ഒരു നരേന്ദ്ര മോഡി; പല ഐഡന്റിറ്റി കാർഡുകൾ 

ഒരു നരേന്ദ്ര മോഡി; പല ഐഡന്റിറ്റി കാർഡുകൾ 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത – സാമൂഹ്യമാധ്യമങ്ങളിലെ എക്കാലത്തെയും ചർച്ചാ വിഷയമാണ്. പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റ് പുറത്ത് വിടണമെന്ന ആവശ്യം കോടതിയിൽ വരെ എത്തിയതാണ്. എന്തായാലും നരേന്ദ്രമോദിയുടെ വിദ്യാർത്ഥി കാലത്തേതെന്ന പേരിൽ ഒന്നിലധികം ഐഡന്റിറ്റി കാർഡുകളുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ സ്ഥിരമായി പ്രചരിക്കുന്നുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ചുള്ള വിവാദങ്ങൾ രണ്ടര പതിറ്റാണ്ടോളം പഴക്കമുള്ളതാണ്. നരേന്ദ്ര മോദി ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയിട്ടുണ്ടെന്നും ഇല്ലെന്നുമുള്ള പ്രചരണങ്ങൾ കാലങ്ങളായി സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ പഠനകാലത്തെ ഐഡന്റിറ്റി കാർഡെന്ന പേരിൽ ചില ചിത്രങ്ങളാണ് നിലവിൽ പ്രചരിക്കുന്നത്. എന്നാൽ ഈ ചിത്രങ്ങൾ പൂർണമായും വ്യാജമാണ്. 

‘Politics Kerala’ എന്ന ഫേസ്ബുക്ക് അക്കൗണ്ട് പങ്കുവെച്ച പോസ്റ്റാണ് ആദ്യം കണ്ടെത്തിയത്. “നരേന്ദ്ര മോദിയുടെ ഡൽഹി യൂണിവേഴ്സിറ്റി ഐഡി കാർഡ്” എന്ന അടിക്കുറിപ്പോടെ ആഗസ്റ്റ് 27 ന് ഉച്ചക്ക് 3 മണിക്കാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

Screenshot of a Facebook post featuring a fake Delhi University School of Open Learning identity card of Narendra Modi.
‘Politics Kerala’ എന്ന അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റ്

പോസ്റ്റിലെ ഐഡന്റിറ്റി കാർഡിൽ നരേന്ദ്ര മോദിയുടെ ചെറുപ്പത്തിലേതെന്ന് തോന്നിക്കുന്ന ഒരു ചിത്രവും കാണാം. ഡൽഹി സർവ്വകലാശാലയിൽ നിന്നു 1978-ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിരുദ പഠനം പൂർത്തിയാക്കിയതെന്നാണ് വിവരം. ‘ഡൽഹി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങ്’ എന്ന് രേഖപ്പടുത്തിയിരിക്കുന്ന കാർഡിൽ, മോദിയുടെ പഴയ ചിത്രവും അദ്ദേഹത്തിന്‍റെയും പിതാവിന്‍റെയും പേരും ജനനതീയതിയും കോഴ്സ് സംബന്ധിച്ച വിവരങ്ങളും വർഷവുമെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. കൂടെ യൂണിവേഴ്സിറ്റി എൻറോൾമെന്റ് നമ്പർ മറച്ചിരിക്കുന്നതായും കാണാം

നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ച ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിൽ കാലങ്ങളായി നടക്കുന്നുണ്ട്. താൻ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയതെന്ന് മോദി തന്നെ പറഞ്ഞിട്ടുമുണ്ട്. എന്നാൽ നരേന്ദ്ര മോദിയുടെ ഐഡന്റിറ്റി കാർഡോ ബിരുദ സർട്ടിഫിക്കറ്റോ ഡൽഹി യൂണിവേഴ്സിറ്റി പുറത്ത് വിട്ടതായി വാർത്തകളില്ല. മാത്രമല്ല, സ്വകാര്യ വിവരങ്ങൾ ഉൾക്കൊള്ളുന്നത് കൊണ്ട് തന്നെ അക്കാദമിക രേഖകളും സർട്ടിഫിക്കറ്റുകളും പുറത്ത് വിടാനാകില്ലെന്ന് ഡൽഹി ഹൈക്കോടതിയിൽ ഡൽഹി യൂണിവേഴ്സിറ്റി വ്യക്തമാക്കിയിട്ടുള്ളതുമാണ്. 

ഇതിന്റെയടിസ്ഥാനത്തിൽ, ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിലൂടെ മോദിയുടെ ഡിഗ്രി പഠനകാലത്തെ ഐഡന്റിറ്റി കാർഡെന്ന നിലയിൽ വേറെയും പോസ്റ്റുകൾ കണ്ടെത്താനായി. ഭൂരിഭാഗം പോസ്റ്റുകളും ഈ വർഷം ആഗസ്റ്റിൽ പങ്കുവെച്ചത് തന്നെ. എന്നാൽ ഈ ചിത്രം ഇതാദ്യമായല്ല പ്രചരിക്കുന്നത്, ഇതേ ചിത്രം ഈ വർഷം തന്നെ പല തവണ പ്രചരിച്ചിട്ടുള്ളതായി കാണാം.

Social media post showing a fake Hans Raj College ID card of young Narendra Modi circulating on Instagram.
പ്രചരിക്കുന്ന പോസ്റ്റുകൾ

ഇതിൽ ‘sheru.aaru.official’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് പങ്കുവെച്ചിരിക്കുന്ന ചിത്രം ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമാണ്. ഡൽഹി ഹാൻസ് രാജ് കോളേജിലെ, നരേന്ദ്ര മോദിയുടെ ഐഡന്റിറ്റി കാർഡെന്ന പേരിലാണ് ഈ പോസ്റ്റ് പങ്കു വെച്ചിരിക്കുന്നത്. 2026 ആഗസ്റ്റ് 5 ന് പോസ്റ്റ് ചെയ്ത് ഈ ചിത്രം ഇതുവരെ (ആഗസ്റ്റ് 28) രണ്ട് ലക്ഷത്തിലധികം തവണ കണ്ടിട്ടുണ്ട്. 680 ലൈക്കുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

Close-up screenshot of an Instagram post featuring a fake Hans Raj College Delhi University ID card of Narendra Modi.
‘Sheru.aaru.official’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റ്

1977-78 കാലത്ത് നരേന്ദ്ര മോദി ഡൽഹിയിലെ ഹാൻസ് രാജ് കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായിരിക്കുമ്പോളുള്ള ഐഡന്റിറ്റി കാർഡെന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. 

പ്രചരിക്കുന്ന ആദ്യത്തെ ചിത്രത്തിൽ തന്നെ വ്യാജമാണെന്ന് തെളിയിക്കുന്ന നിരവധി തെളിവുകൾ കാണാം. ഈ ഐഡന്റിറ്റി കാർഡിൽ താഴെ വലതു മൂലയിലായി സർവകലാശാലയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഒപ്പിടേണ്ട ‘ഓതറൈസ്ഡ് സിഗ്നേച്ചർ’ എന്ന ഭാഗമുണ്ട്. എന്നാൽ ചിത്രത്തിലെ ഈ ഭാഗത്തിൽ നരേന്ദ്ര മോദി എന്ന് ഹിന്ദിയിൽ എഴുതിയിരിക്കുന്നതായി കാണാം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഐഡന്റിറ്റി കാർഡിൽ ബന്ധപ്പെട്ട അധികാരി സാക്ഷ്യപ്പെടുത്തേണ്ട ഇടത്ത് വിദ്യാർത്ഥിയുടെ പേരും ഒപ്പും വരില്ല. സാധാരണയായി എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങളിൽ കാണുന്ന പിഴവുകളാണിവ.

പ്രചരിക്കുന്ന ഐഡന്റിറ്റി കാർഡിൽ മുകളിൽ ഇടത് മൂലയിലായി 1958 ലാണ് ഡൽഹി യൂണിവേഴ്സിറ്റി സ്ഥാപിതമായതെന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം. എന്നാൽ ഔദ്യോഗിക വെബ്സൈറ്റനുസരിച്ച് ഡൽഹി യൂണിവേഴ്സിറ്റി സ്ഥാപിതമായത് 1922 ലാണ്. 

മാത്രമല്ല, ഐഡന്റിറ്റി കാർഡിൽ ‘School of open learning’ എന്നെഴുതിയിട്ടുണ്ട്. ഡൽഹി സർവകലാശാലയിൽ പൈലറ്റ് അടിസ്ഥാനത്തിൽ വിദൂര വിദ്യാഭ്യാസം ആരംഭിച്ചത് 1962 ലാണ്. അന്ന് ‘ഡയറക്ടറേറ്റ് ഓഫ് കറസ്പോണ്ടൻസ് കോഴ്‌സ്’ എന്നായിരുന്നു ഇതിന്റെ പേര്. ഐഡന്റിറ്റി കാർഡിലുള്ളത് പോലെ ‘സ്കൂൾ ഓഫ് ഓപ്പൺ ലേണിംഗ്’ (SOL) എന്ന് പേര് മാറ്റിയത് പിന്നീട്, 2004 ലാണ്. അതായത്, 1978-79 കാലത്തേതെന്ന് അവകാശപ്പെടുന്ന ഐഡന്റിറ്റി കാർഡിൽ, 2004 ൽ നിലവിൽ വന്ന പേര് രേഖപ്പെടുത്തിയിരിക്കുന്നു.

Detailed graphic highlighting structural flaws and fake authorization details on Narendra Modi's viral Delhi University identity card.
പ്രചരിക്കുന്ന ഐഡന്റിറ്റി കാർഡിലെ നരേന്ദ്ര മോദിയുടെ ഒപ്പം ബാർകോഡും

ചിത്രത്തിലെ ഐഡന്റിറ്റി കാർഡിൽ താഴെ ഇടത് മൂലയിലായി ഒരു ബാർകോഡ് കാണാം. ചിത്രത്തിൽ തന്നെ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച്, 1978 – 79 കാലത്തെ ഐഡന്റിറ്റി കാർഡാണിത്. എന്നാൽ, 1970-കളിൽ കമ്പ്യൂട്ടർ അധിഷ്ഠിത ബാർകോഡ് പ്രിന്റിംഗ് സിസ്റ്റം രാജ്യത്ത് നിലവിൽ വന്നിട്ടില്ല. ഉൽപ്പന്നങ്ങൾക്ക് ബാർകോഡുകൾ അനുവദിക്കുന്നതിനും അവ അന്താരാഷ്ട്ര നിലവാരത്തിൽ നിയന്ത്രിക്കുന്നതിനുമായി പ്രവർത്തിക്കുന്ന Global Standards 1 (GS1) രൂപീകരിച്ചത് 1996 ലാണ്. കൂടാതെ, ചിത്രം തങ്ങളുടെ ടൂൾ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് ഓപ്പൺ എഐ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

Screenshot showing OpenAI verification interface labeling the viral Narendra Modi Delhi University identity card as AI-generated media.
ചിത്രം എഐ നിർമ്മിതമാണെന്ന് ഓപ്പൺ എഐ തന്നെ സ്ഥിരീകരിക്കുന്നു.

2001 ൽ മാധ്യമ പ്രവർത്തകനും നിലവിൽ കോൺഗ്രസ് രാജ്യസഭാ എംപിയുമായ രാജീവ് ശുക്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നരേന്ദ്ര മോദി തന്റെ വിദ്യാഭ്യാസ യോഗ്യതയെ പറ്റി പറയുന്നത്. ബിരുദം ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്നും പൂർത്തിയാക്കിയെന്നാണ് ഈ അഭിമുഖത്തിൽ അദ്ദേഹം അവകാശപ്പെടുന്നത്.

മോദി ഡൽഹിയിലെ ഹാൻസ് രാജ് കോളേജിൽ പഠിക്കുമ്പോഴുള്ളതാണെന്നാണ് രണ്ടാമത്തെ ചിത്രത്തിലെ അവകാശവാദം. എന്നാൽ താൻ വിദൂര വിദ്യാഭ്യാസം വഴിയാണ് ബിരുദം നേടിയതെന്ന്നാണ് രാജീവ് ശുക്ലയുമായുള്ള അഭിമുഖത്തിൽ നരേന്ദ്രമോദി പറയുന്നത്. ഇതിൽ നിന്ന് തന്നെ ഈ ചിത്രവും വ്യാജമാണെന്ന് ഉറപ്പിക്കാം. മാത്രമല്ല, ഇതും തങ്ങൾ നിർമ്മിച്ച ചിത്രമാണെന്ന് ഓപ്പൺ എഐ സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇതിനോടൊപ്പം, ഗുജറാത്ത് സർവകലാശാലയിലെ മോദിയുടെ യഥാർത്ഥ ഐഡന്റിറ്റി കാർഡ് എന്ന പേരിൽ മറ്റൊരു ചിത്രവും സാമൂഹ്യ മാധ്യമമായ ത്രെഡ്സിൽ പ്രചരിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് ഈ ചിത്രം പങ്കു വെച്ചിരിക്കുന്നത്. 

Social media post on Threads featuring a fake AI-generated Gujarat University ID card of Narendra Modi.

എന്നാൽ ഈ ചിത്രവും എഐ നിർമ്മിതമാണെന്ന് ഓപ്പൺ എഐ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

OpenAI verification tool interface confirming the fake Gujarat University identity card of Narendra Modi is AI-generated media.
ചിത്രങ്ങൾ എഐ നിർമ്മിതമാണെന്ന് ഓപ്പൺ എഐ സ്ഥിരീകരിച്ചു

2014 ലോക്സഭ തെരഞ്ഞെടുപ്പിൽ, നരേന്ദ്ര മോദി വരണാധികാരിക്ക് നൽകിയ സത്യവാങ്മൂലത്തിൽ താൻ ബിരുദാനന്തര ബിരുദം നേടിയെന്ന് പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇതേ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ഉടലെടുത്തത്. തുടർന്ന് ഗുജറാത്ത്, ഡൽഹി യൂണിവേഴ്സിറ്റി മേധാവികൾ തന്നെ ഇത് ശരിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നരേന്ദ്ര മോദിയുടെ സർട്ടിഫിക്കറ്റിന്റെയോ മറ്റ് അക്കാദമിക് രേഖകളുടെയോ കോപ്പി പ്രസിദ്ധീകരിക്കാൻ ഈ സർവകലാശാലകൾ തയ്യാറായിട്ടില്ല.

മാത്രമല്ല, ഗുജറാത്ത് സർവകലാശാല രേഖകൾ പറയുന്നതനുസരിച്ച്, നരേന്ദ്ര മോദിയുടെ ജനന തീയതി 1949 ആഗസ്റ്റ് 29 ആണ്. എന്നാൽ നരേന്ദ്ര മോദിയുടെ തന്നെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നതനുസരിച്ച്, അദ്ദേഹത്തിന്റെ ജനന തീയതി 1950 സെപ്റ്റംബർ 17 ആണ്. ഇതുകൊണ്ടുതന്നെ, ഗുജറാത്ത് സർവകലാശാലയുടെ വാദം സംശയാസ്പദമാണ്.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top