ലണ്ടൻ സമരം രാജ്യവിരുദ്ധർ നടത്തിയതാണെന്ന് വരുത്തി തീർക്കാൻ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ബിജെപിയുടെ ഐ ടി സെൽ 

ലണ്ടൻ സമരം രാജ്യവിരുദ്ധർ നടത്തിയതാണെന്ന് വരുത്തി തീർക്കാൻ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ബിജെപിയുടെ ഐ ടി സെൽ 

ജന്തർ മന്തർ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ലണ്ടനിൽ നടന്ന പ്രതിഷേധം ലോക ശ്രദ്ധയാകർഷിച്ചിരുന്നു. ധ്രുവ് റാഠി പങ്കെടുത്ത ഈ സമരം നടത്തിയത് രാജ്യവിരുദ്ധരാണെന്നും പാകിസ്ഥാനികളും ബംഗ്ലാദേശികളും  പങ്കെടുത്തുവെന്നും വരുത്തി തീർക്കാനായി നിരവധി വ്യാജ ചിത്രങ്ങളാണ് ബിജെപിയുടെ ഐ ടി സെൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ പദവിയിൽ നിന്നും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഡ്യം അറിയിച്ചുകൊണ്ട് ലണ്ടനിൽ നടന്ന കൂടിച്ചേരലിൽ പൊളിറ്റിക്കൽ യൂട്യൂബർ ധ്രുവ് റാഠി ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഇതിൻ്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിൽ, ഇതുമായി ബന്ധപ്പെട്ട വ്യാജ ചിത്രങ്ങളും മറ്റും വ്യാപകമായി പ്രചരിച്ചു. 

‘സമരത്തിൽ പങ്കിസ്ഥാനികളും ബംഗ്ലാദേശികളും പങ്കെടുത്തു, രാഹുൽ ഗാന്ധി അതിന് നേതൃത്വം കൊടുത്തു’ എന്നൊക്കെ വലതുപക്ഷ അക്കൗണ്ടുകൾ പ്രചരിപ്പിച്ചു. ഇക്കഴിഞ്ഞ ഒക്ടോബർ 18 ന് ‘BJP Delhi’ യുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഇങ്ങനെയൊരു പോസ്റ്റ്  വന്നു. നാല് ഫോട്ടോകള്‍ ഉള്‍പ്പെടുന്ന ഒരു പോസ്റ്റ്‌. പാക്കിസ്ഥാനിൽ നിന്നുള്ള ആളുകളാണ് സമരം ചെയ്യുന്നത് എന്നായിരുന്നു ആ പോസ്റ്റിലെ കണ്ടൻ്റ്. എന്താണ് സത്യാവസ്ഥ? സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങകൾക്ക് പിന്നിലെ യാഥാർഥ്യം എന്താണ്? ഒബിസി അന്വേഷിച്ചു.

ബിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വന്ന പോസ്റ്റ്

ഇന്ത്യാരാജ്യത്തെ ലണ്ടനിൽ വെച്ച് അപകീർത്തിപ്പെടുത്താനായി രാഹുൽ ഗാന്ധിയും കെജ്‌രിവാളും അയച്ച ‘ഗ്യാങ്’ ആണ് ലണ്ടനിൽ സമരം ചെയ്യുന്നതെന്നാണ് ഒക്ടോബർ 18 ന് ബിജെപിയുടെ ഡൽഹി അക്കൗണ്ടിൽ വന്ന പോസ്റ്റ് പറയുന്നത്. 

ലണ്ടനിൽ നടക്കുന്ന സമരത്തിൽ പങ്കെടുത്തവർ പാക്കിസ്ഥാനികൾ ആണെന്നാണ് പോസ്റ്റിൽ പറയുന്നത്. പാകിസ്ഥാൻ്റെ പതാക പിടിച്ച് നിൽക്കുന്ന ഒരു യുവാവിൻ്റെ ചിത്രം പോസ്റ്റിൽ കാണാം.

BJP Delhi അക്കൗണ്ടില്‍ വന്ന എക്സ് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

പാക്കിസ്ഥാനി പതാക പിടിച്ച് നിൽക്കുന്ന യുവാവിൻ്റെ ചിത്രം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. 

പതിനായിരം ആളുകൾ ലൈക്ക് ചെയ്തിട്ടുമുണ്ട്.

വിവിധ എക്സ് അക്കൗണ്ടുകളിൽ ഈ പോസ്റ്റ് വൈറൽ ആണ്.

53,000 ൽ അധികം ഫോളോവേഴ്സ് ഉള്ള ‘Bharatrasena’ എന്ന എക്സ് അക്കൗണ്ടും ഈ ഫോട്ടോ ഒക്ടോബർ 18 ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. പത്ത് ലക്ഷത്തിൽ അധികം പേരാണ് ഈ പോസ്റ്റ് ഇതുവരെ (20/10/26) കണ്ടിട്ടുള്ളത്.

 ‘Bharatrasena’ എന്ന എക്സ് അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

പോസ്റ്റിൽ കാണുന്ന യുവാവിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചു. ‘saddyjordan’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഈ യുവാവിൻ്റേതാണ്. സദാം ഹുസേൻ മക്രാനി എന്നാണ് യഥാർത്ഥ പേര്.

യുവാവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട്, സ്ക്രീന്‍ഷോട്ട്  

ഈ അക്കൗണ്ട് ബയോയിൽ ‘Indian by Blood’ എന്ന് എഴുതിയിട്ടുണ്ട്. നടൻ ദുൽഖർ സൽമാൻ, ബോളിവുഡ് നടൻ രൺവീർ സിങ്, സെയ്ഫ് അലി ഖാൻ എന്നിവരോടൊപ്പമുള്ള ചിത്രം ഫീഡിൽ പിൻ ചെയ്തിട്ടുണ്ട്. 

പാകിസ്ഥാൻ പതാകയേന്തി നിൽക്കുന്ന യുവാവിൻ്റെ ചിത്രം എഡിറ്റഡ് ആണ്. 2021 ൽ ഇദ്ദേഹം പോസ്റ്റ് ചെയ്ത ഒരു മിറർ സെൽഫിയാണ് എഡിറ്റ് ചെയ്യാനായി ഉപയോഗിച്ചിട്ടുള്ളത്.

യുവാവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫോട്ടോ പോസ്റ്റ്‌ ചെയ്തിരിക്കുന്നു, ഈ ഫോട്ടോയാണ് എഡിറ്റ്‌ ചെയ്ത്പ്രചരിപ്പിച്ചിരിക്കുന്നത്.  

BJP Delhi യുടെ എക്സ് അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌ പൂര്‍ണമായും എഡിറ്റ് ചെയ്തതാണ് എന്ന് വ്യക്തമായി. ഇതേ അക്കൗണ്ടില്‍ തന്നെ വന്ന രണ്ടാമത്തെ പോസ്റ്റ്, ലണ്ടനിൽ സമരത്തിൽ പങ്കെടുക്കുന്ന ഒരു യുവാവ് മാധ്യമങ്ങളോട് സംസാരിക്കുന്ന ചിത്രമാണ്.

BJP Delhi എക്സ് അക്കൗണ്ടില്‍ വന്ന മറ്റൊരു പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

ഈ  ചിത്രം 99.9% എ ഐ  നിർമ്മിതമാണെന്നാണ് ഒബിസിയുടെ അന്വേഷണത്തിൽ മനസിലായത്.

എ ഐ ഡിറ്റക്ഷന്‍ ടൂള്‍ ഫലം, സ്ക്രീന്‍ഷോട്ട്     

BJP Delhi യില്‍ വന്ന മൂന്നാമത്തെ പോസ്റ്റ്‌, ‘ആസാദ് കാശ്മീരി’ൻ്റെ പതാക പുതച്ച് സമരത്തിൽ പങ്കെടുക്കുന്ന ഒരു യുവാവിൻ്റെ ഫോട്ടോയാണ്.

BJP Delhi യില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

ഈ ഫോട്ടോയും എ ഐ ജനറേറ്റഡ് ആണ്.

എ ഐ ഡിറ്റക്ഷന്‍ ടൂള്‍ ഫലം, സ്ക്രീന്‍ഷോട്ട്

പാകിസ്ഥാനി യുവാവ്  സമരത്തിൽ പങ്കെടുക്കുന്നു എന്ന് പറഞ്ഞുകൊണ്ട് മറ്റൊരു ഫോട്ടോയും BJP Delhi യിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

BJP Delhi ല്‍ വന്ന നാലാമത്തെ ഫോട്ടോ, സ്ക്രീന്‍ഷോട്ട്

ഇത് കണ്ടെത്തുന്നതിനായി, വീഡിയോ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു. Umesh Dhande എന്ന യൂട്യൂബ് ചാനലിലാണ് ഇതിൻ്റെ ഫുൾ വീഡിയോ ലഭിച്ചത്. ഒക്ടോബർ 18 നാണ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.

Umesh Dhande എന്ന യൂട്യൂബ് ചാനലില്‍ വന്ന വീഡിയോ, സ്ക്രീന്‍ഷോട്ട് 

ലണ്ടനിൽ പാർലമെന്റ് സ്ക്വയറിൽ നടന്ന പ്രതിഷേധത്തിന്റെ വീഡിയോ ആണിത്.വീഡിയോയിൽ, 0:30 എന്ന സമയസൂചികയിൽ, പോസ്റ്റിൽ കാണുന്ന വ്യക്തി പ്രത്യക്ഷപ്പെടുന്നുണ്ട്.

വീഡിയോയില്‍ കാണുന്ന യുവാവ്, സ്ക്രീന്‍ ഷോട്ട്

ക്രോപ്പ് ചെയ്ത മുടിയും നീട്ടിയ താടിയും ഉള്ള ഇയാൾ പാകിസ്ഥാനിയാണെന്ന്നാണ് പോസ്റ്റുകളിൽ അവകാശപ്പെടുന്നത്. എന്നാൽ, ഇയാൾ പാകിസ്ഥാൻ സ്വദേശിയാണെന്നത് സ്ഥിരീകരിക്കാവുന്ന യാതൊരു തെളിവുകളുമില്ല. മനുഷ്യരെ അവരുടെ ബാഹ്യ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ വംശീയമായി മുദ്ര കുത്തുക എന്നതിനപ്പുറം ഇവരുടെ വാദത്തെ സാധൂകരിക്കുന്ന തെളിവുകൾ ഒന്നുമില്ല.

BJP Delhi യുടെ പോസ്റ്റിലെ എല്ലാ ഫോട്ടോകളും വ്യാജമാണ് എന്നാണ് ഒബിസിയുടെ അന്വേഷണത്തില്‍ മനസിലായത്. ലണ്ടനില്‍ നടന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുത്തവരില്‍, പാകിസ്ഥാനില്‍ നിന്നുള്ള ആളുകള്‍ പങ്കെടുക്കുന്നു എന്ന് വരുത്താനാണ് BJP Delhi പോലുള്ള പേജുകള്‍ ശ്രമിക്കുന്നത്.

കേന്ദ്രമന്ത്രി കിരൺ റിജ്ജുവിൻറെ എക്സ് അക്കൗണ്ടിൽ വന്ന വ്യാജ വാർത്ത

കേന്ദ്ര മന്ത്രി കിരൺ റിജ്ജുവിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് സെപ്റ്റംബർ 13ന് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ഇന്ത്യൻ ദേശീയ ഗാനം പാടിക്കൊണ്ട് പാകിസ്ഥാൻ പതാകകൾ വീശുന്ന ആളുകളെയാണ് വീഡിയോയിൽ കാണിക്കുന്നത്. ലണ്ടനിൽ നിന്നുള്ള വീഡിയോ ആണിത് എന്നാണ് പോസ്റ്റിൽ പറയുന്നത്.

കിരൺ റിജ്ജുവിന്റെ എക്സ് അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

“ലണ്ടനിൽ പാകിസ്ഥാൻ അധിനിവേശ കാശ്മീരിന്റെയും പാകിസ്ഥാന്റെയും പതാകകൾക്കൊപ്പം കോൺഗ്രസ് പാർട്ടിയുടെ പതാകകളും! ലണ്ടനിൽ ഇത്തരം ഇന്ത്യാവിരുദ്ധ സംഘങ്ങൾ ഒത്തുചേരുന്നത് വഴി ദേശസ്നേഹികളായ ഇന്ത്യക്കാരെ ഭയപ്പെടുത്താമെന്ന് ഇവർ കരുതുന്നു. ഇന്ത്യ ഒരിക്കലും തലകുനിക്കില്ല; ഇന്ത്യാവിരുദ്ധ ശക്തികൾക്ക് ഇന്ത്യയെ തകർക്കാനുമാവില്ല” എന്ന് ഹിന്ദിയിലും രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.

മലയാളത്തിലും ഈ വീഡിയോ പ്രചരിച്ചിട്ടുണ്ട്. തീവ്ര വലതുപക്ഷ പോസ്റ്റുകള്‍ ദിനം പ്രതി പോസ്റ്റ്‌ ചെയ്യുന്ന Meghna എന്ന അക്കൗണ്ടില്‍ ആണത്.

Meghna എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

പാകിസ്ഥാനികളെയും ബംഗ്ലാദേശികളെയും കൊണ്ട് ഇന്ത്യൻ ദേശീയഗാനം പാടാൻ മോദി നിർബന്ധിക്കുന്നു എന്ന വ്യാഖ്യാനത്തോടെയും ഇതേ  വീഡിയോ വേറെ ചില എക്സ് അക്കൗണ്ടുകളിലൂടെ പ്രചരിക്കുന്നുണ്ട്. പാകിസ്ഥാൻ,  ബംഗ്ലാദേശ് പൗരന്മാരെ കൊണ്ട് ഇന്ത്യയുടെ ദേശീയ ഗാനം പാടിച്ചതിന് ധ്രുവ് റാഠിക്ക് നന്ദി പറയുന്ന പോസ്റ്റുകളും സജീവമാണ്.   

റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു പരിശോധിച്ചപ്പോൾ, amie.hashmi22 എന്ന അക്കൗണ്ടിൽ ഈ വീഡിയോ, മുൻപ് തന്നെ പോസ്റ്റ് ചെയ്തിട്ടുള്ളതായി ഞങ്ങൾ കണ്ടെത്തി, ഓഗസ്ത് 23, 17 തീയതികളിൽ. അതായത് വീഡിയോ രണ്ടു മാസം പഴയതാണ്.

ഓഗസ്ത് 17 ലെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്  

‘സമാധാനവും ഐക്യവും മാനവികതയും ആഘോഷിക്കുന്നതിനായി, എല്ലാ വർഷവും ഓഗസ്റ്റ് 15ന് ഞാൻ പാകിസ്ഥാനികളെയും ഇന്ത്യക്കാരെയും ലണ്ടനിൽ ഒന്നിപ്പിക്കാറുണ്ട്’ എന്നാണ് വീഡിയോക്ക് ക്യാപ്‌ഷൻ കൊടുത്തിട്ടുള്ളത്. ഇന്ത്യയുടെയും പാകിസ്ഥാന്റെയും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 14, 15 തീയതികളിൽ നടന്ന ആഘോഷങ്ങൾക്കിടയിലാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്ന് ഇത് സൂചിപ്പിക്കുന്നു.


ഓഗസ്ത് 23 ലെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്  

ഇന്ത്യക്കാരും പാകിസ്ഥാനികളും ഒരുമിച്ചു സന്നിഹിതരായിരിക്കുന്നു എന്ന് അര്‍ഥം വരുന്ന ക്യാപ്ഷനാണ് ഓഗസ്ത് 23 ലെ പോസ്റ്റില്‍ പറയുന്നത്. രണ്ടു മാസം മുൻപുള്ള ഈ പോസ്റ്റാണ് ഇപ്പോള്‍ നടക്കുന്ന സമരവുമായി ബന്ധപ്പെടുത്തി ഷെയര്‍ ചെയ്തിരിക്കുന്നത്.

ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിന്‌ ഐക്യദാര്‍ഡ്യം അറിയിച്ചുകൊണ്ട്‌ ലണ്ടനില്‍ നടന്ന കൂടിച്ചേരലിന്റെ വീഡിയോ ഇങ്ങനെ പല തലങ്ങളിലാണ് വ്യാജമായി ഷെയര്‍ ചെയ്യപ്പെട്ടത്. ബിജെപിയുടെ ഔദ്യോഗിക ഹാൻഡിലുകളും മുൻ കേന്ദ്ര മന്ത്രിയും തന്നെയും ഈ വ്യാജ വാർത്താ നിർമിതിയിലും പ്രചാരണത്തിലും മുഖ്യപങ്ക് വഹിക്കുന്നു എന്നതാണ് സാഹചര്യം.


സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top