
ഡൽഹി സമരത്തിന്റെ പേരിൽ പ്രചരിച്ച വീഡിയോകളും ചിത്രങ്ങളും: സത്യാവസ്ഥ ഇതാണ്
ഡൽഹിയിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ നിരവധി വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്താണ് ഈ വാർത്തകളുടെ സത്യം. ഒബിസി നടത്തിയ അന്വേഷണം.
ഒക്ടോബർ 10ന് ‘സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ജന്തർ മന്തറിന് സമീപമുള്ള റോഡുകളിൽ നഗരസഭയുടെ വാഹനങ്ങൾ ബോധപൂർവം മാലിന്യം തള്ളുന്നു’ എന്ന തലക്കെട്ടോടെ X-ൽ ഒരു വീഡിയോ പങ്കുവയ്ക്കപ്പെട്ടു.

T-Rex എന്ന അക്കൗണ്ടിൽ പങ്കുവയ്ക്കപ്പെട്ട ഈ ദൃശ്യങ്ങൾക്ക് ഒക്ടോബർ 13 വരെ മാത്രം 20 ലക്ഷത്തിൽ അധികം വ്യൂസും രണ്ടായിരത്തിൽ അധികം റീ-ഷെയറുകളും ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുൻ നിര മാധ്യമങ്ങളിൽ ഒന്നായ ഡെക്കാൻ ഹെറാൾഡ് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിലും ഈ ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു. മലയാളത്തിൽ മീഡിയ വൺ ഈ ദൃശ്യങ്ങൾ പങ്കുവയ്ക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു.

സിജെപിക്ക് അനുകൂലമായും മുൻസിപ്പാലിറ്റിയുടെ നടപടികളെ അപലപിച്ചും ഈ പോസ്സ്റ്റുകളുടെ കമന്റ്ബോക്സുകളിൽ കമന്റുകൾ കാണാം. കൂടാതെ ദൃശ്യങ്ങൾ വ്യാജമാണെന്നുള്ള കമന്റുകളുമുണ്ട്. എന്താണ് ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ? ഒ ബി സി അന്വേഷിച്ചു.
ഈ ദൃശ്യങ്ങൾ ഞങ്ങൾ റിവേഴ്സ് ഇമേജ് സെർച്ചും, കീ വേർഡ് സെർച്ചും ചെയ്തപ്പോൾ,മുൻപ് മറ്റൊരു സംഭവവുമായി ബന്ധപ്പെട്ട് ഈ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു എന്ന് മനസ്സിലായി. 2026 ഓഗസ്റ്റ് 17ന് ഹരിയാനയിലെ പാനിപ്പത്തിൽ ശുചീകരണ തൊഴിലാളികൾ തങ്ങളുടെ തൊഴിൽപരമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ പ്രതിഷേധത്തിൽ നിന്നുമുള്ള ദൃശ്യങ്ങളാണ് അതെന്ന് സ്ഥിരീകരിച്ചു.

ഹരിയാനയിൽ നിന്നുള്ള ഈ ദൃശ്യങ്ങളാണ് ഇപ്പോൾ ജന്തർ മന്തറിലേതെന്നെ രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ റാലിക്ക് നേരെ വെടിയുതിർത്ത് ഡൽഹി പോലീസ്?
‘രാഹുൽ ഗാന്ധിക്കെതിരെ ആക്രമണം, ഡൽഹി പോലീസ് ഇന്ന് രാഹുൽ ഗാന്ധിയുടെ പ്രതിഷേധ റാലിക്ക് നേരെ വെടിയുതിർത്തു, അഞ്ച് പ്രവർത്തകർ കൊല്ലപ്പെട്ടു. സംഘർഷം രൂക്ഷമാകുന്നു.’ ഡൽഹിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇങ്ങനെ ഒരു തലക്കെട്ടോടെ ഒരു വീഡിയോ വൈറൽ ആവുന്നു. ഒക്ടോബർ 12-ന് Anushi Tiwari Indian എന്ന X അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് ഒക്ടോബർ 13 വരെ മാത്രം 253K വ്യൂസും 327 റീ-ഷെയറുകളും ലഭിച്ചിട്ടുണ്ട്.

ഇതിന്റെ സത്യാവസ്ഥയെ പറ്റി ഒ ബി സി അന്വേഷിച്ചു. റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിച്ച് ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ, ഈ വീഡിയോ മുൻപും പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലായി. കൂടാതെ ഈ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും, ഇത് പ്രചരിപ്പിക്കരുതെന്നും ഡൽഹി പോലീസ് അവരുടെ ഔദ്യോഗിക X അക്കൗണ്ടിൽ നിന്നും കമന്റ് ചെയ്തിട്ടുമുണ്ട്.

യഥാർത്ഥത്തിൽ 2020 ഫെബ്രുവരി 24ന് നോർത്ത്-ഈസ്റ്റ് ഡൽഹിയിലെ ചാന്ദ് ബാഗിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങളാണിത്. ജനങ്ങളും പോലീസും തമ്മിൽ ഉണ്ടായ ഈ സംഘർഷത്തിന്റെ ദൃശ്യങ്ങൾ NDTV 2020 മാർച്ച് 5-ന് അവരുടെ വെബ്സൈറ്റിൽ പങ്കുവച്ചിട്ടുണ്ട്.
മാധ്യമപ്രവർത്തക റാണ അയൂബിനൊപ്പം ഡീപ്-സ്റ്റേറ്റ് ഏജന്റുമാർ? സത്യമെന്ത്
സിജെപി സമരവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മറ്റൊരു വൈറൽ ചിത്രം മാധ്യമ പ്രവർത്തക റാണ അയൂബിന്റേതാണ്.

‘റാണ അയൂബിനോടൊപ്പമുള്ള വിദേശികൾ ആരാണ്, ഡീപ് സ്റ്റേറ്റ് ഏജന്റുകളാണോ?’ എന്ന തലക്കെട്ടോടെ X ലാണ് ഈ ചിത്രം പങ്കുവയ്ക്കപ്പെട്ടത്. 26.4k ഫോളോവേഴ്സ് ഉള്ള, നിരന്തരം ബിജെപി അനുകൂല പോസ്റ്റുകൾ പങ്കുവയ്ക്കുന്ന Moana എന്ന X അക്കൗണ്ടിലാണ് ഈ പോസ്റ്റ് പങ്കുവച്ചിട്ടുള്ളത്. ഒക്ടോബർ 13 വരെ മാത്രം ഈ പോസ്റ്റിന് 144k വ്യൂസും രണ്ടായിരത്തിലധികം റീ-ഷെയറുകളും ഏഴായിരത്തിൽ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. റാണ അയൂബിനെ ‘ജിഹാദി എന്നും വിദേശ ഏജന്റ്’ എന്നും വിളിച്ചുകൊണ്ടുള്ള കമന്റുകളാണ് ഈ പോസ്റ്റിന്റെ കമന്റ് ബോക്സിൽ നിറയെ.
ഈ വിഷയത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുന്നതിന്റെ ഭാഗമായി റാണ അയൂബിനെ ഒ ബി സി ബന്ധപ്പെട്ടു. ചിത്രത്തിലുള്ള വിദേശികൾ ഫ്രഞ്ച് മാധ്യമമായ ലെ-മോണ്ടെയുടെ പ്രതിനിധികളാണെന്ന് സ്ഥിരീകരിച്ചു.
ചുരുക്കത്തിൽ
ജന്തർ മന്തറിലേതെന്ന പേരിൽ പ്രചരിച്ച, മാലിന്യം തള്ളുന്ന ദൃശ്യങ്ങൾ 2026 ഓഗസ്റ്റ് 17ന് ഹരിയാനയിലെ പാനിപ്പത്തിൽ ശുചീകരണ തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തിന്റേതാണ്.
രാഹുൽ ഗാന്ധിയുടെ റാലിക്ക് നേരെ വെടിവയ്പ്പ് എന്ന പേരിൽ പങ്കുവച്ച വീഡിയോ 2020 ഫെബ്രുവരി 24ന് നോർത്ത്-ഈസ്റ്റ് ഡൽഹിയിലെ ചാന്ദ് ബാഗിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ ഉണ്ടായ സംഘർഷത്തിന്റേതാണ്. ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഡൽഹി പോലീസും തങ്ങളുടെ ഔദ്യോഗിക X അക്കൗണ്ടിൽ നിന്ന് അറിയിച്ചിരുന്നു.
റാണ അയൂബിനൊപ്പമുള്ള വിദേശികൾ ഫ്രഞ്ച് മാധ്യമമായ ലെ-മോണ്ടെയുടെ പ്രതിനിധികളാണെന്ന് അവർ ഒ ബി സിയോട് സ്ഥിരീകരിച്ചു.

അനന്തു ഗോപിദാസ്
അനന്തു ഗോപിദാസ് ഒബിസി യിലെ ജേർണലിസ്റ്റ് ആണ്.
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക