ഡൽഹിയിൽ 500 ഹിന്ദുക്കളെ മതപരിവർത്തനം നടത്തിയെന്ന് ആരോപണം. തെളിവുകൾ പറയുന്നത്

ഡൽഹിയിൽ 500 ഹിന്ദുക്കളെ മതപരിവർത്തനം നടത്തിയെന്ന് ആരോപണം. തെളിവുകൾ പറയുന്നത്

2026 സെപ്റ്റംബർ 20 ഞായറാഴ്ച, ഡൽഹി ജനക്പുരിയിലെ ഹയാത്ത് സെൻട്രിക് ഹോട്ടലിൽ നടന്ന ഒത്തുചേരൽ ഒരു കൂട്ട മതപരിവർത്തന പരിപാടിയാണെന്നും, കുട്ടികൾ ഉൾപ്പെടെ ഏകദേശം 500 ഹിന്ദുക്കളെ പണം നൽകി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിച്ചുവെന്നും അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലായി.

വീഡിയോയിൽ ഒരു സംഘം ആളുകൾ ഒരു ചടങ്ങ് നടക്കുന്ന സ്ഥലത്ത് കയറി പങ്കെടുക്കുന്നവരെ ചോദ്യം ചെയ്യുന്നത് കാണാം.

 “ഇവിടെ മതപരിവർത്തനം നടക്കുന്നു”, “ഇവിടെയുള്ളതിൽ ഭൂരിപക്ഷവും ഹിന്ദു കുട്ടികളാണ്” എന്നൊക്കെ ഒരാൾ ഹിന്ദിയിൽ വിവരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അച്ചടിച്ച കടലാസുകൾ ഉയർത്തിപ്പിടിച്ച് അത് “മതം മാറ്റിയവരുടെ” തെളിവാണെന്ന് രണ്ടാമതൊരാൾ അവകാശപ്പെടുന്നു. തള്ളിക്കയറ്റവും ഉച്ചത്തിലുള്ള വാക്കുതർക്കവും ദൃശ്യങ്ങളിൽ കാണാം. എതിർപ്പ് പ്രകടിപ്പിച്ചവരെ കയ്യേറ്റം ചെയ്തുവെന്ന് വീഡിയോ പോസ്റ്റ് ചെയ്തയാൾ ആരോപിക്കുന്നു.

“ജനക്പുരിയിലെ ഹയാത്ത് ഹോട്ടലിന്റെ രണ്ടാം നിലയിൽ 500-ലധികം ഹിന്ദുക്കളെ മതം മാറ്റുന്നു. ചിലർ ഇതിനെ എതിർത്തു,എതിർത്തവർ മർദ്ദനത്തിനിരയായി” എന്ന അടിക്കുറിപ്പോടെ പ്രീത് സിരോഹി എന്ന വെരിഫൈഡ് X അക്കൗണ്ടിൽ സെപ്റ്റംബർ 20ന് പോസ്റ്റ്‌ ചെയ്ത ഈ വീഡിയോയ്ക്ക്, ഇതുവരെ നാല് ലക്ഷത്തിൽ അധികം വ്യൂസും 9600 ലൈക്കുകളും 351 കമന്റുകളും 6000 റീ-ഷെയറുകളും ലഭിച്ചിട്ടുണ്ട്. ക്രിസ്തു മതത്തിലേക്ക് മതം മാറുന്നത് SC/ST വിഭാഗത്തിൽ നിന്നുള്ളവരാണെന്നും അവരുടെ റിസർവേഷൻ ഒഴിവാക്കി ജനറൽ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരമൊരുക്കണമെന്നുമുള്ള കമന്റുകൾ ഈ പോസ്റ്റിനു താഴെ കാണാം.

Screenshot of an X (Twitter) post by Preet Sirohi claiming that 500 Hindus were being converted at the Hyatt Centric Hotel in Janakpuri, Delhi.
X സ്ക്രീൻഷോട്ട്

ഇതേ വീഡിയോ പിന്നീട് മേഗ് അപ്ഡേറ്റ്സ് എന്ന വലതുപക്ഷ അനുകൂല X ഹാൻഡിലും പങ്ക് വെച്ചിട്ടുണ്ട്. ഈ പോസ്റ്റിന് ഇതുവരെ ഒരുലക്ഷത്തിൽ അധികം വ്യൂസും 5000 ലൈക്കുകളും 2500 റീ-ഷെയറുകളും ലഭിച്ചു. ഈ പോസ്റ്റുകൾക്കു താഴെ ഹയാത് ഹോട്ടൽ ഇടിച്ചുനിരത്തി സർക്കാർ മാതൃകയാകണമെന്നടക്കമുള്ള കമന്റുകൾ കാണാം.

Screenshot of an X (Twitter) post by Megh Updates reposting video footage of alleged religious conversions of over 500 Hindus at a Hyatt hotel in Janakpuri, Delhi.
X സ്ക്രീൻഷോട്ട്

ഈ അക്കൗണ്ടുകളെ കൂടാതെ നിരവധി വ്യക്തിഗത X അക്കൗണ്ടുകളിലും കൂട്ട മത പരിവർത്തനം എന്ന പേരിൽ തന്നെ ഈ വീഡിയോ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരം പോസ്റ്റുകളുടെ എല്ലാം കമന്റ്‌ ബോക്സുകളിൽ വർഗീയ വിദ്വേഷം നിറഞ്ഞ,അക്രമാസക്തമായ കമന്റുകളും കാണാം.

ഹയാത് സെൻട്രികിൽ നടന്നത് മത പരിവർത്തനമാണോ 

ഹോട്ടലിൽ കൂട്ട മതപരിവർത്തനം നടക്കുന്നു എന്ന് ആരോപിച്ചുകൊണ്ട്. വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള ഹിന്ദു ദേശീയവാദ സംഘടനകൾ സംഘടിച്ച് എത്തുകയും ഹോട്ടലിനു മുന്നിൽ പ്രതേഷേധിക്കുകയും ചെയ്തു. ഇതേ തുടർന്ന് ഡൽഹി വെസ്റ്റ്‌ ഡി സി പി. വിചിത്ര വീർ സംഭവത്തിൽ അന്വേഷണം നടത്തുകയും മതപരിവർത്തനം അടക്കമുള്ള ആരോപണങ്ങൾ തള്ളിക്കളയുകയും ചെയ്തു. “”പ്രാദേശിക ക്രിസ്ത്യൻ സമൂഹത്തിലെ അംഗങ്ങൾ അവരുടെ പതിവ് ഞായറാഴ്ച പ്രാർത്ഥനയ്ക്കായി ഒത്തുചേർന്നതായിരുന്നു ഇത്. അന്വേഷണത്തിൽ മതപരിവർത്തനവുമായി ബന്ധപ്പെട്ട ഒരു കാര്യവും കണ്ടെത്തിയില്ല,” എന്നും അദ്ദേഹം പിന്നീട് ഔദ്യോഗിക X അക്കൗണ്ടിലൂടെ അറിയിച്ചു.

Screenshot of an official X post by DCP West Delhi stating that a Christian community gathering in Janakpuri was for regular Sunday prayer and that claims of religious conversion involving 500 people are untrue.
X സ്ക്രീൻഷോട്ട്

പ്രതിഷേധക്കാർ പ്രചരിപ്പിക്കുന്ന അച്ചടിച്ച രേഖകൾ എന്താണ്?

ദി സിയാസത് ഡെയിലി എന്ന മാധ്യമത്തിന്റെ X ഹാൻഡിലിൽ പോസ്റ്റ്‌ ചെയ്ത ഈ വീഡിയോയിൽ, മത പരിവർത്തനത്തിനായി ഉപയോഗിക്കുന്നു എന്ന രീതിയിൽ ഒരാൾ രണ്ട് ഫോമുകൾ എടുത്ത് കാട്ടുന്നുണ്ട്. എന്നാൽ ദൃശ്യങ്ങളിലെ ഈ ഫോമുകളുടെ ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അവ ഗ്ലോബൽ റോയൽ പ്രീസ്റ്റ്ഹുഡ് ചർച്ചിന്റെ സാധാരണ പ്രാർത്ഥനാ അഭ്യർത്ഥന, അംഗത്വ ഫോമുകളായിരുന്നു എന്ന് മനസ്സിലായി.

Screenshot showing printed prayer request and membership intake forms from Global Royal Priesthood Church used during a community gathering.

X സ്ക്രീൻഷോട്ട്

ഒറ്റനോട്ടത്തിൽ 

ഹയാത് സെന്റ്ട്രിക് ഹോട്ടലിൽ നടന്നത് ഒരു കൂട്ട മതപരിവർത്തനം അല്ല എന്ന് പോലീസിന്റെ ഔദ്യോഗികമായ അന്വേഷണത്തിൽ തെളിഞ്ഞു. മതപരിവർത്തനത്തിനായി ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ഫോമുകൾ പള്ളിയിലെ സാധാരണ പ്രാർത്ഥനാ അഭ്യർത്ഥന, അംഗത്വ ഫോമുകൾ മാത്രമായിരുന്നു എന്ന് വ്യക്തമായി. മാത്രമല്ല ഏതെങ്കിലും തരത്തിൽ പണം വാഗ്ദാനം ചെയ്ത് മതപരിവർത്തനം നടത്താൻ ശ്രമിച്ചു എന്നതിനും യാതൊരു തെളിവും ഇല്ല.

ചുരുക്കത്തിൽ ജനക്പുരിയിൽ 500 ഹിന്ദുക്കളെ മത പരിവർത്തനം ചെയ്യാൻ ശ്രമിക്കുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വാസ്തവവിരുദ്ധമാണ്. പ്രചരിപ്പിക്കുന്നത് വ്യാജവാർത്തയാണ്.

അനന്തു ഗോപിദാസ്

അനന്തു ഗോപിദാസ്

അനന്തു ഗോപിദാസ് ഒബിസി യിലെ ജേർണലിസ്റ്റ് ആണ്.

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top