
ഭിന്നശേഷിക്കാരുടെ ജിംനാസ്റ്റിക് പ്രകടനങ്ങൾ ; ഉള്ളതും ഇല്ലാത്തതും
ഏഷ്യൻ ഗെയിംസ് 2026 ന് തിരശീല ഉയരാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ സോഷ്യൽ മീഡിയയിൽ വ്യാജ ദൃശ്യങ്ങളുടെ പ്രവാഹം തുടങ്ങി കഴിഞ്ഞു. ജിംനാസ്റ്റിക് മത്സരത്തിൽ ഭിന്നശേഷിക്കാരിയായ ഒരു യുവതി മത്സരിച്ച് വിജയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. യുവതിയുടെ നേട്ടത്തിൽ സന്തോഷം അറിയിച്ചുകൊണ്ടുള്ള വീഡിയോകളാണ് പ്രത്യേകിച്ചും എക്സ് അക്കൗണ്ടുകളിൽ വൈറലാവുന്നത്.
ജിംനാസ്റ്റിക്സ് ചെയ്യുന്ന യുവതി
എക്സ് അക്കൗണ്ടുകളിലാണ് ഇത്തരം വ്യാജ വീഡിയോകൾ പ്രചരിക്കുന്നത്. ഒരു യുവതി ജിം നാസ്റ്റിക് മത്സരത്തിൽ പങ്കെടുക്കുന്ന വീഡിയോയാണ് ഒന്ന്. യുവതിയുടെ വിജയത്തിൽ സന്തോഷം അറിയിക്കുന്ന ഒരു പോസ്റ്റ് ആണിത്. Sunny Kavalakatt എന്ന എക്സ് അക്കൗണ്ടിൽ നിന്ന് ഈ പോസ്റ്റ് പ്രചരിക്കുന്നതായി ഒബിസിയുടെ മോണിറ്ററിങ് ടീം കണ്ടെത്തി.
“കഠിനാധ്വാനത്തിന് മുന്നിൽ പരാജയം പോലും തോൽവി സമ്മതിക്കുന്നു” എന്ന ക്യാപ്ഷനിൽ തുടങ്ങുന്ന വീഡിയോയാണ് ഇയാൾ പങ്കുവെച്ചിട്ടുള്ളത്. സെപ്റ്റംബർ 13ന് പങ്കുവെച്ച ഈ വീഡിയോ ഇതുവരെ (14/9)26) 600 ലധികം പേർ കണ്ടുകഴിഞ്ഞു. ഇത് സത്യമാണെന്ന് വിശ്വസിച്ച നിരവധി ആളുകളാണ് പോസ്റ്റിനു താഴെ കമൻറ് ചെയ്യുന്നത്.

ഇതേ വീഡിയോ തന്നെ Unni Mukundan എന്ന മറ്റൊരു അക്കൗണ്ടിലും റീ ഷെയർ ചെയ്തിട്ടുള്ളതായി ഒബിസി കണ്ടെത്തി. ആയിരത്തിലധികം പേരാണ് ഈ വീഡിയോ ഇതുവരെ (14/9)26) കണ്ടിട്ടുള്ളത്.

ഇംഗ്ലീഷിലും ഹിന്ദിയിലുമെല്ലാം ഇതേ വീഡിയോ പ്രചരിച്ചിരുന്നുവെന്നും കണ്ടെത്തി.
വീഡിയോയുടെ ഉത്ഭവം ഇവിടെനിന്ന്
പ്രചരിക്കുന്ന വീഡിയോയുടെ വ്യാപ്തി ഞങ്ങൾ പരിശോധിച്ചു. ഹിന്ദിയിലുള്ള പോസ്റ്റിലും യുവതിയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നു. ലക്ഷക്കണക്കിന് പേരാണ് Dhiraj Kumar എന്ന് പേരുള്ള ആ അക്കൗണ്ടിൽ നിന്നും വീഡിയോ കണ്ടിട്ടുള്ളത്, അഞ്ഞൂറിലധികം പേരാണ് കമൻ്റ് ചെയ്തിട്ടുള്ളത്. പക്ഷേ വീഡിയോ എ ഐ നിർമ്മിതമാണോ എന്ന ചോദ്യം ആരും ഉന്നയിക്കുന്നതായി കാണുന്നില്ല.
എക്സിൽ 4,436 ഫോളോവേഴ്സ് ഉള്ള Sanjeev Kumar Pal എന്ന അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പ്രചരിച്ചു തുടങ്ങിയത് എന്നാണ് ഒബിസി കണ്ടെത്തിയത്.
ഈ വീഡിയോയിൽ ‘Made with AI’ എന്ന് സൂചന നൽകിയിട്ടുണ്ട്. രണ്ടു ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ ഇതുവരെ (14/9/26) കണ്ടിട്ടുള്ളത്.

വീഡിയോയിലെ ചില പ്രകടമായ പൊരുത്തക്കേടുകൾ കമന്റിൽ ആളുകൾ എടുത്തു പറയുന്നുണ്ട്. വീഡിയോയുടെ പതിനേഴാമത്തെ സെക്കൻഡിൽ കാണുന്ന ചലനം അത് എഡിറ്റഡ് ആണെന്ന് സൂചിപ്പിക്കുന്നു. യുവതി തലകീഴായി മറിയുമ്പോൾ, കൈ നീളുന്നതായും കാണുന്നുണ്ട്. വായുവിൽ ചലിക്കുമ്പോഴും ചില പൊരുത്തക്കേടുകൾ പ്രകടമായി കാണാം. ചിത്രം എ ഐ നിർമിതമാണോ എന്ന് ഒബിസി പരിശോധിച്ചു. ഹൈവ് മോഡറേഷൻ എന്ന എ ഐ ഡിറ്റക്ഷൻ ടൂൾ ആണ് ഇതിനുപയോഗിച്ചത്.
വീഡിയോ 99.9% എ ഐ നിർമ്മിതമാണ് എന്നായിരുന്നു ഫലം.

ഭിന്നശേഷി യുവതീയുവാക്കൾ ജിംനാസ്റ്റിക്ക് മത്സരങ്ങളിൽ പങ്കെടുക്കുന്നതായുള്ള നിരവധി വീഡിയോകൾ അന്വേഷണത്തിൽ കണ്ടെത്താനായി. എല്ലാം എ ഐ നിർമ്മിതമാണ്.

ഇരു കൈകളും ഇല്ലാത്ത ഒരു യുവതി തൂക്കിയിട്ടിരിക്കുന്ന കയറിലൂടെ കയറി പോകുന്ന വീഡിയോ ആണ് ഇത്. ഒബിസിയുടെ അന്വേഷണത്തിൽ ഇതും എ ഐ ആണെന്ന് വ്യക്തമായിട്ടുണ്ട്.

ഭിന്നശേഷിക്കാർക്കായി ജിംനാസ്റ്റിക്സ് മത്സരങ്ങൾ നിലവിലുണ്ടോ? മത്സരങ്ങൾ
ശാരീരികമോ ബുദ്ധി പരമോ ആയ വെല്ലുവിളികൾ നേരിടുന്നവർക്ക് വേണ്ടി നടത്തുന്ന മത്സരങ്ങൾ പാരാലിമ്പിക് മത്സരങ്ങൾ എന്നറിയപ്പെടുന്നു. സാധാരണ ഒളിമ്പിക് മത്സരങ്ങൾ നടക്കുന്ന അതേ വേദികളിലും നഗരങ്ങളിലും തന്നെയാണ് പാരാലിമ്പിക് മത്സരങ്ങളും നടക്കുന്നത്. പാരാ ആർച്ചറി, പാരാ ഷൂട്ടിംഗ്, പാരാ പവർ ലിഫ്റ്റിങ്, പാരാ ബാഡ്മിൻറൺ, വീൽചെയർ ബാസ്ക്കറ്റ് ബോൾ എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടത്തുന്നുണ്ട്. അത്ലറ്റിക്സ്, നീന്തൽ, സൈക്ലിംഗ് തുടങ്ങിയ മറ്റ് കായിക ഇനങ്ങളിലും ഭിന്നശേഷിക്കാർക്കായി മത്സരങ്ങളുണ്ട്. അതേ സമയം ജിംനാസ്റ്റിക്സ് ഇത് വരെ ഒരു മത്സര ഇനമായി ഉൾപ്പെടുത്തിയിട്ടില്ല. ഇനീന്തൽ അത്‌ലറ്റിക്സ് പോലുള്ള ഇനങ്ങളിൽ എല്ലാം പാരലിമ്പിക്ക്സ് ക്സ് മത്സരങ്ങൾ വളർന്നപ്പോൾ ജിംനാസ്റ്റിക് മാത്രം എന്തുകൊണ്ട് തഴയപ്പെടുന്നു എന്ന് വാൾ സ്ട്രീറ്റ് ജേർണലിൽ വന്ന ലേഖനം വ്യക്തമാക്കുന്നു.
നിലവിൽ പാരാലിമ്പിക് മത്സരങ്ങളിൽ മറ്റ് പ്രധാന ഇനങ്ങളിൽ വിവിധ ഭിന്നശേഷി മത്സരാർഥികൾ പങ്കെടുത്ത് മികച്ച വിജയം കാഴ്ചവയ്ക്കുന്നുണ്ട് എങ്കിലും ജിംനാസ്റ്റിക്സ് പോലെയുള്ള മത്സരങ്ങൾ ഇതുവരെ പാരലിമ്പിക്സിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇക്കാര്യം അന്താരാഷ്ട്ര ജിംനാസ്റ്റിക്സ് ഫെഡറേഷന്റെ പരിഗണനയിലാണ്.
ഭിന്നശേഷിക്കാരുടെ ജിംനാസ്റ്റിക്സ് പ്രകടനങ്ങൾ എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോകൾ യഥാർത്ഥമല്ല, എ ഐ നിർമിതമാണ്.
