ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട 105 സൗന്ദര്യ വർധക ഉൽപ്പന്നങ്ങൾ: ഹെയർ കളർ ഷാംപൂ മുതൽ കുങ്കുമം വരെ

ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട 105 സൗന്ദര്യ വർധക ഉൽപ്പന്നങ്ങൾ: ഹെയർ കളർ ഷാംപൂ മുതൽ കുങ്കുമം വരെ

Share Email

2019 മുതൽ 2026 വരെയുള്ള പരിശോധനയിൽ 105 സൗന്ദര്യ വർധക ഉൽപ്പന്നങ്ങളാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്. ഇവയിൽ 35 ശതമാനവും പരാജയപ്പെട്ടത് ഘനലോഹങ്ങളുടെയും നിരോധിത വസ്തുക്കളുടെയും സാന്നിധ്യം കണ്ടെത്തിയത് കൊണ്ടാണ്. കുട്ടികൾക്കുള്ള ഉത്പന്നങ്ങൾ മുതൽ മുതിർന്നവർക്കുള്ള ഹെയർ കളർ ഷാംപൂ വരെയുള്ളവ ഈ പട്ടികയിൽ ഉൾപ്പെടുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന  സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ, അവരുടെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില ഉൽപ്പന്നങ്ങൾ നാലും അഞ്ചും തവണ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ ഇവ വിപണിയിൽ സജീവമാണ്. പരിശോധനയിൽ പരാജയപ്പെട്ട ബാച്ചുകളാണോ വിപണിയിലുള്ളത് എന്നറിയാൻ ഉപഭോക്താക്കൾക്ക് യാതൊരു സംവിധാനവുമില്ലതാനും. 2019 ജനുവരി മാസം മുതൽ 2026 ഒക്ടോബർ മാസം വരെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പരിശോധനാഫലങ്ങൾ ക്രോഡീകരിച്ച് ഒബിസി തയ്യാറാക്കിയ ഡാറ്റാ വിശകലനമാണിത്.

വിപണിയിലുള്ള സൗന്ദര്യ വർധക വസ്തുക്കളുടെ ഗുണനിലവാരം എങ്ങനെ ഉറപ്പുവരുത്തും? കേരളത്തിൽ വലിയ മാർക്കറ്റുള്ള  ഫെയർനെസ് ക്രീമുകളിൽ മെർക്കുറി പോലുള്ള വിഷവസ്തുക്കൾ അടങ്ങിയിരിക്കുന്നുവെന്ന വാർത്ത വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത്തരം ഹാനികരമായ പദാർഥങ്ങളടങ്ങിയ സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നത് നാഡീവ്യവസ്ഥയെയും വൃക്കകളെയും ഹോർമോൺ സന്തുലിതാവസ്ഥയെയും ബാധിക്കുമെന്നാണ് കണ്ടെത്തൽ.

വിപണിയിലുള്ള മരുന്നുകളുടെയും സൗന്ദര്യ വർധക വസ്തുക്കളുടെയും ഗുണനിലവാര പരിശോധന നടത്തുന്നത് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) ആണ്. പരിശോധനാ ഫലങ്ങൾ ഇവർ പതിവായി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നുമുണ്ട്. മരുന്നുകളുടെ പേര്, ബാച്ച് നമ്പർ, നിർമ്മാതാക്കളുടെ വിലാസം, പരാജയപ്പെടാൻ ഉണ്ടായ കാരണം, പരിശോധന നടത്തിയ ലാബിന്റെ പേര് എന്നിവ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഉൽപ്പന്നത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് ലേബലിൽ പറയുന്ന കാര്യങ്ങളും യഥാർത്ഥ ഉള്ളടക്കവും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ ആ ഉല്‍പ്പന്നം മാനദണ്ഡങ്ങൾ ലംഘിച്ചതായി കണക്കാക്കും . ഉല്‍പ്പന്നത്തിന്റെ ലേബലിലോ പാക്കേജിംഗിലോ ഉള്ള നിയമപരമായ തെറ്റുകളും CDCSO  പരിശോധിക്കും.

ഇന്ത്യയിൽ സൗന്ദര്യ വർധക വസ്തുക്കളുടെ വിപണിയെ  നിയന്ത്രിക്കുന്നത് കോസ്മെറ്റിക്ക്സ് റൂൾസ് 2020, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ), ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് മാനദണ്ഡങ്ങൾ എന്നിവയാണ്. 

ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ, സർക്കാർ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട മരുന്നുകളുടെ ബാച്ചുകളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന വിശേഷണമാണ് NSQ (Not of Standard Quality) എന്നത്. 

കേന്ദ്ര ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും സംസ്ഥാന ഡ്രഗ് കൺട്രോൾ വകുപ്പുകളും  വിപണിയിൽ നിന്ന് ഉൽപ്പന്നങ്ങളുടെ  സാമ്പിളുകൾ ശേഖരിച്ച് ലാബുകളിൽ പരിശോധിക്കുന്നു. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി, വിപണിയിലുള്ള ഗുണനിലവാരം കുറഞ്ഞ മരുന്നുകളെക്കുറിച്ചും വ്യാജ മരുന്നുകളെക്കുറിച്ചുമുള്ള മുന്നറിയിപ്പ് നൽകാനാണ് CDSCO ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത്.

2019 മുതൽ 2026 ഒക്ടോബർ വരെയുള്ള ഡാറ്റ വിശകലനം ചെയ്യുമ്പോൾ ആശങ്കയുളവാക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട ഉൽപ്പന്നങ്ങളിൽ 35 ശതമാനത്തിലും  ഘനലോഹങ്ങളുടെയും നിരോധിത വസ്തുക്കളുടെയും സാന്നിധ്യം അപകടകരമായ അളവിൽ കണ്ടെത്തി. അവശ്യ രാസ ,ഭൗതിക ഘടകങ്ങളുടെ അഭാവം, അണുബാധ തുടങ്ങിയ കാരണങ്ങളാലാണ് 19 ശതമാനം ഉൽപ്പന്നങ്ങളും പരിശോധനയിൽ പരാജയപ്പെട്ടത്.

ഫെയർനെസ് ക്രീമുകൾ മാത്രമല്ല, ഹെയർ സിറമും മെഹന്തി കോണും കുങ്കുമവും ഹെന്നയുമുൾപ്പെടുന്ന ഉൽപ്പന്നങ്ങൾ ഇതിലുണ്ട്. കേന്ദ്ര – സംസ്ഥാന ലബോറട്ടറികളിൽ നടത്തുന്ന ഗുണനിലവാര പരിശോധനകളിൽ പരാജയപ്പെടുന്ന ഉൽപ്പന്നങ്ങളെയാണ് സി.ഡി.എസ്.സി.ഒ, ‘നോട്ട് ഓഫ് സ്റ്റാൻഡേർഡ് ക്വാളിറ്റി’ (NSQ – Not of Standard Quality) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി പൊതുജനങ്ങളുടെ അറിവിലേക്കായി എല്ലാ മാസവും പ്രസിദ്ധീകരിക്കുന്നത്. 

ഗുണനിലവാര പരിശോധനയിൽ ആറ് തവണ പരാജയപ്പെട്ട ഹെയർ കളർ  ഷാംപൂ 

2019 മുതല്‍ 2026 വരെ നടന്ന ഗുണനിലവാര പരിശോധനയില്‍ ഏറ്റവും കൂടുതല്‍ തവണ പരാജയപ്പെട്ട ഉല്‍പ്പന്നങ്ങളില്‍ ഒന്ന്  പരസ്യങ്ങളില്‍ നമ്മള്‍ സാധാരണ കാണാറുള്ള വി.ഐ.പി ഹെയര്‍ കളര്‍ ഷാമ്പൂവാണ്.

നിരോധിത രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത് മൂലമാണ്  ഈ ഷാംപൂ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്. സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഉപയോഗിക്കാൻ പാടില്ലാത്ത m-phenylenediamine എന്ന നിരോധിത രാസവസ്തു ഇതിന്റെ ചില ബാച്ചുകളിൽ അടങ്ങിയിരിക്കുന്നതായാണ് കണ്ടെത്തിയത്.

 10 മുതൽ 15 മിനിറ്റിനുള്ളിൽ നരച്ച മുടി കറുപ്പിക്കാൻ സഹായിക്കുന്ന, അമോണിയ ഇല്ലാത്ത ഒരു ത്രീ ഇൻ വൺ (ഹെയർ ഡൈ, ഷാംപൂ, കണ്ടീഷണർ) ഉൽപ്പന്നമായാണ് പരസ്യചിത്രങ്ങളിൽ വി.ഐ.പി ഹെയർ കളർ ഷാംപൂ അവതരിപ്പിക്കുന്നത്. ഗ്ലൗസോ ബ്രഷോ ഇല്ലാതെ  കൈകൾ കൊണ്ട് നേരിട്ട് ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകതയായി എടുത്തുപറയുന്നത്. 

സ്ത്രീകൾക്കും പുരുഷന്മാർക്കും തലമുടിയിലും താടിയിലും മീശയിലും ഇത് ഉപയോഗിക്കാമെന്നും പറയുന്നുണ്ട്. അമോണിയ ഇല്ല എന്നത് വലിയ  സവിശേഷതയായി അവകാശപ്പെടുന്നുണ്ടെങ്കിലും  പരിശോധനയിൽ വി.ഐ.പി ഹെയർ കളർ ഷാംപൂവിന്റെ ആറ്  ബാച്ചുകളിലാണ് ഇതുവരെ വിഷപദാർഥങ്ങൾ കണ്ടെത്തിയത്. Vimac എന്ന കമ്പനിയാണ് ഇത് നിര്‍മിക്കുന്നത്. ചെന്നൈയില്‍ തിരുവള്ളൂര്‍ ജില്ലയിലാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്.

2019 മുതലുള്ള പരിശോധനയില്‍, B320C, B309C, B034KERL, BO53KTK, B020C, B107C എന്നീ ആറു ബാച്ചുകളിലാണ് മാനദണ്ഡം പാലിക്കാത്തതായി കണ്ടെത്തിയത്. ഇതിന്‍റെയെല്ലാം എക്സ്പയറി ഡേറ്റ് അവസാനിക്കുന്നത് 2026 ലാണ്. എല്ലാ ബാച്ചും നിര്‍മിച്ചത് 2024 ല്‍. 2024 നവംബറിലും 2025 ജനുവരിയിലും. ഗുണനിലവാര പരിശോധനയിൽ ആറ് തവണ ഇവർ പരാജയപ്പെട്ടു.

ഫംഗസ് അണുബാധ മാറ്റുന്ന സോപ്പ്

ചർമ്മത്തിലെ ഫംഗസ് അണുബാധകൾ മാറ്റുന്നതിനായി ഉപയോഗിക്കുന്ന ഒരു ആന്റി – ഫംഗൽ സോപ്പ് എന്ന അവകാശവാദത്തോടെ വിപണിയിലുള്ള ഉൽപ്പന്നമാണ് കീറ്റോകോണസോൾ മെഡിക്കേറ്റഡ് സോപ്പ്. അഞ്ച്  തവണ മാനദണ്ഡങ്ങൾ ലംഘിച്ച ഉല്പന്നമാണിത്. 

Mars Medisoap, Vimson Derma എന്നീ കമ്പനികള്‍ നിര്‍മിച്ച സോപ്പാണ്  പരിശോധനയില്‍ പരാജയപ്പെട്ടത്. രണ്ടു കമ്പനികളുടേതുമായി മൊത്തം അഞ്ച് ബാച്ചുകളിലെ ഉത്പന്നങ്ങളുടെ പരിശോധനയിലാണ്, അവകാശപ്പെടുന്ന ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയത്. SP-29, 9221, 9411, 9293, 9237 എന്നീ ബാച്ചുകളാണ് അവ. 

ഈ വർഷം തന്നെ മാർച്ചിലും സെപ്റ്റംബറിലും ഒക്ടോബറിലും ഇവർ ഗുണനിലവാര മാനദണ്ഡങ്ങൾ  ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

ഫംഗസ് ബാധയ്ക്കെതിരെ ഉപയോഗിക്കുന്ന ഈ മെഡിക്കേറ്റഡ് സോപ്പുകളിൽ ആവശ്യമായ അളവിൽ കീറ്റോകൊണസോൾ ഇല്ലെന്ന് കണ്ടെത്തി. ഇത് സംബന്ധിച്ച് ഇവർ ലേബലിൽ പറഞ്ഞിരിക്കുന്ന അവകാശവാദങ്ങൾ പൊള്ളയാണെന്നാണ് പരിശോധനാഫലം.

പ്രകൃതി ദത്തമല്ലാത്ത മെഹന്തി 

പരിശോധനയില്‍ പരാജയപ്പെട്ട മറ്റൊരുല്‍പ്പന്നം മെഹന്തി കോണ്‍ ആണ്. Gopal Krishna, Pushp Henna, Velnik India എന്നീ കമ്പനികളുടെ ഉൽപ്പന്നങ്ങളാണ്  പരിശോധനയില്‍ നിലവാരമില്ലാത്തതായി കണ്ടെത്തിയത്. 

ഹെന്നക്ക് നിറം നൽകുന്ന പ്രകൃതിദത്തഘടകമായ ലാസോണിന്റെ അളവ് ലേബലിൽ അവകാശപ്പെടുന്നത്ര ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ചില സാമ്പിളുകളിൽ ഇതിന്റെ അളവ് NIL അഥവാ പൂജ്യമാണെന്നും കണ്ടെത്തിയിട്ടുണ്ട്. pH മൂല്യത്തിലോ ഗുണനിലവാരത്തിലോ ലേബലിൽ പറയുന്ന കാര്യങ്ങളുമായി പൊരുത്തക്കേട് ഉണ്ടെന്നും പരിശോധനയിൽ തെളിഞ്ഞു. 

മുടി കറുപ്പിക്കുന്ന ജെല്ലിൽ ലോഹസാന്നിധ്യം

നരച്ച മുടി പൂർണ്ണമായും കറുപ്പിക്കാനും മുടിക്ക് പോഷണം നൽകാനും സഹായിക്കുന്ന ഒരു ജെൽ അധിഷ്ഠിത ഹെയർ ഡൈ എന്നവകാശപ്പെടുന്ന ഉൽപ്പന്നമാണ് Beaute Blanc Fruit Vinegar Gel Hair Colour (Natural Black). ഇതിന്റെ മൂന്നു ബാച്ചുകളിലാണ് (406, 405) ലോഹങ്ങളുടെ സാന്നിധ്യം കണ്ടത്.  

പാകിസ്ഥാൻ നിർമ്മിത ഫെയ്സ്ഫ്രെഷ് പ്ലസ് ഗോൾഡ് ബ്യൂട്ടി ക്രീം

സി.ഡി.എസ്.സി.ഒയുടെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട മറ്റൊരു പ്രമുഖ ഉൽപ്പന്നമാണ് പാകിസ്ഥാനിലെ Shaheen Cosmetics (Pvt.) Ltd നിർമ്മിക്കുന്ന FaceFresh Plus GOLD BEAUTY CREAM. ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നമെന്ന വ്യാജേന വിപണിയിൽ വിറ്റഴിക്കപ്പെടുന്ന ഈ ക്രീമിൽ അനുവദനീയമായതിലും ഉയർന്ന അളവിൽ മെർക്കുറിയുടെ സാന്നിധ്യം (83311.12 ppm) കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ലേബലിംഗ് മാനദണ്ഡങ്ങൾ ലംഘിച്ചതായും കണ്ടെത്തി.

തേര്‍ഡ് പാര്‍ട്ടി കമ്പനികള്‍ വില്‍ക്കുന്ന ‘വ്യാജന്മാര്‍’ 

വിപണിയില്‍ വ്യാപകമായി വിറ്റഴിയുന്നതും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെടുന്നതുമായ ഉല്‍പന്നങ്ങള്‍ ചിലത് തേര്‍ഡ് പാര്‍ട്ടി കമ്പനികള്‍ നിര്‍മിക്കുന്നവയാണ്.

മമ എര്‍ത്തിന്റെ വിറ്റാമിന്‍ സി ഡെയിലി ഗ്ലോ ലൈറ്റ് മൊയിസ്ചറൈസിംഗ് ക്രീമും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടവയിൽ ഉൾപ്പെടുന്നു. ഓണ്‍ലൈന്‍ വിപണിയിൽ  സുലഭമായി കാണുന്ന ഒരു ബ്രാന്‍ഡ്‌ ആണ് മമ എര്‍ത്ത്. VA Life Sciences എന്ന കമ്പനി നിര്‍മിച്ച ക്രീം ആണ് പരിശോധനയില്‍  പരാജയപ്പെട്ടത്. മമ എര്‍ത്ത് ഉല്‍പ്പന്നങ്ങളുടെ യഥാര്‍ത്ഥ നിര്‍മ്മാണ കമ്പനി Honasa Consumer Limited ആണ്. 

എന്നാല്‍, പാല്‍മോലിവ് നിര്‍മിക്കുന്ന കോള്‍ഗേറ്റിന്‍റെ ഉല്പന്നം തന്നെയാണ് പരിശോധനയില്‍ പരാജയപ്പെട്ടത്. വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയില്‍ കോള്‍ഗേറ്റിന്റെ ഉല്‍പന്നങ്ങള്‍ സജീവമാണ്. ഭാരതീയ കുടുംബിനികൾ ആചാരപരമായി അണിയണമെന്ന് നിഷ്കർഷിക്കപ്പെടുന്ന കുങ്കുമത്തിൽ വരെ വിഷാംശം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

 പരിശോധനയില്‍ പരാജയപ്പെട്ട നിര്‍മ്മാണ കമ്പനികള്‍   

Vimac ന്‍റെ ഉല്‍പ്പന്നങ്ങളാണ് ഏറ്റവും കൂടുതല്‍ തവണ പരിശോധനയില്‍ ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തിയത്. ചെന്നൈ കേന്ദ്രീകരിച്ചുള്ള ഒരു കമ്പനിയാണ് ഇത്. തൊട്ടു പിറകില്‍ ഗുജറാത്തില്‍ നിന്നുള്ള കമ്പനിയായ Vimson Derma യും ഉണ്ട്. രാജസ്ഥാനില്‍ നിന്നും Pushp Henna, ഹിമാചലില്‍ നിന്നും Samanyu Skin Care, കര്‍ണ്ണാടകയില്‍ നിന്നും Spoorthi Herbals എന്നീ കമ്പനികളുടെ ഉല്‍പ്പന്നങ്ങളും  ഗുണനിലവാരമില്ലാത്തവയാണ്.  

പരിശോധനയിൽ പരാജയപ്പെട്ട ചില ഉല്‍പ്പന്നങ്ങളുടെ ബാച്ചുകൾ 2028 വരെ ഉപയോഗ കാലാവധി ഉള്ളതാണ്. പലതും ഇപ്പോഴും മാർക്കറ്റില്‍ ഉണ്ടാകാം. കൈവശമുള്ള ഉൽപ്പന്നം ആ ബാച്ചിൽപ്പെട്ടതാണോ എന്ന് ഉപഭോക്താക്കൾക്ക് സ്വയം പരിശോധിച്ച് ഉറപ്പാക്കാൻ പ്രായോഗിക മാർഗ്ഗങ്ങളില്ല. ഓൺലൈൻ ആയോ അല്ലാതെയോ ഒരു ഉൽപ്പന്നം വാങ്ങുമ്പോൾ അത് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട ബാച്ച് ആണോ എന്നറിയാൻ കഴിയില്ല. 

വിഷാംശം കണ്ടെത്തിയതും മറ്റ് ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ഉൽപ്പന്നങ്ങളുടെ പട്ടിക സി.ഡി.എസ്.സി.ഒയുടെ വെബ്‌സൈറ്റിൽ ലഭ്യമാണെങ്കിലും സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിലല്ല വിവരങ്ങൾ കൊടുത്തിട്ടുള്ളത്.  

NSQ (Not of Standard Quality ) മുന്നറിയിപ്പുകൾ ഇംഗ്ലീഷിൽ മാത്രമാണ് വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ളത്. ഹിന്ദിയിലോ മറ്റ് പ്രാദേശിക ഭാഷകളിലോ ഇത് ലഭ്യമല്ല. ഓരോ വർഷത്തെയും ഓരോ മാസവുമുള്ള പട്ടിക തെരഞ്ഞെടുത്ത്‌ പരിശോധിക്കണം. നാളിതു വരെ ലിസ്റ്റ് ചെയ്യപ്പെട്ട ഉല്പന്നങ്ങൾ മൊത്തത്തിൽ കണ്ട് മനസ്സിലാക്കാൻ കഴിയില്ല. നിരന്തരമായി ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘിക്കുന്നവയും പെട്ടെന്ന് കണ്ടു പിടിക്കാൻ കഴിയില്ല. ഡാറ്റാ വിശകലനത്തിനുള്ള സാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ചാണ് ഒബിസി ഇത്രയും വിവരങ്ങൾ കണ്ടെത്തിയത്.

ചുരുക്കത്തിൽ, വിഷാംശമുള്ള ഉൽപ്പന്നങ്ങൾ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്യുക എന്നത്  ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ദുഷ്കരമാണ്. അത് വിപണിയിലായാലും സർക്കാരിന്റെ സുരക്ഷാ സംവിധാനത്തിലായാലും.

(18 സംസ്ഥാനങ്ങളിൽ നിന്നുള്ള ഒക്ടോബർ മാസത്തിലെ വിവരങ്ങൾ സി ഡി എസ് സി ഒയുടെ വെബ്‌സൈറ്റിൽ ലഭ്യമല്ല)

ഗ്രാഫിക്സ്: വൈശാഖ് കെ


സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
സുജിത് എ

സുജിത് എ

ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകൻ, ഫാക്റ്റ് ചെക്കർ

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top