതിലധികം പേരും കുട്ടികളാണ്. കുറച്ച് പേർ ഇത് മൊബൈലിൽ ഷൂട്ട് ചെയ്യുന്നതായി കാണാം.

‘Veeru’ എന്ന എക്സ് അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റാണ് ഏറ്റവുമധികം പ്രചരിച്ചിട്ടുള്ളത്. ഡൽഹിയിലെ സിജെപി സമരം തീർന്ന ജൂലൈ 25 ന് തന്നെയാണ് ഈ വീഡിയോയും പങ്ക് വെച്ചിട്ടുള്ളത്. “ബിഹാർ പ്രതിഷേധത്തിനിടയിലെ അപ്രതീക്ഷിത അതിഥി” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്. യഥാർത്ഥ പോസ്റ്റ് ഇംഗ്ലീഷിലാണ്. പോസ്റ്റിൽ, ‘GenZWithBharat’ ‘NEET’, ‘Modi’ എന്നീ ഹാഷ്ടാഗുകളും ഉപയോഗിച്ചിട്ടുണ്ട്. ഇതുവരെ (ആഗസ്റ്റ് 1) 4.4 ലക്ഷം തവണ എക്സിൽ കണ്ട വീഡിയോയ്ക്ക് 4,300 ലൈക്കുകളും 69 കമന്റുകളും ലഭിച്ചിട്ടുണ്ട്. 343 പേർ റീപോസ്റ്റും ചെയ്തിട്ടുണ്ട്. ഡൽഹിയിലെ സമരത്തിനോടൊപ്പം തന്നെ ബിഹാറിലും നീറ്റ് പരീക്ഷ ക്രമക്കേടുകൾക്കെതിരെ ബഹുജന പ്രക്ഷോഭങ്ങൾ നടന്നിരുന്നു.

Fake social media post on Patna Bihar protest claiming NEET protesters killed a leopard
‘Veeru’ എന്ന അക്കൗണ്ടിലെ പോസ്റ്റ്

എന്നാൽ, ഇത് തമാശയായി കാണരുതെന്നും സമരക്കാരെല്ലാവരും ചേർന്ന് ഒരു മിണ്ടാപ്രാണിയെ അടിച്ചു കൊന്നുവെന്നുമാണ് കമന്റ് സെക്ഷനിൽ ഭൂരിപക്ഷം പേരും പറയുന്നത്. “അവരെല്ലാവരും ചത്ത് തുലയട്ടെ! വിഡ്ഢികൾ” എന്നാണ്  ഒരാളുടെ അഭിപ്രായം. ഈ കമന്റുകളും ആയിരക്കണക്കിന് ആളുകൾ കണ്ടിട്ടുണ്ട്. ഡൽഹിയിലെ സിജെപി സമരത്തിനെതിരെ സ്ഥിരമായി പോസ്റ്റുകൾ പങ്ക് വയ്ക്കുന്ന അക്കൗണ്ടാണ് ‘Veeru’.

കൂടുതൽ പരിശോധനയിൽ, ഇതേ ദിവസങ്ങളിൽ നിരവധി പേർ എക്സ്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നീ സാമൂഹ്യ മാധ്യമങ്ങളിലായി ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നതായി കണ്ടെത്തി. ‘@Animalcruelty’ എന്ന എക്സ് അക്കൗണ്ടിലെ പോസ്റ്റാണ് കണ്ടെത്തിയതിൽ ഏറ്റവും പഴയത്. സമരം തീർന്നതിന്റെ തലേന്ന്  (ജൂലൈ 24) രാത്രി ചെയ്ത  ഈ പോസ്റ്റ് ഇതുവരെ (ആഗസ്റ്റ് 1) 10,500 പേർ കണ്ടിട്ടുണ്ട്. ഈ അക്കൗണ്ട് ഇതേ വീഡിയോ തന്നെ രണ്ട് വട്ടം പങ്ക് വെച്ചിട്ടുണ്ട്. സിജെപി വക്താവ് ഉൾപ്പെടെയുള്ളവരെ പോസ്റ്റിൽ ടാഗ് ചെയ്തിരിക്കുന്നതായും കാണാം.

മൃഗങ്ങൾക്കെതിരായ ക്രൂരതകളുടെ വീഡിയോകൾ സ്ഥിരമായി പങ്ക് വയ്ക്കുന്ന അക്കൗണ്ടാണ് ‘@Animalcruelty’. ഇവരുടെ തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ഇതേ ദിവസം ഈ വീഡിയോ പങ്ക് വെച്ചിട്ടുണ്ട്. ആ പോസ്റ്റും 37,500 ഓളം തവണ ഇതിനകം കണ്ടിട്ടുണ്ട്.

Screenshots of Instagram and YouTube posts falsely linking the leopard video to Patna Bihar protest
‘animalcrueltycell’ എന്ന അക്കൗണ്ട് ഇൻസ്റ്റഗ്രാമിലും എക്സിലും പങ്ക് വെച്ച പോസ്റ്റുകൾ

ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമായി വേറെയും അക്കൗണ്ടുകൾ ഇതേ ദിവസങ്ങളായി ഈ വീഡിയോ പങ്ക് വെച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിൽ ബിഹാറിലെ സമരത്തിനിടയ്ക്കുള്ള വീഡിയോയാണിതെന്നും പറയുന്നുണ്ട്.

Viral Instagram reel and YouTube short with Patna Bihar Protest text overlay spreading fake news
ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമായി പ്രചരിക്കുന്ന മറ്റ് പോസ്റ്റുകൾ

സിജെപി സമരത്തിലെ വീഡിയോയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, വീഡിയോയിലെവിടെയും പ്ലക്കാർഡുകളോ, സമരത്തിന്റേതായ മറ്റ് സൂചനകളോ കാണാനാകില്ല. വൈറൽ വീഡിയോയിലെ കീ ഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ , ഈ വർഷം മെയ് 30 ന് പോസ്റ്റ് ചെയ്ത ഒരു യൂട്യൂബ് വീഡിയോ കണ്ടെത്തി . ‘ന്യൂസ് 18’ എന്ന മാധ്യമമാണ്  ഈ വീഡിയോ പങ്ക് വെച്ചിട്ടുള്ളത്. “നാട് മുഴുവൻ പുള്ളിപ്പുലിയുടെ പിന്നാലെ” എന്നർത്ഥം വരുന്ന തലക്കെട്ടോടുകൂടിയാണ് യൂട്യൂബിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.  ജൂലൈയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തം . 

കീവേർഡ് സേർച്ചിലൂടെ ഇതേ പറ്റിയുള്ള കൂടുതൽ റിപ്പോർട്ടുകൾ കണ്ടെത്താനായി. ഈ വർഷം മേയ് 27 ന് ‘ഇടിവി ഭാരത്’, ‘അമർ ഉജാല’ തുടങ്ങിയ മാധ്യമങ്ങൾ നൽകിയ വാർത്തകളാണ് കിട്ടിയത്. ഈ റിപ്പോർട്ടുകളനുസരിച്ച്, മേയ് മാസത്തിൽ ബീഹാറിലെ പൂർണിയ ജില്ലയിലെ ടീകാപട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ കടന്നുകൂടിയ പുള്ളിപ്പുലിയുടെ ദൃശ്യങ്ങളാണിത്.

മൂന്ന് ദിവസത്തോളം ഗ്രാമത്തിൽ  കൃഷി നശിപ്പിക്കുകയും വളർത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്ത് ഭീതി പടർത്തിയ പുലിയെ ഗ്രാമവാസികൾ പിടികൂടുകയായിരുന്നു. പിടികൂടുന്നതിനിടെ ചത്ത പുലിയെ നാട്ടുകാർ ചുമന്ന് കൊണ്ട് പോകുന്ന വീഡിയോയാണ് നിലവിൽ വൈറലാകുന്നത്.

ചുരുക്കത്തിൽ, നീറ്റ് പ്രതിഷേധ സമരത്തിനിടയിൽ സമരക്കാർ പുള്ളിപ്പുലിയെ തല്ലിക്കൊന്നുവെന്ന വാർത്ത പൂർണമായും വ്യാജമാണ്. 2026 മേയിൽ ബിഹാറിലെ പൂർണിയ ജില്ലയിൽ നടന്ന സംഭവത്തിന് നീറ്റ് സമരങ്ങളുമായി യാതൊരു ബന്ധവുമില്ല.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top