
രവിശങ്കർ പ്രസാദ് സിജെപി സമരത്തെ അനുകൂലിച്ചോ?എന്താണ് വസ്തുത?
ഡൽഹിയിൽ പ്രതിഷേധങ്ങൾക്ക് അയവ് വന്നിട്ടുണ്ടെങ്കിലും വ്യാജ വാർത്തകൾക്ക് ഒരു കുറവുമില്ല. സിജെപിക്കും ഡൽഹി സമരത്തിനുമെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനായി നിരവധി വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാൻഡിലുകൾ രംഗത്തുണ്ട്. എന്നാൽ അവർക്കെതിരെ മാത്രമല്ല, ഡൽഹി പോലീസിനെതിരെയും ബിജെപി നേതാക്കൾക്കെതിരെയും വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്.
ബിജെപി നേതാവായ രവി ശങ്കർ പ്രസാദ് സിജെപി സമരത്തെ അനുകൂലിച്ച് രംഗത്ത് വന്നുവെന്നാണ് നിലവിലെ പ്രചാരണം. ഒപ്പം ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ രവി ശങ്കർ പ്രസാദ് ഈ കുട്ടികൾ ഒരു രാഷ്ട്രീയ പാർട്ടിയെയും പ്രതിനിധീകരിക്കുന്നില്ലെന്നും സർക്കാർ അത് മനസ്സിലാക്കണമെന്നുമൊക്കെ പറയുന്നുണ്ട്. എന്നാൽ ഈ പ്രചാരണം പൂർണമായും വ്യാജമാണെന്ന് ഒബിസി യുടെ അന്വേഷണത്തിൽ കണ്ടെത്തി.

വീഡിയോയുടെ മുകൾ ഭാഗത്തായി “കലാപത്തിന് മുതിർന്ന് രവി ശങ്കർ പ്രസാദ്” എന്നെഴുതിയിരിക്കുന്നതായും കാണാം. വീഡിയോയിൽ രവി ശങ്കർ പ്രസാദ് പറയുന്നതായി കാണുന്നത് ഇങ്ങനെയാണ് :
“ഒരു പാര്‍ട്ടിയുടെയോ സംഘടനയുടെയോ നിര്‍ദ്ദേശപ്രകാരമല്ല ഞങ്ങള്‍ ഇവിടെ വന്നത്. അവര്‍ ഞങ്ങളുടെ കുട്ടികളാണ്, അവര്‍ ദുഃഖിതരാണ്, അവരുടെ ഉള്ളില്‍ ദേഷ്യമുണ്ട്. സര്‍ക്കാര്‍ ഇത് മനസ്സിലാക്കണം. എന്തുകൊണ്ടാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത്? ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുണ്ട്. ഡല്‍ഹിയിലെ ജനങ്ങള്‍ വേദനയിലാണ്, പ്രധാനമന്ത്രി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പ്രധാനമന്ത്രിജി, അങ്ങ് എന്തെങ്കിലും പറയുകയും ഡല്‍ഹിയിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രാജ്യത്തിനും ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഗൗരവതരമായ നടപടികള്‍ സ്വീകരിക്കുമെന്നും ഭയത്തിന്റെയും ഭീകരതയുടെയും അന്തരീക്ഷത്തിനെതിരെ നടപടിയെടുക്കുമെന്നും ഉറപ്പ് നല്‍കുകയും ചെയ്യുക.”
വേറെയും ചില അക്കൗണ്ടുകൾ ഇതേ വീഡിയോ സമാന അടിക്കുറിപ്പുകളോടെ പങ്കുവെച്ചിട്ടുള്ളതായി റിവേഴ്‌സ് ഇമേജ് സെർച്ചിലൂടെ കണ്ടെത്തി. ‘ഹിന്ദു വിരോധി ബിജെപി’ എന്ന ഫേസ്ബുക്ക് അക്കൗണ്ടും ഇതേ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇതും പോസ്റ്റ് ചെയ്തിരിക്കുന്നത് ഒക്ടോബർ 19 ന് തന്നെ. ഇതുവരെ (ഒക്ടോബർ 21) ഈ പോസ്റ്റ് 4,100 തവണ കണ്ടിട്ടുണ്ട്. 16 കമന്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

ഒറ്റകേൾവിയിൽ ഡൽഹിയിലെ സിജെപി സമരത്തിന്റെ സാഹചര്യത്തിലാണ് രവി ശങ്കർ പ്രസാദ് ഇത് പറഞ്ഞതെന്ന് തോന്നാം. ബിഹാറിൽ നിന്നുള്ള ബിജെപിയുടെ ലോക്സഭാ എംപി യാണ് രവി ശങ്കർ പ്രസാദ്. വാജ്പേയ് മന്ത്രിസഭയിലും ഒന്നാം മോദി മന്ത്രിസഭയിലും അംഗമായിരുന്നു ഇദ്ദേഹം. ബിജെപിയിലെ മുതിർന്ന നേതാവെന്ന നിലയിൽ, രവിശങ്കർ പ്രസാദ് ബിജെപിക്കെതിരെ പ്രസ്താവന നടത്തിയാൽ അത് പ്രധാന വാർത്തയാകേണ്ടതാണ്. എന്നാൽ ഇത്തരത്തിലൊരു വാർത്ത മാധ്യമങ്ങളാരും റിപ്പോർട്ട് ചെയ്തിട്ടില്ല.
മാത്രമല്ല, വീഡിയോയിൽ ഒരിടത്തും രവി ശങ്കർ പ്രസാദ് നിലവിലെ സമരത്തെ പ്രതിനിധീകരിക്കുന്ന ഒരു വാക്ക് പോലും പറയുന്നില്ല. സാധാരണയായി, ഒരു രാഷ്ട്രീയ നേതാവ് ഈ സമരത്തെ പറ്റി സംസാരിക്കുമ്പോൾ സിജെപിയെന്നോ ജന്തർ മന്തർ സമരമെന്നോ ഉള്ള എന്തെങ്കിലും വാക്കുകൾ ഉപയോഗിക്കേണ്ടതാണ്.
തുടർന്ന് നടത്തിയ പരിശോധന ചെന്നെത്തിയത് 2012 ലെ ഒരു യൂട്യൂബ് വീഡിയോയിലാണ്. ‘Aaj Tak’ എന്ന ഹിന്ദി ന്യൂസ് ചാനലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2012 ഡിസംബർ 29 ന് ഡൽഹിയിൽ നടന്ന കൂട്ടബലാത്സംഗത്തെ തുടർന്നുണ്ടായ സമരത്തെ പറ്റിയുള്ള വാർത്തയുടെ വീഡിയോയാണിത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരായിരുന്നു ഇക്കാലയളവിൽ കേന്ദ്രം ഭരിച്ചിരുന്നത്.

25 മിനിറ്റിലധികം ദൈർഘ്യമുള്ള ഈ വീഡിയോയുടെ പതിമൂന്നാം മിനിറ്റിൽ രവി ശങ്കർ പ്രസാദിന്റെ സംഭാഷണ ശകലം കാണാം. ഒരു പത്രസമ്മേളനത്തിൽ രവിശങ്കർ പ്രസാദ് സംസാരിക്കുന്ന വീഡിയോയാണ് ഇതിൽ ഉൾപ്പെടുത്തിരിയിക്കുന്നത്. പതിനഞ്ച് സെക്കന്റ് ദൈർഘ്യം മാത്രമേ ഈ ഭാഗത്തിനുള്ളൂ. ഇതിൽ രവി ശങ്കർ പ്രസാദ് “ഒരു പാര്‍ട്ടിയുടെയോ സംഘടനയുടെയോ നിര്‍ദ്ദേശപ്രകാരമല്ല ഞങ്ങള്‍ ഇവിടെ വന്നത്. അവര്‍ ഞങ്ങളുടെ കുട്ടികളാണ്, അവര്‍ ദുഃഖിതരാണ്, അവരുടെ ഉള്ളില്‍ ദേഷ്യമുണ്ട്. സര്‍ക്കാര്‍ ഇത് മനസ്സിലാക്കണം. എന്തുകൊണ്ടാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത്?” എന്ന് പറയുന്നുണ്ട്.

പ്രചരിക്കുന്ന വീഡിയോയിൽ, രവി ശങ്കർ പ്രസാദിന്റെ പിൻഭാഗത്തായി ഒരാളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമുണ്ട്. ഇതേ ചിത്രത്തിന്റെ ഒരു ഭാഗം യൂട്യൂബ് വീഡിയോയിലും കാണാം.
ചുരുക്കത്തിൽ, സിജെപി സമരത്തെ അനുകൂലിച്ച് ബിജെപി എംപി രവി ശങ്കർ പ്രസാദ് രംഗത്തെത്തിയെന്ന വാർത്ത പൂർണമായും വ്യാജമാണ്. 2012 ലെ വീഡിയോയാണ് ഇപ്പോഴത്തേതെന്ന പേരിൽ പ്രചരിക്കുന്നത്.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക