
ഏത് ക്രീം തേച്ചാലും വെളുപ്പിച്ചെടുക്കാനാവാത്ത വിപണിയുടെ രാഷ്ട്രീയം
ഫെയർനെസ് ക്രീം ഉപയോഗിച്ച് വൃക്കരോഗം വരുന്നത് ഉപഭോക്താക്കളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ കുറ്റമാണ് എന്ന ആഖ്യാനം പ്രബലമാണ് സാമൂഹ്യ മാധ്യമ ചർച്ചകളിൽ. അപകടകരമായ അളവിൽ രാസമാലിന്യം കലർന്ന കുടിവെള്ളം ഉപയോഗിച്ച് രോഗം ബാധിക്കുന്നത് ആരുടെ കുറ്റമാണ്? 2022 ൽ നടന്ന ഒരു പഠനത്തിൽ സാനിറ്ററി പാഡുകളിൽ രാസമാലിന്യം അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2025 ൽ മധ്യപ്രദേശിൽ ഡൈ എഥിലീൻ ഗ്ലൈക്കോൾ എന്ന രാസപദാർത്ഥം കലർന്ന ചുമ മരുന്ന് കഴിച്ച് 24 കുട്ടികളാണ് മരണപ്പെട്ടത്. ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? സാനിറ്ററി പാഡ് ഉപയോഗിക്കുന്ന സ്ത്രീകളെയോ? ഡോക്ടർ കുറിച്ച് കൊടുത്ത ചുമ മരുന്ന് വാങ്ങി കുഞ്ഞുങ്ങൾക്ക് കൊടുത്ത രക്ഷിതാക്കളെയോ? സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്ന സർക്കാർ സംവിധാനങ്ങളെയും ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കമ്പനികളേയും രക്ഷിച്ചെടുക്കുന്ന തരം ആഖ്യാന നിർമിതിയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത്.
ഇൻസ്റ്റഗ്രാമിലെ പരസ്യം കണ്ട് ‘എഫ് ട്യൂൺ’ (Ftune) എന്ന ക്രീം ഉപയോഗിച്ച മലപ്പുറം അരീക്കോട് സ്വദേശിയായ 17 വയസ്സുകാരിക്ക് മെംബ്രനസ് നെഫ്രോപ്പതി (Membranous Nephropathy) എന്ന ഗുരുതര വൃക്കരോഗം ബാധിച്ചതായുള്ള റിപ്പോർട്ടുകൾ ഈയിടെയാണ് പുറത്തുവന്നത്. ഏകദേശം ഒരു വർഷം ഈ പെൺകുട്ടി ക്രീം ഉപയോഗിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ക്രീമിൽ 12,500 പി.പി.എം. (ppm) മെർക്കുറി കണ്ടെത്തിയെന്ന് ചികിത്സിക്കുന്ന ഡോക്ടർ തന്നെ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഇന്ത്യയിൽ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമ പ്രകാരം കണ്ണിന് ചുറ്റും ഉപയോഗിക്കുന്നവ ഒഴികെയുള്ള സൗന്ദര്യവർധക ഉൽപ്പന്നങ്ങളിൽ മനഃപൂർവമല്ലാത്ത കലർപ്പായി (unintentional impurity) അനുവദിക്കുന്ന പരമാവധി മെർക്കുറി അളവ് ഒരു പി.പി.എം. ആണ്. അതായത്, എഫ് ട്യൂണിൽ കണ്ടെത്തിയത് അനുവദനീയ പരിധിയുടെ 12,500 മടങ്ങ് മെർക്കുറിയാണ്. ക്രീം നിർമ്മാതാവിനെ പ്രതിയാക്കി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ഇതിനകം തന്നെ കേസെടുത്തിട്ടുണ്ട്.

കുറ്റം ഉപഭോക്താവിന്റെ തലയിലിട്ട് വിപണിയെ രക്ഷിച്ചെടുക്കുന്ന തന്ത്രം
സൗന്ദര്യവർധക ഉൽപ്പന്നങ്ങളിലെ വിഷാംശത്തെക്കുറിച്ചും ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ചും വലിയ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ‘എന്തിനാണ് കണ്ണിൽ കണ്ടതെല്ലാം വാരിത്തേച്ച് അസുഖം വരുത്തുന്നത്’ എന്ന നിഷ്കളങ്ക പരിഭവങ്ങളും സ്ത്രീകളുടെ ‘വാരിത്തേക്കുന്ന’ സ്വഭാവത്തെക്കുറിച്ചുള്ള കുറ്റപ്പെടുത്തലുകളും ഒട്ടും കുറവല്ല. ‘അഹങ്കാരികളായ പെണ്ണുങ്ങൾ വരുത്തിവെച്ച ദുരന്തം’ എന്നു വിശേഷിപ്പിക്കുന്നവരും ഉണ്ട്. സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നത് സ്ത്രീകളാണെന്നും (സ്ത്രീകൾ മാത്രമാണെന്നും) അതുകൊണ്ട് ഇത് അവരുടെ അത്യാഗ്രഹത്തിന് കിട്ടിയ തിരിച്ചടിയാണെന്നും വരെ അവയിൽ ധ്വനിയുണ്ട്.

സ്ത്രീകൾക്ക് നേരെയുള്ള അധിക്ഷേപം മാത്രമല്ല പ്രശ്നം. ഒരു ഉൽപ്പന്നത്തിന്റെ വിപണി നിയന്ത്രണത്തിലും ഗുണനിലവാര പരിശോധനയിലും സംഭവിച്ച വീഴ്ചയെ കുറിച്ച് ചർച്ച ചെയ്യുന്നതിന് പകരം ഉപഭോക്താക്കളെ കുറ്റപ്പെടുത്തുന്ന പ്രവണതയാണ് കാണുന്നത്. ഇതേ മാസം ഈ ദിവസങ്ങളിൽ പുറത്തുവന്ന മറ്റൊരു വാർത്ത പരിശോധിച്ചാൽ തന്നെ ഈ കുറ്റപ്പെടുത്തലിന്റെ യുക്തിരാഹിത്യം ബോധ്യമാവും. രാജ്യത്ത് ഏറ്റവും സുരക്ഷിതമെന്ന് പൊതുവെ കരുതപ്പെടുന്ന കുപ്പിവെള്ളമാണ് അവിടെ വില്ലൻ.
കുപ്പിവെള്ളത്തിൽ കീടനാശിനി
2026 നവംബർ 22-ന്, രാജ്യത്തെ പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്ലേരിയുടെ ഒരു സാമ്പിൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകിയതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അറിയിക്കുന്നു. പരിശോധനാഫലത്തിൽ നിന്ന് മനസ്സിലാവുന്നത് ബിസ്ലേരിയുടെ കുടിവെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ് കലർന്നിരുന്നു എന്നാണ്. ജലശുദ്ധീകരണത്തിനിടെ, പ്രത്യേകിച്ച് ഓസോൺ ഉപയോഗിച്ചുള്ള അണുനശീകരണത്തിൽ, രൂപപ്പെടാവുന്ന മാലിന്യവസ്തുവാണ് ബ്രോമേറ്റ്.
ഇന്ത്യയിൽ കുപ്പിവെള്ളത്തിൽ അനുവദിക്കുന്ന ബ്രോമേറ്റിന്റെ പരമാവധി അളവ് ലിറ്ററിന് 10 മൈക്രോഗ്രാം (10 µg/L) ആണ്. ആദ്യ പരിശോധനയിൽ 12 മൈക്രോഗ്രാം ബ്രോമേറ്റ് കണ്ടെത്തിയതായി റിപ്പോര്ട്ട് ചെയ്യപ്പെട്ടിരുന്നു.

ബിസ്ലേരിയുടെ അപ്പീലിനെത്തുടർന്ന് റഫറൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ബ്രോമേറ്റ് അളവ് പരിധിക്കുള്ളിലാണെന്നും പകരം പോളിന്യൂക്ലിയർ അരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (PAH) സാന്നിധ്യം കണ്ടെത്തിയെന്നുമാണ് കമ്പനിയുടെ വിശദീകരണം. എന്നാൽ റഫറൽ ലബോറട്ടറിയും സാമ്പിൾ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചതായി FSSAI അറിയിക്കുന്നു. അതേ സമയം കുടിവെള്ളം സുരക്ഷിതമാണെന്നും പരിശോധനാഫലങ്ങളിലെ വ്യത്യാസം വിശദീകരിക്കപ്പെടണമെന്നും FSSAI-യുടെ നോട്ടീസ്, അതോറിറ്റിയുടെ വെബ്സൈറ്റിൽ കണ്ടെത്താനായില്ലെന്നും കമ്പനി വാദിക്കുന്നു.
എന്നാൽ ഈ വാർത്തയ്ക്കു താഴെ കുപ്പിവെള്ളം കുടിച്ചവരെ ആരും ‘അഹങ്കാരികൾ, അനുഭവിച്ചോ’ എന്ന് ആക്ഷേപിക്കുന്നില്ല. സ്വന്തമായി വെള്ളം തിളപ്പിച്ച് കൈയില് കരുതാതെ കുപ്പിവെള്ളം വാങ്ങിയവരുടെ ’അത്യാഗ്രഹ’ത്തെക്കുറിച്ച് പരിഭവപ്പെടുന്നുമില്ല.
രണ്ടിടത്തും ഉപഭോക്താവ് ചെയ്തത് ഒരേ കാര്യമാണ്; വിപണിയിൽ ലഭ്യമായ ഒരു ഉൽപ്പന്നം വിശ്വസിച്ച് വാങ്ങി ഉപയോഗിച്ചു. ഒരിടത്ത് അത് ‘അനാവശ്യ സൗന്ദര്യഭ്രമം’ ആയും മറ്റൊരിടത്ത് ‘ആവശ്യം’ ആയും വ്യാഖ്യാനിക്കപ്പെടുന്നു എന്നു മാത്രം. ഈ രണ്ട് വിഷയങ്ങളിലെയും യഥാർത്ഥപ്രശ്നം ഉപഭോക്താക്കളോ അവരുടെ ഉദ്ദേശ്യമോ അല്ല. വിപണിയില് ലഭ്യമായ ഒരു ഉത്പന്നം ജീവന് ഭീഷണി ആണെന്ന് തെളിയിക്കപ്പെടുമ്പോൾ ആ ചർച്ച വിരൽ ചൂണ്ടേണ്ടത് പരാജയപ്പെടുന്ന ഗുണനിലവാര പരിശോധനയിലേക്കും സുരക്ഷാ/നിയന്ത്രണ സംവിധാനങ്ങളിലേക്കുമാണ്. അല്ലാതെ ഉപഭോക്താക്കളുടെ നേർക്കല്ല.
ലൈസൻസുള്ള, വിശ്വസനീയ ബ്രാൻഡുകൾ വാങ്ങുക എന്നത് പരിഹാരമാണോ?
രാജ്യത്തെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡുകളിലൊന്നാണ് ബിസ്ലേരി. ‘ലൈസൻസുള്ളതും അംഗീകൃതവുമായ ഉൽപ്പന്നം മാത്രം വാങ്ങുക’ എന്ന ഉപദേശം ഇവിടെ ഉപഭോക്താവിനെ സംരക്ഷിക്കുന്നില്ല.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് 2003 ഫെബ്രുവരിയിൽ ഒരു പഠനറിപ്പോർട്ട് പുറത്ത് വിട്ടു. ഡൽഹിയിലെ 17 കുപ്പിവെള്ള ബ്രാൻഡുകളിലും മുംബൈയിലെ 13 ബ്രാൻഡുകളിലും കീടനാശിനി അവശിഷ്ടങ്ങൾ ഇവരുടെ പഠനത്തിൽ കണ്ടെത്തി. യൂറോപ്യൻ മാനദണ്ഡവുമായി താരതമ്യം ചെയ്തപ്പോൾ ബിസ്ലേരിയിൽ അനുവദനീയ പരിധിയുടെ 79 മടങ്ങും കിൻലിയിൽ 14.6 മടങ്ങും കീടനാശിനിയുണ്ടായിരുന്നു. അന്ന് BIS മാനദണ്ഡങ്ങളിലെ പരിശോധനാരീതികളിൽ വ്യക്തതയില്ലാതിരുന്നതിനാലാണ് യൂറോപ്യൻ മാനദണ്ഡം ഉപയോഗിക്കേണ്ടിവന്നത്.
കേരളത്തിൽ 2016-ൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിലും കിൻലി, കിംഗ്ഫിഷർ ഉൾപ്പെടെയുള്ള ബ്രാൻഡുകളുടെ സാമ്പിളുകളിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയിരുന്നു. തൃശ്ശൂർ, ആലപ്പുഴ ജില്ലകളിൽനിന്ന് ശേഖരിച്ച സാംപിളുകളിലാണ് ഇത് കണ്ടെത്തിയത്.
2018-ൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ വിറ്റിരുന്ന കുപ്പിവെള്ളത്തിലും ഇ.കോളി, കോളിഫോം ബാക്ടീരിയ, ഫംഗസ് എന്നിവ കണ്ടെത്തി; പ്രോസിക്യൂഷൻ നടപടികൾ തുടരുന്നതിനാൽ കമ്പനികളുടെ പേരുകൾ അന്ന് വെളിപ്പെടുത്തിയിരുന്നില്ല.
2019-ൽ വൃത്തിഹീനമായ ജലസ്രോതസ്സ്, ശാസ്ത്രീയമല്ലാത്ത പാക്കിങ്, അമിതമായ അളവിൽ വെള്ളി അംശം എന്നിവ കണ്ടെത്തിയതിനെത്തുടർന്ന് മക്ഡൊവൽസ് കുടിവെള്ളം കേരളത്തിൽ നിരോധിച്ചു.
സംസ്ഥാനത്തെ 106 കുടിവെള്ളപ്ലാന്റുകളിൽ ഭൂരിഭാഗവും ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന വാദം പരിഗണിച്ച കേരള ഹൈക്കോടതി, 2021 ൽ അനധികൃത യൂണിറ്റുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാരിന് നിർദേശം നൽകി.
2023–24-ൽ ദേശീയതലത്തിൽ നടത്തിയ പരിശോധനയിൽ 1,300 പാക്കേജ്ഡ് കുടിവെള്ള സാമ്പിളുകളിൽ 333 എണ്ണം, അഥവാ നാലിലൊന്ന്, ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. സർക്കാർ പാർലമെന്റിൽ അറിയിച്ചതാണ് ഇക്കാര്യം. ഇതെല്ലാം സംഭവിച്ചത്, 2019-ൽ കേരള സർക്കാർ തന്നെ ’അവശ്യവസ്തു’വായി പ്രഖ്യാപിച്ച ഒരു ഉൽപ്പന്നത്തിന്റെ കാര്യത്തിലാണ് – കുടിവെള്ളം.
‘കുടിവെള്ളം -ഉയർന്ന അപകട സാധ്യതയുള്ള ഭക്ഷ്യവസ്തു’
കുടിവെള്ളം വിപണിയിൽ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത സർക്കാർ തലത്തിൽ അംഗീകരിക്കപ്പെട്ടപ്പോഴും അതിന്റെ സുരക്ഷ ഉറപ്പാക്കുന്ന സംവിധാനം ശക്തിപ്പെട്ടില്ല എന്ന് വേണം മനസ്സിലാക്കാൻ. 2024 ഒക്ടോബറിൽ കുപ്പിവെള്ളത്തിന് നിർബന്ധമായിരുന്ന BIS സർട്ടിഫിക്കേഷൻ ഒഴിവാക്കി. തുടർന്ന് നവംബർ 29 മുതൽ ഭക്ഷ്യ സുരക്ഷാ അതോറിറ്റി (FSSAI) കുപ്പിയിലടച്ച കുടിവെള്ളത്തെ ’ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷ്യവിഭാഗ’മായി പ്രഖ്യാപിച്ച് വാർഷിക പരിശോധന നിർബന്ധമാക്കി. രാജ്യവ്യാപകമായി സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുമെന്ന് FSSAI സി.ഇ.ഒ, രജിത് പുൻഹാനി പ്രഖ്യാപിച്ചത് ബിസ്ലേരി കേസ് വാർത്തയായതിനു ശേഷം മാത്രമാണ്. അതായത് രണ്ട് വർഷത്തിന് ശേഷം 2026 നവംബർ 25-ന്.
മെർക്കുറിയുള്ളത് ലൈസൻസില്ലാത്ത സൗന്ദര്യ വർധക ഉൽപ്പന്നങ്ങളിൽ മാത്രമല്ല
അരീക്കോട് സംഭവത്തിലെ ഫെയർനെസ് ക്രീം ലൈസൻസില്ലാത്തതായിരുന്നു എന്നത് ശരിയാണ്. ‘നിയമവിരുദ്ധ ഉൽപ്പന്നം വാങ്ങിയത് ഉപഭോക്താവിന്റെ തെറ്റാണ്’ എന്ന് വാദിക്കുന്നവരുണ്ടാകും. എന്നാൽ നിയമപരമായി വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ കാര്യമോ?
ശാസ്ത്ര പരിസ്ഥിതി ഗവേഷണകേന്ദ്രം ( CSE) 2014 ജനുവരിയിൽ പരിശോധിച്ച 32 ഫെയർനെസ് ക്രീമുകളിൽ 14 എണ്ണത്തിലും മെർക്കുറി കണ്ടെത്തിയിരുന്നു. പ്രമുഖ ഇന്ത്യൻ, വിദേശ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും ഇതിൽ പെടുന്നു. ഇന്ത്യയിൽ സൗന്ദര്യവർധക വസ്തുക്കളിൽ മെർക്കുറി ചേർക്കുന്നത് അന്നേ നിരോധിച്ചിരുന്നു. എന്നിട്ടും കടകളിൽ നിയമപരമായി വിറ്റിരുന്ന ഉൽപ്പന്നങ്ങളിൽ മെർക്കുറി കണ്ടെത്തി. കണ്ടെത്തിയത് സർക്കാർ സംവിധാനമല്ല, ഒരു സർക്കാരിതര സംഘടനയാണ്.
ഫെയർനെസ് ക്രീമുകളിൽ പ്രധാനമായും ആശങ്കയുണ്ടാക്കുന്നത് മെർക്കുറി, ഹൈഡ്രോക്വിനോൺ, ശക്തിയേറിയ ടോപ്പിക്കൽ സ്റ്റിറോയ്ഡുകൾ എന്നിവയാണ്. ത്വക്കിന് ഇരുണ്ട നിറം നൽകുന്ന മെലാനിൻ ഉൽപ്പാദനം കുറയ്ക്കാനാണ് മെർക്കുറിയും ഹൈഡ്രോക്വിനോണും ഫെയർനെസ് ക്രീമുകളിൽ ചേർക്കുന്നത്. തുടർച്ചയായ ഉപയോഗത്തിലൂടെ ഇവ ശരീരത്തിൽ അടിഞ്ഞുകൂടി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. ചർമ്മരോഗങ്ങൾ , നാഡീവ്യൂഹ തകരാറുകൾ, വൃക്കരോഗം എന്നിവയ്ക്ക് മെർക്കുറി കാരണമാകാം. ഗർഭിണികൾ, ഗർഭസ്ഥശിശുക്കൾ, കുട്ടികൾ എന്നിവർക്കാണ് കൂടുതൽ അപകടസാധ്യത.
കുറിപ്പടി പോലും നിർബന്ധമില്ലാത്ത സ്റ്റിറോയിഡുകൾ
സ്റ്റിറോയ്ഡുകളുടെ കാര്യമാണ് ഏറ്റവും അപകടകരം. ബീറ്റാമെത്തസോൺ വാലറേറ്റ് പോലുള്ള ശക്തിയേറിയ സ്റ്റിറോയ്ഡ് ക്രീമുകൾ ഇന്ത്യയിൽ കുറിപ്പടിയില്ലാതെ ലഭ്യമാണ്. അവ ഫെയർനെസ് ക്രീമാണെന്ന ധാരണയിൽ ഉപയോഗിക്കപ്പെടുന്നുമുണ്ട്.
2011-ലെ ഒരു പഠനത്തിൽ, മുഖത്തെ ചർമ്മരോഗങ്ങൾക്ക് ചികിത്സ തേടിയ 2,926 പേരിൽ 433 പേർ സ്റ്റിറോയ്ഡ് ക്രീം ഉപയോഗിച്ചിരുന്നു. അവരിൽ 29 ശതമാനം പേർ അത് ഫെയർനെസ് ക്രീമായാണ് ഉപയോഗിച്ചിരുന്നത്. ഡോക്ടറുടെ നിര്ദേശം ഇല്ലാതെ മരുന്ന് കടയിൽനിന്ന് ആർക്കും വാങ്ങാനാകുമ്പോൾ, ആ വീഴ്ചയും ഉപഭോക്താവിന്റെ കണക്കിൽ എഴുതാനാവുമോ? അത്രയേറെ ചിന്തിച്ച്, പരിണിതഫല ഗവേഷണവും നടത്തിയിട്ടല്ല ദൈനംദിന ജീവിതത്തില് ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങുന്നത്.
2024-ൽ കോട്ടക്കൽ ആസ്റ്റർ മിംസിൽ നടന്ന പഠനത്തിൽ, NELL-1 വൃക്കരോഗം ബാധിച്ച 15 പേരിൽ 13 പേരും ഫെയർനെസ് ക്രീം ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. കേരളത്തിലെ നെഫ്രോളജിസ്റ്റുകൾ ഏകദേശം അഞ്ച് വർഷമായി ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മുഖ്യധാരാ മാധ്യമങ്ങളിൽ ഇവ ചർച്ചയാവുന്നില്ലെന്ന് മാത്രം. 2026 ജൂലൈയിൽ നാഗ്പൂരിൽ പാകിസ്ഥാൻ നിർമ്മിത ക്രീം ഉപയോഗിച്ച സ്ത്രീകൾക്ക് വൃക്കരോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് മഹാരാഷ്ട്ര ഭക്ഷ്യ-മരുന്ന് സുരക്ഷാ വകുപ്പ് ആ ഉൽപ്പന്നം നിരോധിച്ചിരുന്നു.
ഒരു മാസം പിടിച്ചെടുത്തത് 10 ലക്ഷം രൂപയുടെ അനധികൃത ഉൽപ്പന്നങ്ങൾ
2026 ഓഗസ്റ്റിൽ കേരളത്തിൽ നടന്ന ’ഓപ്പറേഷൻ സൗന്ദര്യ’യിൽ ലൈസൻസില്ലാതെ നിർമ്മിച്ച, ഏകദേശം 10 ലക്ഷം രൂപ വിലയുള്ള ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. അമിതമായ അളവിൽ ഘനലോഹങ്ങളുള്ളതും ഇറക്കുമതി രജിസ്ട്രേഷൻ ഇല്ലാത്തതുമായ ഗോറി ബ്യൂട്ടി ക്രീം, ചാന്ദ്നി വൈറ്റനിംഗ് ക്രീം എന്നിവയ്ക്കെതിരെ CDSCO രാജ്യവ്യാപക മുന്നറിയിപ്പ് പുറപ്പെടുവിച്ചത് 2026 സെപ്റ്റംബറിൽ മാത്രമാണ്.
ഇത്തരത്തില് പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് വൈറലാകുന്ന രജിസ്ട്രേഷനില്ലാത്ത ക്രീമുകൾ ഇൻസ്റ്റഗ്രാമിൽ പരസ്യം ചെയ്യുന്നതിനോ വിൽക്കുന്നതിനോ ഇതുവരെ ഒരു തടസ്സവും ഏർപ്പെടുത്തിയിട്ടില്ല. ഒരു ഉൽപ്പന്നം ലൈസൻസുള്ളതാണോ എന്ന് കണ്ടെത്തേണ്ട ഉത്തരവാദിത്തം ഉപഭോക്താവിനു മേൽ വരുന്നു എന്നതുതന്നെ ഭരണസംവിധാനത്തിന്റെ പരാജയമാണ്.
‘വെളുത്ത് പാറാനുള്ള’ക്രീം മാത്രമല്ല , സിന്ദൂരവും അപകടകാരി തന്നെ
‘സൗന്ദര്യഭ്രമം’ കൊണ്ടല്ലേ എന്ന ആരോപണം ഏറ്റവും ദുർബലമാകുന്നത് സിന്ദൂരത്തിന്റെ കാര്യത്തിലാണ്. ലിപ്സ്റ്റിക്കിലും ഫെയർനെസ് ക്രീമിലും മാത്രമല്ല മാരകമായ അളവിൽ രാസപദാർത്ഥങ്ങൾ ഉള്ളത്. ’ഭാരതീയ കുടുംബിനി’യുടെ പ്രതീകമായി സമൂഹം തന്നെ സ്ത്രീകളോട് അണിയാൻ ആവശ്യപ്പെടുന്ന സിന്ദൂരം നോക്കാം. ചില സിന്ദൂരങ്ങളിൽ നിറത്തിനായി ചേർക്കുന്നത് ലെഡ് ടെട്രോക്സൈഡാണ്.

2017-ൽ റട്ജേഴ്സ് സർവകലാശാല നടത്തിയ പഠനത്തിൽ, ഇന്ത്യയിൽനിന്നുള്ള സിന്ദൂര സാമ്പിളുകളിൽ 43 ശതമാനത്തിലും അനുവദനീയമായ അളവിൽ കൂടുതൽ ലെഡ് അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ആചാരത്തിന്റെ ഭാഗമായി അണിയുന്ന ഒരു വസ്തുവിൽ വിഷം കലരുമ്പോൾ ആരുടെ ഭ്രമത്തെയാണ് കുറ്റപ്പെടുത്തേണ്ടത്?
കുഞ്ഞുങ്ങൾക്കുള്ള ഉല്പന്നങ്ങളിലും വിഷാംശം
കുഞ്ഞുങ്ങൾക്കായി രക്ഷിതാക്കൾ വാങ്ങുന്ന ബേബി പൗഡറിന്റെ കാര്യത്തിലും ഇതേ ചോദ്യമുണ്ട്. ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡറിന്റെ സാമ്പിൾ 2018 ഡിസംബറിൽ പിടിച്ചെടുത്തിരുന്നു. നാല് വർഷത്തിനു ശേഷം, 2022-ൽ, കമ്പനിയുടെ നിർമ്മാണ ലൈസൻസ് റദ്ദാക്കുകയും ചെയ്തിരുന്നു. 2023 ജനുവരിയിൽ ബോംബെ ഹൈക്കോടതിയാണ് പിന്നീട് ലൈസൻസ് പുനസ്ഥാപിക്കുന്നത്.
ഒരു ഉൽപ്പന്നം സുരക്ഷിതമാണോ എന്ന ചോദ്യത്തിന് സമയബന്ധിതമായി ഉത്തരം നൽകാൻ പോലും സർക്കാർ സംവിധാനത്തിന് കഴിയാത്ത പക്ഷം ഉപഭോക്താവ് നേരിട്ട് ലാബുകളെ സമീപിക്കുകയാണോ ചെയ്യേണ്ടത് എന്ന ചോദ്യം ഉയരുന്നു.
‘സൗന്ദര്യഭ്രമ’മെന്ന കുറ്റപ്പെടുത്തൽ സ്ത്രീകൾക്ക് നേരെ മാത്രമോ?
‘സൗന്ദര്യഭ്രമ’ കുറ്റപ്പെടുത്തലുകളിലെ ലിംഗപക്ഷപാതവും കാണാതെ പോകരുത്. ശാസ്ത്ര പരിസ്ഥിതി ഗവേഷണകേന്ദ്രം 2014-ൽ പരിശോധിച്ച 32 ഫെയർനെസ് ക്രീമുകളിൽ ആറെണ്ണം പുരുഷന്മാർക്കുള്ളവയായിരുന്നു. ചിലർ സ്റ്റിറോയ്ഡ് ക്രീമുകൾ ആഫ്റ്റർ ഷേവായി ഉപയോഗിച്ചിരുന്നതായും 2011-ലെ പഠനം ചൂണ്ടിക്കാണിക്കുന്നു.
അരീക്കോട് സംഭവം പുറത്തുവന്നതിന് പിന്നാലെ,ഗായകൻ സലിം കോടത്തൂർ ഫെയർനെസ് ക്രീം ഉപയോഗിച്ചത് കൊണ്ടുണ്ടായ തിക്താനുഭവം വെളിപ്പെടുത്തിയിട്ടുണ്ട്. പത്ത് വർഷം മുമ്പ് ഒരു സുഹൃത്ത് നിർദേശിച്ച ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് തനിക്കും മെംബ്രനസ് നെഫ്രോപ്പതി ബാധിച്ചുവെന്നും മാസങ്ങളോളം ചികിത്സ വേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. 2024 ൽ കോട്ടക്കൽ മിംസിൽ നടന്ന പഠനത്തിലും, വിവാഹത്തിന് തയ്യാറെടുക്കുന്നതിനിടെ രണ്ട് മാസം ക്രീം ഉപയോഗിച്ച 29 വയസ്സുള്ള ഒരു യുവാവിന്റെ കേസുണ്ടായിരുന്നു.
സൗന്ദര്യവർധക വസ്തുക്കളുടെ ഉപഭോക്താക്കൾ സ്ത്രീകൾ മാത്രമല്ല എങ്കിലും പഴി വരുന്നത് കൂടുതലും സ്ത്രീകൾക്ക് നേരെയാണ്.
സാനിറ്ററി പാഡിലും രാസമാലിന്യ സാന്നിധ്യം
ആർക്കും ‘അനാവശ്യം’ എന്ന് പറയാനാകാത്ത ഒരു ഉൽപ്പന്നമാണ് സാനിറ്ററി പാഡ്.
2022 നവംബർ 21-ന് ഡൽഹി ആസ്ഥാനമായ ടോക്സിക്സ് ലിങ്ക് ‘റാപ്പ്ഡ് ഇൻ സീക്രസി’ (Wrapped in Secrecy) എന്ന ഒരു പഠനം പുറത്തിറക്കി. പ്രോക്ടർ ആൻഡ് ഗാംബിളിന്റെ ‘വിസ്പർ അൾട്രാ ക്ലീൻ’ ഉൾപ്പെടെ ഇന്ത്യയിൽ വിൽക്കുന്ന പത്ത് സാനിറ്ററി പാഡ് ബ്രാൻഡുകൾ പരിശോധിച്ചപ്പോൾ എല്ലാ സാമ്പിളുകളിലും ഫ്താലേറ്റുകളും വോളറ്റൈൽ ഓർഗാനിക് സംയുക്തങ്ങളും (VOC) കണ്ടെത്തി. ‘ഓർഗാനിക്’ എന്ന ലേബലിൽ വിൽക്കുന്ന പാഡുകളിലും ഉയർന്ന അളവിൽ VOC ഉണ്ടായിരുന്നു. ഈ അളവുകൾ അപകടകരമാണോ എന്ന് സ്ഥിരീകരിക്കാൻ പോലും ഇന്ത്യയിൽ സാധ്യമല്ല. കാരണം ഇന്ത്യയിലെ നിയമം ഇത്തരം പദാർത്ഥങ്ങളുടെ അനുവദനീയമായ പരിധി നിശ്ചയിച്ചിട്ടില്ല.

2025 ഫെബ്രുവരി 7-ന് ഈ വിഷയത്തിൽ ലോക്സഭയിൽ ചോദ്യം വന്നപ്പോൾ, ഫ്താലേറ്റ് പരിശോധന ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ 2024 ഒക്ടോബർ ഒന്ന് മുതൽ നിർബന്ധമാക്കിയെന്നാണ് സർക്കാർ മറുപടി നൽകിയത്. ഫ്താലേറ്റിനോ മറ്റേതെങ്കിലും രാസവസ്തുവിനോ അനുവദനീയ പരിധി എത്രയെന്ന് മറുപടിയിൽ ഇല്ല. വൊളറ്റയിൽ ഓർഗാനിക് സംയുക്തങ്ങളെ കുറിച്ച് ഒരു പരാമർശവുമില്ല. ചേരുവകളുടെ പട്ടിക പാക്കറ്റിൽ വെളിപ്പെടുത്തുന്നത് പരിഗണനയിലുണ്ടോ എന്ന ചോദ്യത്തിനും ഉത്തരമില്ല. മാസംതോറും ഉപയോഗിക്കേണ്ടി വരുന്ന ഒരു അവശ്യവസ്തുവിൽ എന്താണുള്ളതെന്ന് അറിയാനുള്ള അവകാശം പോലും സ്ത്രീകൾക്കില്ല. ഇവിടെ ആരെയാണ് ’സൗന്ദര്യഭ്രമ’ത്തിന് കുറ്റപ്പെടുത്താനാവുക?
കുഞ്ഞുങ്ങളെ കൊല്ലുന്ന മരുന്നുകൾ
ഏറ്റവും ക്രൂരമായ ഉദാഹരണം കുട്ടികൾക്കുള്ള മരുന്നാണ്. 2025-ൽ മധ്യപ്രദേശിലെ ഛിന്ദ്വാരയിൽ ‘കോൾഡ്രിഫ്’ കഫ് സിറപ്പ് കഴിച്ച് കുറഞ്ഞത് 24 കുട്ടികൾ മരിച്ചു. തമിഴ്നാട്ടിലെ ശ്രേസൻ ഫാർമ എന്ന കമ്പനി നിർമ്മിച്ച മരുന്നാണിത്. മരിച്ചവരിൽ മിക്ക കുട്ടികളും അഞ്ചു വയസ്സിൽ താഴെയുള്ളവരായിരുന്നു. വൃക്ക തകരാറിലായതായിരുന്നു മരണകാരണം. സിറപ്പിൽ 46.28 ശതമാനം ഡൈഎഥിലീൻ ഗ്ലൈക്കോൾ ഉണ്ടായിരുന്നുവെന്ന് സർക്കാർ പാർലമെന്റിനെ അറിയിച്ചു, ഡൈഎഥിലീൻ ഗ്ലൈക്കോളിന്റെ അനുവദനീയ പരിധി 0.1 ശതമാനം മാത്രമാണ്.
ഡോക്ടർ കുറിച്ചുകൊടുത്ത മരുന്ന് വാങ്ങി കുഞ്ഞിന് നൽകിയ മാതാപിതാക്കളെ കുറ്റപ്പെടുത്താനാവുമോ?
തമിഴ്നാട് സർക്കാർ 2011 ൽ നൽകിയ കമ്പനിയുടെ ലൈസൻസ് 2016-ൽ പുതുക്കി. രാജ്യത്തെ മരുന്ന് വിപണി നിയന്ത്രിക്കാൻ ചുമതലപ്പെട്ട കേന്ദ്ര സർക്കാർ സ്ഥാപനമായ CDSCO-യെ ഇക്കാര്യം അറിയിച്ചിരുന്നില്ല. 2023-ൽ നടത്തേണ്ടിയിരുന്ന നിർബന്ധിത പരിശോധനകൾ നടത്താത്തതിന് രണ്ട് മുതിർന്ന ഡ്രഗ് ഇൻസ്പെക്ടർമാരെ പിന്നീട് സസ്പെൻഡ് ചെയ്തു. കമ്പനി ഉടമ അറസ്റ്റിലായി, ലൈസൻസ് റദ്ദാക്കി. പക്ഷേ ഈ നടപടികളെല്ലാം വന്നത് കുട്ടികൾ മരിച്ചതിനു ശേഷമാണ്.
ജീവനെടുത്തതിന് ശേഷം മാത്രം സംഭവിക്കുന്ന നിയമനടപടികൾ
നടപടി വന്നാലും അത് എത്ര വൈകി വരുന്നു എന്നതിന് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ കേസ് ഉദാഹരണമാണ്.
2013 ഡിസംബറിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്തതിന് വിയറ്റ്നാം ചില ഇന്ത്യൻ കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തി. 2014 മാർച്ചിൽ ഡ്രഗ് ഇൻസ്പെക്ടർമാർ മെയ്ഡന്റെ പ്ലാന്റിൽ പരിശോധന നടത്തി. ഒൻപത് വർഷം നീണ്ട നിയമനടപടികൾക്കൊടുവിൽ ഹരിയാനയിലെ സോനിപത് കോടതി കമ്പനിയുടെ ഡയറക്ടർക്കും ടെക്നിക്കൽ ഡയറക്ടർക്കും രണ്ടര വർഷം കഠിനതടവ് വിധിച്ചു. ഗുണനിലവാരമില്ലാത്ത റാനിറ്റിഡിൻ ഗുളികകൾ കയറ്റുമതി ചെയതെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. 2023 ഫെബ്രുവരി 22-നാണ് സോനിപത് കോടതി വിധി പുറപ്പെടുവിച്ചത്.
ഇതിനിടയിൽ, 2022-ൽ ഗാംബിയയിൽ കുട്ടികളുടെ മരണങ്ങളുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന പരാമർശിച്ച കഫ് സിറപ്പുകളും ഇതേ കമ്പനിയുടേതായിരുന്നു. ആ മരണങ്ങൾക്ക് തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നാണ് കമ്പനിയുടെ നിലപാട്.
ഇന്ത്യയിലെ കോസ്മെറ്റിക്സ് നിയമങ്ങൾ പ്രകാരം കണ്ണിനു ചുറ്റും ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളിൽ പ്രിസർവേറ്റീവായി 70 പി.പി.എം. വരെയും മറ്റ് സൗന്ദര്യവർധക ഉൽപ്പന്നങ്ങളിൽ മനഃപൂർവമല്ലാത്ത കലർപ്പായി ഒരു പി.പി.എം. വരെയും മാത്രമാണ് മെർക്കുറി അനുവദിക്കുന്നത്.
നിറത്തിനായി ലെഡ്, ആഴ്സനിക് സംയുക്തങ്ങൾ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. 2023-ൽ മിനമാറ്റ കൺവെൻഷന്റെ അഞ്ചാം സമ്മേളനം ഒരു പി.പി.എം. എന്ന പരിധി പോലും ഒഴിവാക്കി. സൗന്ദര്യവർധക വസ്തുക്കളിൽ മെർക്കുറി ഒട്ടും ചേർക്കാൻ പാടില്ലെന്ന് വ്യക്തമാക്കി. 2014-ൽ അഡ്വർടൈസിങ് സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യ (ASCI) ഫെയർനെസ് പരസ്യങ്ങൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ചർമ്മം വെളുപ്പിക്കുമെന്ന് അവകാശപ്പെടുന്ന ഉൽപ്പന്നങ്ങളുടെ പരസ്യം നിരോധിക്കാനുള്ള ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ഭേദഗതി ബില്ലിന്റെ കരട് 2020 ഫെബ്രുവരിയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. നിയമങ്ങൾ കടലാസിലുണ്ട്. ഫെയർനെസ് ക്രീമിന്റെ പരസ്യങ്ങൾ ഇൻസ്റ്റഗ്രാമിലും.
നടപടി വരുന്നത് പ്രശ്നം ഗുരുതരമായ രീതിയില് പുറത്തുവന്നതിനു ശേഷം മാത്രമാണ് എന്നതാണ് ആവർത്തിച്ചു കാണുന്ന രീതി .
അരീക്കോട് സംഭവത്തിനു ശേഷമാണ് ആരോഗ്യമന്ത്രി സംസ്ഥാനവ്യാപക പരിശോധനയ്ക്ക് ഉത്തരവിട്ടത്. ബിസ്ലേരി കേസിനു ശേഷമാണ് FSSAI രാജ്യവ്യാപക സാമ്പിളിംഗ് പ്രഖ്യാപിച്ചത്. കോൾഡ്രിഫ് കമ്പനിക്കെതിരെ നടപടി വന്നത് കുട്ടികൾ മരിച്ചതിനു ശേഷമാണ്. വിവരങ്ങൾ പൊതുവായി ലഭ്യമാക്കുന്നതിലും ഇതേ അലംഭാവമുണ്ട്. FSSAI നോട്ടീസ്, വെബ്സൈറ്റിൽ കണ്ടെത്താനായില്ലെന്ന് ബിസ്ലേരി തന്നെ പറയുന്നു.
കേരളത്തിലെ കുപ്പിവെള്ള നിർമ്മാണ യൂണിറ്റുകളുടെ ആകെ ഉത്പാദനശേഷിയെക്കുറിച്ചോ യഥാർത്ഥ ഉത്പാദനത്തെക്കുറിച്ചോ ഉള്ള ഔദ്യോഗിക കണക്കുകൾ ഒന്നും തന്നെ പൊതുരേഖകളായി ലഭ്യമല്ലെന്നാണ് ഈ ലേഖനത്തിനായുള്ള അന്വേഷണത്തിൽ മനസ്സിലാക്കാനായത്. എന്താണ് വിൽക്കപ്പെടുന്നതെന്നും എത്ര വിൽക്കപ്പെടുന്നുവെന്നും സർക്കാരിന് തന്നെ വ്യക്തമായ കണക്കില്ലെങ്കിൽ, ഉപഭോക്താവ് ലേബൽ മാത്രം നോക്കി സുരക്ഷ ഉറപ്പാക്കണമെന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്?
ഫെയർനെസ് സങ്കൽപ്പങ്ങൾക്കു പിന്നിലെ സാമൂഹികമായ കണ്ടീഷനിങ് ചർച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. പക്ഷേ അത് ഈ ലേഖനത്തിന്റെ വിഷയമല്ല. ഇവിടുത്തെ വിഷയം ഗുണമേന്മയും സുരക്ഷയും ഉറപ്പ് വരുത്തുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നുവെന്നതാണ്.
കുപ്പിവെള്ളവും പാഡും ചുമ മരുന്നും വാങ്ങുന്നവരെ കുറ്റപ്പെടുത്തുമോ?
സൗന്ദര്യവർധക വസ്തുക്കളിലെ വിഷാംശത്തെക്കുറിച്ചുള്ള ചർച്ചകൾ ഉപഭോക്താക്കളെ , പ്രത്യേകിച്ച് സ്ത്രീകളെ കുറ്റപ്പെടുത്തുന്ന ആഖ്യാന നിർമിതിയാണ് നടത്തുന്നത്. സൗന്ദര്യത്തിനു വേണ്ടി സ്വയം അപകടം വരുത്തിവെച്ചവർ എന്ന മട്ടിലാണ് ആ കുറ്റപ്പെടുത്തൽ. എന്നാൽ ദാഹം തീർക്കാൻ കുപ്പിവെള്ളം വാങ്ങിയവരെയോ, ആർത്തവകാലത്ത് പാഡ് വാങ്ങിയവരെയോ, കുഞ്ഞിന് കഫ് സിറപ്പ് വാങ്ങിയ മാതാപിതാക്കളെയോ കുറ്റപ്പെടുത്താനാവുമോ?
ഗുണനിലവാര പരിശോധനയിൽ പരാജയപ്പെടുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കപ്പെടുന്നതിന്റെ ഉത്തരവാദിത്തം ഉപഭോക്താക്കൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന പ്രവണത വിപണിയിലെ ചൂഷണം ശക്തിപ്പെടുത്തുകയേ ഉള്ളൂ.
ഫെയർനെസ് ക്രീം ആണെങ്കിലും കുടിവെള്ളം ആണെങ്കിലും മരുന്നാണെങ്കിലും ആത്യന്തികമായി അതിന്റെ ഉപഭോക്താവ് ജീവനുള്ള മനുഷ്യരാണ്. ലാഭനഷ്ടക്കണക്കുകൾക്ക് ഒടുവിൽ എണ്ണാൻ ബാക്കി വെക്കാവുന്നതല്ല മനുഷ്യജീവൻ.

ആര്യ എ.ടി
സ്വതന്ത്ര മാധ്യമ പ്രവര്ത്തകയും എഴുത്തുകാരിയുമാണ് ആര്യ എ.ടി.
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക