
ബിബിസി വാർത്തയെന്ന പേരിൽ കലാപാഹ്വാനം; ഈഫൽ ടവർ കത്തിയെന്ന് പ്രചാരണം – ലോകമെമ്പാടുമുള്ള ജെൻസി പ്രക്ഷോഭങ്ങളെ ലക്ഷ്യം വെച്ച് സോഷ്യൽ മീഡിയയിലെ വലത് പക്ഷം
ലോകമെമ്പാടും നടക്കുന്ന യുവജനപ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, ആശയക്കുഴപ്പമുണ്ടാക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന വ്യാജ വാർത്തകളും വ്യാജ ദൃശ്യങ്ങളും കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. ഇന്ത്യയെ തകർക്കാൻ വിദേശ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നത് മുതൽ, ഫ്രാൻസിൽ പ്രക്ഷോഭകർ ഈഫൽ ടവർ കത്തിച്ചുവെന്നത് വരെയുള്ള വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവയെല്ലാം വ്യാജ വാർത്തകളാണെന്ന് ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
“രാജ്യത്തെ കത്തിച്ചു ചാമ്പലാക്കാൻ പറ്റാത്തത്ര മടിയന്മാരാണോ ഇന്ത്യയിലെ ജെൻസി?” ബ്രിട്ടനിൽ നിന്നുള്ള പ്രമുഖ മാധ്യമസ്ഥാപനമായ ബിബിസി ഇങ്ങനെയൊരു തലക്കെട്ടോടു കൂടി ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചുവെന്നാണ് വാദം. നിലവിൽ ഫ്രാൻസിൽ നടക്കുന്ന യുവജന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ സിജെപി സമരത്തെ വിലയിരുത്തുന്നതാണ് വാർത്തയെന്നും പ്രചരിക്കുന്ന പോസ്റ്റുകളിൽ പറയുന്നു.
‘@csnikhil’ എന്ന എക്സ് അക്കൗണ്ടിലെ പോസ്റ്റാണ് ആദ്യം കണ്ടെത്തിയത്. ഒക്ടോബർ 20 ഉച്ചയോട് കൂടിയാണ് പോസ്റ്റ് എക്സിൽ പങ്കുവെച്ചിട്ടുള്ളത്. ബിബിസി യുടെ വെബ്സൈറ്റിലെ സ്ക്രീൻ ഷോട്ടാണെന്ന് തോന്നിക്കുന്ന ഒരു ചിത്രമാണ് പോസ്റ്റിലുള്ളത്. കൂടെ ബിബിസി യുടെ തന്നെ മറ്റൊരു റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ടും നൽകിയിട്ടുണ്ട്. ‘ജെൻസി പ്രതിഷേധം; എന്തുകൊണ്ടാണ് യുവ ഇന്ത്യക്കാർ തെരുവിലിറങ്ങാത്തത്?’ എന്നാണ് ഈ റിപ്പോർട്ടിന്റെ തലക്കെട്ട്.
ഇതുവരെ (ഒക്ടോബർ 20) മൂന്ന് ലക്ഷത്തോളം തവണ എക്സിൽ ഈ പോസ്റ്റ് കണ്ടിട്ടുണ്ട്. പതിനായിരം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. രണ്ടായിരം പേരാണ് ഈ പോസ്റ്റ് ഇത്രയും സമയത്തിൽ റിപോസ്റ്റ് ചെയ്തത്.
എക്സിൽ ഈ അക്കൗണ്ട് പ്രൊഫൈലിൽ സ്വയം വിശേഷിപ്പിക്കുന്നത് ‘അഭിമാനമുള്ള ഭാരതീയ’നെന്നും ദേശീയവാദിയെന്നുമാണ്. ലോകമാകെയുള്ള ജെൻസി പ്രക്ഷോഭങ്ങൾക്കെതിരെ ഈ അക്കൗണ്ടിൽ നിന്ന് സ്ഥിരമായി പോസ്റ്റുകൾ പങ്കുവെച്ചിട്ടുള്ളതായും കാണാം.

ഇതേ ചിത്രം എക്സിൽ നിരവധിയാളുകൾ പങ്കുവെച്ചിട്ടുണ്ടെന്ന് റിവേഴ്സ് ഇമേജ് സെർച്ചിലൂടെ ഞങ്ങൾ കണ്ടെത്തി. എല്ലാത്തിനും വളരെയധികം വ്യൂസും ലഭിച്ചിട്ടുണ്ട്. ‘ബിബിസി അവരുടെ തനി നിറം കാണിക്കുന്നു’വെന്നാണ് ഒട്ടുമിക്ക പോസ്റ്റുകളിലെയും ആരോപണം. ജന്തർ മന്തർ സമരത്തിന് വിദേശ മാധ്യമങ്ങളുടെ പിന്തുണയുണ്ടെന്നും ചില അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്നുണ്ട്.
‘@angeloinchina’ എന്ന എക്സ് അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റും നിരവധിയാളുകൾ കണ്ടിട്ടുണ്ട്. ഒക്ടോബർ 19 ന് രാവിലെ പങ്കുവെച്ച പോസ്റ്റ് ഇതുവരെ (ഒക്ടോബർ 20) 29,000 തവണ കണ്ടിട്ടുണ്ട്.
“ഇന്ത്യയിലെ ജെൻസി വർണ്ണ വിപ്ലവത്തിൽ ബിബിസി എവിടെയാണ് നിൽക്കുന്നതെന്ന് നമുക്കറിയാം. യുഎസ്…. ഇന്ത്യയുടെ സുഹൃത്ത്… അവർ ധനസഹായം നൽകുന്നു അവർ പരിശീലനം നൽകുന്നു അവർ സന്ദേശം പ്രചരിപ്പിക്കുന്നു, അവർ നേതാക്കളെ തിരഞ്ഞെടുക്കുന്നു” എന്നാണ് പോസ്റ്റിലെ അടിക്കുറിപ്പ്.

വേറെയും നിരവധി അക്കൗണ്ടുകൾ ഇതേ ചിത്രം പങ്കുവെച്ചിട്ടുണ്ട്. “ഈ മാധ്യമത്തെ ഇതുവരെ നിരോധിക്കാത്തത് എന്ത് കൊണ്ടാണ്? അവർക്ക് യഥാർത്ഥത്തിൽ ഇന്ത്യ കത്തണമെന്നാണ് ആഗ്രഹം” എന്ന അടിക്കുറിപ്പോടുകൂടിയാണ് മറ്റൊരാൾ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര വാർത്താവിതരണമന്ത്രി അശ്വിനി വൈഷ്ണവിന്റെയും ഔദ്യോഗിക എക്സ് അക്കൗണ്ടുകളെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുമുണ്ട്.

എന്നാൽ ബിബിസി ഇത്തരത്തിലൊരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ, അത് ഇതിനകം ജനശ്രദ്ധയാകർഷിച്ചേനെ. പ്രാദേശിക മാധ്യമങ്ങളിലുൾപ്പെടെ വാർത്തയാകേണ്ട വിഷയമാണിത്. ഇത്തരത്തിലൊരു വാർത്ത ഒരു മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടില്ല.
ബിബിസി യുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇങ്ങനെയൊരു വാർത്തയില്ലെന്ന് പരിശോധനയിൽ വ്യക്തമായി. കൂടുതൽ പരിശോധനയിൽ, ചിത്രം ഡിജിറ്റലായി എഡിറ്റ് ചെയ്തു നിർമിച്ചതാണെന്ന് ഓൺലൈൻ സോഫ്റ്റ്വെയറുകൾ കണ്ടെത്തി. അതായത്, ഇത് ബിബിസി യുടെ വെബ്സൈറ്റിൽ നിന്ന് സ്ക്രീൻഷോട്ട് എടുത്തതല്ല, പകരം ഡിജിറ്റലായി നിർമിച്ചെടുത്തതാണ്.

