ഒരൊറ്റ വീഡിയോ ; അഞ്ച് വ്യാജവാർത്തകൾ 

ഒരൊറ്റ വീഡിയോ ; അഞ്ച് വ്യാജവാർത്തകൾ 

കടുത്ത വലത് പക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഒരാൾ. വർഗീയ ചുവയുള്ള പോസ്റ്റുകൾ നിരന്തരം പങ്ക് വെക്കുകയും മുസ്ലിങ്ങൾക്കെതിരായ വെറുപ്പും വിദ്വേഷവും പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു അക്കൗണ്ട്. അവിടെ നിന്നും പോസ്റ്റ് ചെയ്യപ്പെട്ട  ഒരൊറ്റ വീഡിയോയിൽ മാത്രം അഞ്ച് വ്യാജവാർത്തകൾ. എല്ലാം മുസ്ലിം വിദ്വേഷം പരത്തുന്നവ.

‘ലണ്ടനിലെ ഇസ്ലാമികവത്കരണ’ത്തെ പറ്റി പരാമർശിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഇസ്ലാമിക സംസ്കാരം ലണ്ടനെയാകെ നശിപ്പിക്കുന്നുവെന്നാണ് വീഡിയോയിലെ അവതാരകന്റെ പ്രധാന ആരോപണം. വർഗ്ഗീയ ചുവയുള്ള അഭിപ്രായങ്ങളാണ് വീഡിയോയിൽ പരാമർശിക്കുന്നതിൽ അധികവും. വസ്തുതകൾ എന്ന മട്ടിൽ കുറെ സ്ഥിതിവിവരക്കണക്കുകളും വാർത്തകളും ഇയാൾ അവതരിപ്പിക്കുന്നുണ്ട്. ഓരോന്നും  ഞങ്ങൾ പരിശോധിച്ചു. എല്ലാം അടിസ്ഥാന രഹിതമാണ്.

‘Kannan balaramapuram’ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ ആദ്യമായി പങ്ക് വെച്ചത്. ലണ്ടനിൽ മുസ്ലിം മതസ്ഥരുടെ എണ്ണം കൂടുന്നത് ആ രാജ്യത്തെയാകെ നശിപ്പിക്കുന്നുവെന്നാണ് അവതാരകന്റെ പ്രധാന വാദം. ലണ്ടനെ പറ്റി മാത്രമല്ല യൂറോപ്പ്യൻ രാജ്യങ്ങളിലാകെ ഇസ്ലാം  പ്രാദേശിക ജനവിഭാഗത്തെയും, അവരുടെ സംസ്കാരത്തെയും നശിപ്പിക്കുന്നുവെന്ന നിരീക്ഷണവും വീഡിയോയിലുണ്ട്. “യു കെ യുടെ നിലവിലത്തെ അവസ്ഥയെന്താണെന്ന് നിങ്ങൾക്കറിയാമോ” എന്ന ചോദ്യത്തിൽ തുടങ്ങുന്ന വീഡിയോയ്ക്ക് രണ്ടര മിനിറ്റോളം ദൈർഘ്യമുണ്ട്. ജൂൺ 7 ന് പങ്ക് വെച്ച ഈ വീഡിയോ ജൂൺ 24 വരെ 1,62,000 തവണ കണ്ടിട്ടുണ്ട്. ഈ പേജിലെ തന്നെ മറ്റു വീഡിയോകളുമായി താരതമ്യം ചെയ്താൽ ഏറ്റവുമധികം വൈറലായ വീഡിയോകളിലൊന്നാണിത്. 5,600 പേർ ലൈക്ക് ചെയ്ത പോസ്റ്റ് ഇതുവരെ 1,500 പേർ ഷെയർ ചെയ്തിട്ടുമുണ്ട്. വീഡിയോയുടെ ആർക്കൈവ് ചെയ്ത പതിപ്പ് ഇവിടെ കാണാം.

പ്രചരിക്കുന്ന വീഡിയോയുടെ സ്ക്രീൻഷോട്ട്

‘ഹിജാബ് അഴിച്ചു മാറ്റി സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന മുസ്ലിം സ്ത്രീകൾ’

വീഡിയോയുടെ തുടക്കത്തിൽ, തെരഞ്ഞെടുത്ത ഏതാനും ന്യൂസ്  ക്ലിപ്പിങ്ങുകൾ കാണിക്കുന്നുണ്ട്. വീഡിയോയിലെ ആദ്യ സെക്കൻഡുകളിൽ തന്നെ “യു കെ യിലെ പെൺകുട്ടികൾ ഹിജാബ് അഴിച്ചു മാറ്റി ഞങ്ങൾക്ക് ഇസ്ലാമിൽ നിന്ന് മോചനം വേണമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു” എന്ന് അവതാരകൻ പറയുന്നുണ്ട്. മൂന്ന് പെൺകുട്ടികൾ ഒരു വേദിയിൽ വെച്ച് തങ്ങളുടെ ഹിജാബ് അഴിച്ച് മാറ്റുന്ന ദൃശ്യങ്ങളും കൂടെ കാണാം. ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിലൂടെ ഞങ്ങൾ ഈ വീഡിയോയുടെ ഉറവിടം കണ്ടെത്തി. 2026 മെയ് 17 ന് ‘The Financial Express’ എന്ന ഇന്ത്യൻ മാധ്യമം ഈ വീഡിയോ യൂട്യൂബിൽ പങ്ക് വെച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ലണ്ടനിൽ നിന്ന് തന്നെയുള്ളതാണ്. എന്നാൽ ദൃശ്യങ്ങളിലുള്ളത് ‘നെമസിസ് കളക്ടീവ്’ (Collectif Némésis) എന്ന ഫ്രഞ്ച് തീവ്ര വലത്പക്ഷ സ്ത്രീ സംഘടനയുടെ പ്രവർത്തകരാണ്. തങ്ങൾ നെമസിസ് കളക്ടീവ് ന്റെ പ്രവർത്തകരാണെന്നും ഈ പരിപാടിക്കായി ഫ്രാൻസിൽ നിന്നെത്തിയതാണെന്നും ഈ വീഡിയോയിൽ തന്നെ ഇവർ പറയുന്നുണ്ട്. മാത്രമല്ല, നെമസിസ് കളക്ടീവ് ന്റെ തീവ്ര വലതുപക്ഷ – മുസ്ലിം വിരുദ്ധ ഘടനയെപ്പറ്റി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി നടത്തി പഠനം വിശദീകരിക്കുന്നുണ്ട്.

‘സ്‌കൂളുകളിൽ നിർബന്ധിച്ച് ഇസ്ലാം പഠിപ്പിക്കുന്നു’

തങ്ങളെ ഇസ്ലാമിനെക്കുറിച്ചും മുഹമ്മദ് നബിയെ കുറിച്ചും നിർബന്ധിച്ച് പഠിപ്പിക്കുന്നുവെന്ന്” കുട്ടികൾ പരാതിപ്പെടുന്നവെന്ന് വീഡിയോയിൽ അവതാരകൻ പറയുന്നുണ്ട്. കൂടെ ഒരു കുട്ടി മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോയും ഉൾപ്പെടുത്തിയിട്ടുണ്ട്. ‘Republican Party’ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലെ ഒരി പോസ്റ്റിന്റെ സ്ക്രീൻ റെക്കോർഡിങ്ങായാണിത് കാണിക്കുന്നത്. സോഷ്യൽ മീഡിയ ഏതാണെന്നത് റെക്കോർഡിങ്ങിൽ വ്യക്തമല്ല. 

2024 ൽ പ്രചരിച്ച ഒരു വ്യാജ വാർത്തയാണിത്. യു കെ യിലെ സ്കൂളുകളിൽ ഇസ്ലാമിക മത പഠനം നിർബന്ധമാക്കിയെന്നായിരുന്നു പ്രചരിച്ചിരുന്ന വാദം. എന്നാൽ ഇത് പൂർണമായും തെറ്റാണെന്ന് 2024 ൽ തന്നെ വാർത്ത ഏജൻസിയായ ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യു കെ യിലെ ദേശീയ വിദ്യാഭ്യാസ കരിക്കുലത്തിൽ മത പഠനം ഉൾപ്പെടുന്നുണ്ട്. ആരോഗ്യം, വ്യക്തിബന്ധങ്ങൾ, ലൈംഗിക വിദ്യാഭ്യാസം എന്നിവയുടെ കൂടെയാണ് മത പഠനവും ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ മതങ്ങളെ കുറിച്ചും പഠിപ്പിക്കണമെന്നാണ് പാഠ്യപദ്ധതിയിൽ നിഷ്കർഷിക്കുന്നത്.

വീഡിയോയിലെ ഈ ദൃശ്യങ്ങൾ ഒബിസി പരിശോധിച്ചു. ഞങ്ങൾ ചെന്നെത്തിയത് 2024 ആഗസ്റ്റ് 23 ലെ ഒരു എക്സ് പോസ്റ്റിലാണ്. സ്വയം ജൂതനെന്നും ‘ഡിയർ സിയോണിസ്റ്റ്’ എന്ന പുസ്തകത്തിന്റെ രചയിതാവെന്നും ബയോയിൽ വ്യക്തമാക്കുന്ന ഒരു അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. നിരവധി ഇസ്രയേൽ അനുകൂല പോസ്റ്റുകളും ഈ അക്കൗണ്ടിൽ കാണാം. പോസ്റ്റിലെ വീഡിയോയിൽ ‘സ്കൂളുകളിൽ തങ്ങളെ നിർബന്ധിതമായി മുഹമ്മദിനെ പറ്റിയും ഇസ്ലാമിനെ പറ്റിയും പഠിപ്പിക്കുന്നെ’ന്ന് ഒരു കുട്ടി പറയുന്നുണ്ട്. എന്നാൽ യു കെ യുടെ തന്നെ ദേശീയ വിദ്യാഭ്യാസ കരിക്കുലത്തിൽ അങ്ങനെയൊന്ന് കാണാൻ കഴിയില്ല. വീഡിയോയിൽ ‘GB News’ എന്ന മാധ്യമത്തിന്റെ ലോഗോയും കാണാം. ഇത്  വിശ്വാസ്യതയില്ലാത്ത,  വലത്പക്ഷ ചായ് വുള്ള മാധ്യമമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവർ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായും  കാലാവസ്ഥാ ശാസ്ത്രത്തെ തള്ളിക്കളയുന്നതായും കാൾ തോംപ്സൺ എന്ന സാമൂഹ്യശാസ്ത്രജ്ഞൻ ഈ റിപ്പോർട്ടിൽ പറയുന്നു.

‘ക്രിസ്ത്യൻ പള്ളികളെക്കാൾ കൂടുതൽ മുസ്ലിം പള്ളികൾ’

‘ലണ്ടൻ നഗരത്തിന്റെ ഭൂപടം പരിശോധിച്ചാൽ ക്രിസ്ത്യൻ പള്ളികളേക്കാൾ കൂടുതൽ മുസ്ലിം പള്ളികൾ കാണാൻ കഴിയു’മെന്നാണ് അവതാരകൻ പറയുന്ന മറ്റൊരു വാദം. ലണ്ടൻ (City of London) നഗരസഭയുടെ ഔദ്യോഗിക വെബ്സൈറ്റ് തന്നെ ഈ വാദം തള്ളിക്കളയുന്നുണ്ട്. ഈ വെബ്സൈറ്റ് പറയുന്നതനുസരിച്ച്, ലണ്ടൻ നഗരപരിധിയിൽ ഒരു മുസ്ലിം പള്ളിപ്പോലും സ്ഥിതി ചെയ്യുന്നില്ല. പകരം വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി മാത്രം പ്രാർത്ഥനാമുറികളുണ്ടെന്നും വെബ്സൈറ്റ് പറയുന്നു.

 ലണ്ടൻ നഗരപരിധിക്ക് പുറത്ത്, ‘ഗ്രേറ്റർ ലണ്ടൻ’ പ്രദേശങ്ങളിൽ മുസ്ലിം പള്ളികളുണ്ട്.

ലണ്ടൻ നഗരസഭയുടെ ഔദ്യോഗിക വെബ്സൈറ്റിൽ, നഗരത്തിൽ മുസ്ലിം പള്ളികളൊന്നുമില്ലെന്ന് വ്യക്തമാക്കുന്ന ഭാഗം.

ലണ്ടൻ നഗരത്തിന്റെ ഭൂപടം പരിശോധിച്ചാൽ മുസ്ലിം പള്ളികൾ കൂടുതലായുണ്ടെന്ന് പറയുന്നതിനോടൊപ്പം ഗൂഗിൾ മാപ്പിന്റെ സ്ക്രീൻഷോട്ടും വീഡിയോയിൽ പങ്ക് വെച്ചിട്ടുണ്ട്. എന്നാൽ സ്ക്രീൻഷോട്ടിൽ കാണിക്കുന്ന പള്ളികളിൽ ചിലത് പരിശോധിക്കുമ്പോൾ അത് ലണ്ടൻ നഗരപരിധിയിലല്ല എന്ന് വ്യക്തമായി. ഉദാഹരണത്തിന്, വീഡിയോയിലെ സ്ക്രീൻഷോട്ടിൽ കാണിക്കുന്ന ‘ലണ്ടൻ ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റി’ സ്ഥിതിചെയ്യുന്നത് ലണ്ടൻ നഗരത്തിൽ നിന്ന് എട്ട് മുതൽ ഒൻപത് കിലോമീറ്റർ വരെ അകലെയാണ്.

മാത്രമല്ല, വീഡിയോയിൽ പ്രദർശിപ്പിക്കുന്ന സ്ക്രീൻഷോട്ട്, മുസ്ലിം പള്ളികളെ (Mosques in London) കുറിച്ച്  മാത്രം ഗൂഗിൾ മാപ്പിൽ സെർച്ച് ചെയ്യുമ്പോൾ ലഭിക്കുന്നതാണ്. ഇത്തരത്തിലുള്ള സെർച്ചുകളിൽ മുസ്ലിം പള്ളികളെ മാത്രം എടുത്ത് കാണിക്കുകയാണ് ഗൂഗിൾ മാപ്പ് ചെയ്യുക. ഈ രീതിയിൽ ക്രിസ്ത്യൻ പള്ളികളെ പറ്റി സെർച്ച് ചെയ്താൽ ഇതിലുമധികം പള്ളികൾ മാപ്പിൽ കാണാനാകും.

ഗൂഗിൾ മാപ്പിലെ വിവിധ സെർച്ചുകളുടെ സ്ക്രീൻഷോട്ട്

സിറിയൻ പ്രസിഡന്റും യു കെ പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയും ഹസ്തദാനവും 

വീഡിയോയിൽ യു കെ പ്രധാന മന്ത്രി കിയർ സ്റ്റാർമർ, സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷാരാ ക്ക് ഹസ്തദാനം നൽകുന്നതിന്റെ ദൃശ്യങ്ങൾ കാണിക്കുന്നുണ്ട്. ‘യു കെ ഇസ്ലാമിന്റെ പിടിയിൽ അമർന്നിരിക്കുന്നു’വെന്നും അതിന്റെ തെളിവാണ് ഈ ഹസ്തദാനമെന്നും അവതാരകൻ പറയുന്നുണ്ട്. അഹമ്മദ് അൽ-ഷാരാ യുടെ ഭീകരവാദ ബന്ധങ്ങളാണ് ഇതിന് കാരണമായി അവതാരകൻ ചൂണ്ടി കാട്ടുന്നത്. ഇന്ത്യൻ മാധ്യമം ‘Firstpost’ പങ്ക് വെച്ച വീഡിയോയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 

എന്നാൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ തമ്മിലുള്ള കൂടിക്കാഴ്ചകളിൽ ഹസ്തദാനം സ്വാഭാവികമാണ്. യു കെ പ്രധാനമന്ത്രിമാർ ഇതിന് മുൻപും സിറിയൻ പ്രസിഡന്റുമാരുമായി കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. 2001 ലും 2002 ലും അന്നത്തെ യു കെ പ്രധാനമന്ത്രി ടോണി ബ്ലെയറും സിറിയൻ പ്രസിഡന്റ് ബാഷർ അൽ-അസദുമായി കൂടിക്കാഴ്ചകൾ നടന്നിട്ടുണ്ട്. ഈ കൂടിക്കാഴ്ചയിലും ഇവർ തമ്മിൽ ഹസ്തദാനം ചെയ്യുന്നതിന്റെ വീഡിയോകൾ ലഭ്യമാണ്. ബാഷർ അൽ-അസദിനും തീവ്രവാദ ബന്ധങ്ങളുണ്ടെന്ന് ആരോപണങ്ങളുണ്ടായിരുന്നു.

‘ഓരോ 15 ദിവസത്തിലും ഒരു പുതിയ മുസ്ലിം പള്ളി’

വീഡിയോയുടെ ഏറ്റവുമൊടുവിലായി ഫ്രാൻസിലെ സ്ഥിതിഗതികളെ പറ്റിയും പറയുന്നുണ്ട്. ഫ്രാൻസിൽ ഓരോ രണ്ടാഴ്ചയിലും ഒരു ക്രിസ്ത്യൻ പള്ളി പൊളിച്ചുമാറ്റുന്നുണ്ടെന്നാണ് അവതാരകൻ പറയുന്നത്. തൽസ്ഥാനത്ത് ഓരോ 15 ദിവസത്തിലും പുതിയ മുസ്ലിം പള്ളികൾ ഫ്രാൻസിൽ സ്ഥാപിക്കപ്പെടുന്നെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ സ്ക്രീൻഷോട്ടാണ് ഈ വാദങ്ങൾക്ക് തെളിവായി കാണിക്കുന്നത്.

ഫ്രാൻസിലെ ‘ഒബ്സർവേറ്ററി ഓഫ് റിലീജിയസ് ഹെരിറ്റേജ്’ എന്ന സ്വകാര്യ സ്ഥാപനത്തിന്റെ പ്രസിഡന്റായ എഡ്വേർഡ് ഡി ലാമസ് ഒരു അഭിമുഖത്തിൽ ഉന്നയിച്ച ആരോപണങ്ങളാണിവ. ഇത് പിന്നീട് ഫ്രാൻസിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ റിപ്പോർട്ടുകൾ പറയുന്നതനുസരിച്ച്, ഏറെ പഴക്കം ചെന്ന ക്രിസ്ത്യൻ പള്ളികൾ കൃത്യമായ പരിപാലനം ഇല്ലാതെ നശിച്ചു പോകുന്നതാണെന്നാണ്. തീ വയ്പ്പും സംഘടിതമായ അക്രമങ്ങളും മറ്റ് കാരണങ്ങളായി പറയുന്നുണ്ടെങ്കിലും അതേതെങ്കിലും മതവിഭാഗങ്ങൾ കരുതിക്കൂട്ടി ചെയ്യുന്നതാണെന്നതിന് തെളിവുകളില്ല.

സ്വയം ഖണ്ഡിക്കുന്ന വ്യാജ വാർത്തകൾ 

വീഡിയോയിൽ പ്രദർശിപ്പിക്കുന്ന ഇൻസ്റ്റഗ്രാം പോസ്റ്റും ഞങ്ങൾ കണ്ടെത്തി. ഇതിലെ ആദ്യ ചിത്രത്തിൽ, ഓരോ 15 ദിവസത്തിലും ഒരു മുസ്ലിം പള്ളി ഫ്രാൻസിൽ സ്ഥാപിക്കപ്പെടുന്നുണ്ടെന്ന് പറയുന്നു. എന്നാൽ ഇതേ പോസ്റ്റിലെ നാലാമത്തെ ചിത്രത്തിൽ പറയുന്ന കണക്കുകൾ ഈ വാദത്തെ ഖണ്ഡിക്കുന്നു.

വീഡിയോയിൽ പങ്ക് വെച്ചിരിക്കുന്ന ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ ഒന്നാമത്തെയും നാലാമത്തെയും ചിത്രം 

ഈ ചിത്രത്തിൽ പറയുന്നതനുസരിച്ച്, 2001 ൽ ഫ്രാൻസിലെ മുസ്ലിം പള്ളികളുടെ എണ്ണം 1,500 ആണ്. 2025 ലെത്തുമ്പോൾ ഇത് 2,300 ആയി കൂടി. അതായത്, 25 വർഷത്തിനിടെ കൂടിയത് 800 മുസ്ലിം പള്ളികൾ. ‘15 ദിവസത്തിൽ ഒരു പുതിയ  മുസ്ലിം പള്ളി’യെന്ന ഈ പോസ്റ്റിലെ തന്നെ ആരോപണത്തെ ഇത് ഖണ്ഡിക്കുന്നു.

നിരന്തരമായി ബിജെപി അനുകൂല, മുസ്ലിം വിരുദ്ധ പോസ്റ്റുകൾ പങ്ക് വെക്കുന്ന അക്കൗണ്ടാണ് ‘Kannan Balaramapuram’. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും നടക്കുന്ന ബുൾഡോസർ രാജിനെപ്പറ്റിയുള്ള വീഡിയോകളും ഈ അക്കൗണ്ടിലുണ്ട്. ബുൾഡോസറുകളുപയോഗിച്ച്, വീടുകൾ ഇടിച്ച് നിരത്തുന്ന സർക്കാർ നടപടികൾക്കെതിരായുള്ള പ്രതിഷേധങ്ങളെ ‘ഇരവാദ’മെന്നാണ് ഈ വീഡിയോകളിൽ അവതാരകൻ വിശേഷിപ്പിക്കുന്നത്. ബംഗ്ലാദേശികളാണ് ഇത്തരത്തിൽ ‘അനധികൃത’മായി സ്ഥലം കയ്യേറി താമസിക്കുന്നതെന്നും ഇയാൾ പറയുന്നു. നിരന്തരമെന്നോണം വ്യാജ വാർത്ത നിർമ്മിക്കുകയും വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്യുന്ന ഇത്തരം അക്കൗണ്ടുകൾ സാമൂഹ്യമാധ്യമങ്ങളിൽ സജീവമായി നില നിൽക്കുന്നു.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top