ഹിന്ദു ഗുസ്തിക്കാരനെ മലർത്തിയടിക്കുന്ന മുസ്ലിം ഗുസ്തിക്കാരൻ ; പഴയ ഒരു ഏഷ്യൻ ഗെയിംസ് സ്റ്റാമ്പിനെ ചൊല്ലി വർഗീയ പ്രചാരണം

ഹിന്ദു ഗുസ്തിക്കാരനെ മലർത്തിയടിക്കുന്ന മുസ്ലിം ഗുസ്തിക്കാരൻ ; പഴയ ഒരു ഏഷ്യൻ ഗെയിംസ് സ്റ്റാമ്പിനെ ചൊല്ലി വർഗീയ പ്രചാരണം

പഴയൊരു ഏഷ്യൻ ഗെയിംസ് സ്റ്റാമ്പ് പുതിയ വർഗീയ വ്യാഖ്യാനത്തോടെ സാമൂഹ്യമാധ്യമങ്ങളിലൂടെ വീണ്ടും പ്രചരിക്കുകയാണ്; ഹിന്ദു വിരുദ്ധ വികാരം പ്രോത്സാഹിപ്പിച്ചുവെന്ന് ആരോപിച്ച് ഇന്ദിരാഗാന്ധിയെ ലക്ഷ്യമിട്ടാണ് ഈ പ്രചാരണം. എന്നാൽ ആ കലാസൃഷ്ടിക്ക് തികച്ചും വ്യത്യസ്തമായ ഒരു ചരിത്രമാണുള്ളത്. 

1982-ലെ ഏഷ്യൻ ഗെയിംസിന്റെ സ്മരണയ്ക്കായി ഇന്ദിരാഗാന്ധി പുറത്തിറക്കിയ സ്റ്റാമ്പിൽ ഒരു മുസ്ലീം ഗുസ്തിക്കാരൻ ഒരു ഹിന്ദു ഗുസ്തിക്കാരനെ എടുത്തുയർത്തി നിലത്തേക്ക് എറിയുന്നതായി ചിത്രീകരിച്ചിരിക്കുന്നു എന്ന് അവകാശപ്പെടുന്ന പോസ്റ്റുകൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ സ്റ്റാമ്പിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള സൂക്ഷ്മമായ പരിശോധനയിൽ അതിന് മതപരമായ യാതൊരു മാനങ്ങളുമില്ലെന്ന് വ്യക്തമാകുന്നു; അതിനാൽ വൈറൽ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സ്ഥിരീകരിക്കാൻ സാധിച്ചു.

എന്താണ് ആ വൈറൽ അവകാശവാദം?

​വ്യാജവാർത്തകളും തെറ്റായ വർഗീയ അവകാശവാദങ്ങളുംസ്ഥിരമായി പ്രചരിപ്പിക്കുന്ന Rishi ഭാഗ്രി എന്ന X അക്കൗണ്ട് നവംബർ 15-ന് പങ്കുവെച്ച പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെയാണ് “1982-ലെ ഏഷ്യൻ ഗെയിംസ് വേളയിൽ ഇന്ദിരാഗാന്ധി ഈ സ്റ്റാമ്പ് പുറത്തിറക്കി. താടിയുള്ള ഒരു മുസ്ലീം ഗുസ്തിക്കാരൻ ഒരു ഹിന്ദു ഗുസ്തിക്കാരനെ എടുത്തുയർത്തി നിലത്തേക്ക് എറിയുന്നതായാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. നെഹ്‌റു-ഗാന്ധി കുടുംബത്തിന് ഹിന്ദുക്കളോട് ഉണ്ടായിരുന്ന വിദ്വേഷം അത്രത്തോളമായിരുന്നു.” 1982-ലെ ഏഷ്യൻ ഗെയിംസിനായി പുറത്തിറക്കിയ ഒരു ഗുസ്തി മത്സരത്തിന്റെ ചിത്രമുള്ള സ്റ്റാമ്പാണ് പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്.

X സ്ക്രീൻഷോട്ട്

ഈ പോസ്റ്റിന് നവംബർ 17 വരെ 2,10,800 ൽ അധികം വ്യൂസും 8,000 ലൈക്കുകളും 2,900 റീപോസ്റ്റുകളും ലഭിച്ചിട്ടുണ്ട്. ​പോസ്റ്റിന്റെ ആധികാരികതയെ പല ഉപയോക്താക്കളും ചോദ്യം ചെയ്തിട്ടുണ്ട്. തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിന് ഋഷി ബാഗ്രിയെ വിമർശിക്കുന്നവരുമുണ്ട്.എന്നാൽ മറ്റു ചിലർ ഇന്ദിരാഗാന്ധിക്കും കുടുംബത്തിനുമെതിരെ വിദ്വേഷം പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.

​“ഗാന്ധി കുടുംബം മുഴുവൻ ഹിന്ദു വിരുദ്ധരും ഇന്ത്യാവിരുദ്ധരുമാണ്. അഴിമതിക്കാരും നികൃഷ്ടരുമായ ഈ രാജവംശത്തെ ഓർത്ത് ലജ്ജിക്കുന്നു. പപ്പുവിനെപ്പോലുള്ള മാലിന്യങ്ങൾ ഉണ്ടാകാൻ തക്കവണ്ണം അവരുടെ ജീനുകൾ പോലും അത്രമേൽ പരിതാപകരമാണ്.” ഈ പോസ്റ്റിൽ വന്ന ഒരു വിദ്വേഷ കമന്റാണിത്.

മറ്റൊരു ഉപയോക്താവ് ഇങ്ങനെ കുറിച്ചു: “ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ വിദ്വേഷം വളർത്തുന്നത് നെഹ്‌റു-ഗാന്ധി രാജവംശത്തിന് പുതിയ കാര്യമല്ല. ഇത് തലമുറകളായി തുടരുന്നതാണ്, ഓരോ പുതിയ തലമുറയും ഭിന്നിപ്പ് പ്രോത്സാഹിപ്പിക്കുന്നതിൽ കൂടുതൽ വിഷലിപ്തമായിക്കൊണ്ടിരിക്കുന്നു.” ഇത്തരത്തിൽ വർഗ്ഗീയ വിദ്വേഷം നിറഞ്ഞ കമന്റുകളാണ് പോസ്റ്റിന്റെ കമന്റ് ബോക്സിൽ അധികവും.

ഈ അവകാശവാദം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമായല്ല. 2019, 2020, 2023, 2025 എന്നീ വർഷങ്ങളിലും സമാനമായ അവകാശവാദങ്ങൾ വൈറലായിരുന്നതായി ഞങ്ങൾ കണ്ടെത്തി.

2019, 2020, 2023, 2025 വർഷങ്ങളിൽ സമാനമായ അവകാശവാദങ്ങൾ പങ്കുവെക്കുന്ന പോസ്റ്റുകളുടെ ചിത്രം.

എന്താണ് യാഥാർഥ്യം

ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (Olympic Council of Asia), സ്റ്റാമ്പ് വേൾഡ് (Stamp World) എന്നീ വെബ്‌സൈറ്റുകളിൽ ഈ സ്റ്റാമ്പ് നേരത്തെ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് റിവേഴ്‌സ് ഇമേജ് സെർച്ചിലൂടെ കണ്ടെത്തി. 1982-ൽ ന്യൂഡൽഹിയിൽ നടന്ന ഒമ്പതാമത് ഏഷ്യൻ ഗെയിംസിന്റെ ഭാഗമായാണ് ഈ സ്റ്റാമ്പ് പുറത്തിറക്കിയതെന്ന് ഈ രേഖകൾ സ്ഥിരീകരിക്കുന്നു.

ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ആർക്കൈവൽ ശേഖരത്തിൽ ഈ സ്റ്റാമ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. എ. രാമചന്ദ്രൻ സ്റ്റാമ്പ് ആർക്കൈവ്സിന്റെ ശേഖരത്തിലും ഈ സ്റ്റാമ്പ് ഇടം നേടിയിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദി ഫിലാറ്റലിസ്റ്റ് (The Philatelist) എന്ന വെബ്‌സൈറ്റിൽ നിന്ന് ഈ സ്റ്റാമ്പിനെക്കുറിച്ചുള്ള വിവരണം ഞങ്ങൾക്ക് ലഭിച്ചു. ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന, ജാനകി എന്ന ആർട്ടിസ്റ്റ് വരച്ച ഒരു ചിത്രത്തെ ആസ്പദമാക്കിയുള്ള ഒരു ഗുസ്തി മത്സരമാണ് ഈ കലാസൃഷ്ടിയെന്ന് അതിൽ വ്യക്തമാക്കുന്നു.

പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രചാരത്തിലുണ്ടായിരുന്ന, മുഗൾ ശൈലി പിന്തുടരുന്ന ഈ ചിത്രത്തിൽ പേർഷ്യൻ സ്വാധീനവും പ്രകടമാണ്. നാഷണൽ മ്യൂസിയത്തിൽ നിന്ന് ലഭിച്ച യഥാർത്ഥ ചിത്രത്തിന്റെ സുതാര്യമായ ഫിലിം ( transparency ) ഉപയോഗിച്ച് ആർടിസ്റ്റ് എ. രാമചന്ദ്രനാണ് ഈ സ്റ്റാമ്പ് രൂപകൽപ്പന ചെയ്തത്. 1982-ലെ ഏഷ്യൻ ഗെയിംസ് സ്മരണിക പതിപ്പിനായി എ. രാമചന്ദ്രൻ രൂപപ്പെടുത്തിയെടുത്ത ജാനകിയുടെ ഒരു കലാസൃഷ്ടിയാണ് ഈ സ്റ്റാമ്പിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാകുന്നു.

ലഭ്യമായ ആർക്കൈവൽ രേഖകൾ പ്രകാരം, ഒമ്പതാമത് ഏഷ്യൻ ഗെയിംസിന്റെ സ്മരണയ്ക്കായി മറ്റ് നിരവധി സ്റ്റാമ്പുകളും പുറത്തിറക്കിയിരുന്നു; പുരാതന ഇന്ത്യൻ ഇതിഹാസമായ മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അമ്പെയ്ത്തുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സ്റ്റാമ്പും ഇതിൽ ഉൾപ്പെടുന്നു. വെള്ളത്തിലെ പ്രതിബിംബം മാത്രം നോക്കി കറങ്ങുന്ന മത്സ്യത്തിന്റെ കണ്ണിലേക്ക് അർജുനൻ അമ്പെയ്തു കൊള്ളിക്കുന്ന ദൃശ്യമാണ് അതിൽ ചിത്രീകരിച്ചിരിക്കുന്നത്.

ഒമ്പതാമത് ഏഷ്യൻ ഗെയിംസിന്റെ ഭാഗമായി പുറത്തിറക്കിയ മറ്റൊരു സ്റ്റാമ്പിന്റെ ചിത്രം.

അതിനാൽ, 1982-ലെ ഏഷ്യൻ ഗെയിംസിനായി ഒരു മുസ്ലീം ഗുസ്തിക്കാരൻ ഒരു ഹിന്ദു ഗുസ്തിക്കാരനെ മലർത്തിയടിക്കുന്നതായി ചിത്രീകരിക്കുന്ന സ്റ്റാമ്പ് പുറത്തിറക്കി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഹിന്ദുമതത്തെ അപമാനിച്ചു എന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഒ.ബി.സിയുടെ അന്വേഷണം സ്ഥിരീകരിക്കുന്നു.

പരിഭാഷ : അനന്തു ഗോപിദാസ്


സുജിത് എ

സുജിത് എ

ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകൻ, ഫാക്റ്റ് ചെക്കർ

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top