ഇങ്ങനെയൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ട് പിൻവലിച്ചതല്ലായെന്ന് ഉറപ്പിക്കാനായി ഞങ്ങൾ ബിബിസി യുമായി ബന്ധപ്പെട്ടു. ഇത്തരത്തിലൊരു തലക്കെട്ടോടുകൂടി ഒരു വാർത്ത തങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ബിബിസി വക്താക്കൾ ഒബിസി യോട് സ്ഥിരീകരിച്ചു.
ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ള ഒരു കെട്ടിടം കത്തുന്ന ചിത്രം ഫ്രാൻസിൽ നിന്നുള്ളതാണ്. ഫ്രാൻസിലെ സമരത്തിനിടയിൽ ഒക്ടോബർ 17 ന് ലിമോജ് ടൗൺ ഹാളിന് പ്രക്ഷോഭകർ തീയിട്ടിരുന്നു. ഈ ചിത്രമാണ് ബിബിസി റിപ്പോർട്ടിന്റേതെന്ന പേരിൽ പ്രചരിക്കുന്നത്.
എന്നാൽ ‘@csnikhli’ എന്ന അക്കൗണ്ട് പങ്കുവെച്ചിട്ടുള്ള രണ്ടാമത്തെ സ്ക്രീൻഷോട്ട് ബിബിസി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റിപ്പോർട്ടിന്റേതാണ്. ഈ റിപ്പോർട്ട് ഇപ്പോഴും സൈറ്റിൽ ലഭ്യവുമാണ്. പക്ഷേ ഇത് 2025 ഒക്ടോബർ 22 ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ്. നേപ്പാളിലെ ജെൻസി പ്രക്ഷോഭ സമയത്താണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ചുരുക്കത്തിൽ, ‘രാജ്യത്തെ കത്തിച്ച് ചാമ്പലാക്കാൻ പറ്റാത്തത്ര മടിയുള്ളവരാണോ ഇന്ത്യയിലെ ജെൻസി’ എന്ന അർത്ഥത്തിലുള്ള തലക്കെട്ടോട് കൂടി ബിബിസി വാർത്ത പ്രസിദ്ധീകരിച്ചുവെന്ന പ്രചാരണം വ്യാജമാണ്. ഡിജിറ്റലായി നിർമിച്ചെടുത്ത ചിത്രമാണ് സ്ക്രീൻഷോട്ടെന്ന പേരിൽ പ്രചരിക്കുന്നത്.
എന്നാൽ ഇന്ത്യയിലെ ജെൻസി പ്രക്ഷോഭത്തിനെതിരെ മാത്രമല്ല, ഫ്രാൻസിലെ സമരങ്ങൾക്കെതിരെയും വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട്. പാരീസിലെ ഈഫൽ ടവർ കത്തി വീണുവെന്നാണ് മറ്റൊരു പ്രചരണം. 5 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഈഫൽ ടവർ മുഴുവനായി കത്തുന്നതും മുകളിൽ നിന്ന് വലിയൊരു ഭാഗം താഴേക്ക് അടർന്നു വീഴുന്നതും കാണാം. പ്രക്ഷോഭകർ കത്തിച്ചതാണെന്ന പേരിൽ നിരവധി പോസ്റ്റുകളാണ് എക്സിൽ പ്രചരിക്കുന്നത്.
‘@KurtRusselUS’ എന്ന എക്സ് അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റാണ് ആദ്യം കണ്ടെത്തിയത്. ഒക്ടോബർ 19 ന് രാവിലെ പത്ത് മണിക്ക് പങ്കുവെച്ച പോസ്റ്റ് ആറ് മണിക്കൂറുകൾ കൊണ്ട് അഞ്ച് ലക്ഷത്തോളം തവണയാണ് കണ്ടത്. 2,500 പേർ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുമുണ്ട്.

“സമാധാനപരമായി സമരം ചെയ്ത വിദ്യാർത്ഥി പ്രതിഷേധക്കാർ ഈഫൽ ടവർ കത്തിച്ചു” എന്നാണ് പോസ്റ്റിലെ അടിക്കുറിപ്പ്. നിരവധി അക്കൗണ്ടുകൾ ഇതേ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാം പത്ത് ലക്ഷത്തിലധികം പേർ കണ്ടിട്ടുമുണ്ട്. എന്നാൽ ഇങ്ങനെയൊരു സംഭവം നടന്നതായുള്ള ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ലഭ്യമല്ല.
ഈഫൽ ടവറിന്റെ ലൈവ് ദൃശ്യങ്ങൾ മുഴുവൻ സമയവും ഓൺലൈനിൽ ലഭ്യമാണ്. പാരീസിലെ സാമ്പത്തിക, സാമൂഹിക, പരിസ്ഥിതി നയങ്ങളിൽ സർക്കാരിന് ഉപദേശം നൽകുന്ന സിഇഎസ്ഇ (CESE Conseil économique, social et environnemental, or Economic, Social and Environmental Council) എന്ന സ്ഥാപനത്തിൽ നിന്ന് ഈഫൽ ടവറിന്റെ ദിശയിലേക്ക് സ്ഥിതി ചെയ്യുന്ന സിസിടിവി ക്യാമറയുടെ ദൃശ്യങ്ങളാണ് ഓൺലൈനിൽ ലഭ്യമായുള്ളത്. ഈ ദൃശ്യങ്ങളിലും ഒക്ടോബർ 20 ന് ഉച്ച വരെ ഈഫൽ ടവറിന് യാതൊരു വിധ കേടുപാടുകളും പറ്റിയിട്ടില്ലെന്ന് വ്യക്തമായി കാണാം.

ഫ്രാൻസിലെ പ്രക്ഷോഭത്തിൽ ഈഫൽ ടവർ കത്തിയെന്ന പ്രചാരണം പൂർണമായും വ്യാജമാണ്. പോസ്റ്റുകൾ പ്രചരിക്കുന്ന സമയത്തും, ഈഫൽ ടവറിന് കേടുപാടുകളൊന്നും പറ്റിയിട്ടില്ലെന്ന് ലൈവ് ദൃശ്യങ്ങൾ സ്ഥിരീകരിക്കുന്നു.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക