‘ചൈനക്ക് വഴി കാട്ടി കൊടുക്കു’ന്ന സോനം വാങ്ചുക് ; വാങ്ചുക്കിനെ ‘വിമർശിക്കുന്ന’ വാർത്താ അവതാരകൻ : വ്യാജ വാർത്തകളുടെ കുത്തൊഴുക്ക് വീണ്ടും 

‘ചൈനക്ക് വഴി കാട്ടി കൊടുക്കു’ന്ന സോനം വാങ്ചുക് ; വാങ്ചുക്കിനെ ‘വിമർശിക്കുന്ന’ വാർത്താ അവതാരകൻ : വ്യാജ വാർത്തകളുടെ കുത്തൊഴുക്ക് വീണ്ടും 

‘ചൈനക്ക് വഴി കാട്ടി കൊടുക്കുമെന്ന് പറഞ്ഞ സോനം വാങ്ചുക്’- ഡൽഹിയിലെ സമരത്തെ എതിർക്കുന്നവരുടെ ഒരു പ്രധാന ക്യാപ്‌സൂളാണിത്. ഇന്ത്യയിലെ പല ഫാക്ട് ചെക്കിങ് മാധ്യമങ്ങളും പല തവണ പൊളിച്ചതാണ് ഈ കഥ. പക്ഷേ വീണ്ടും വീണ്ടും ഈ നരേറ്റീവ് പരക്കുന്നുണ്ട്. ഈ വ്യാജപ്രചാരണത്തിന് ശക്തി കൂട്ടാൻ ഒരു വാർത്താ അവതാരകന്റെ വീഡിയോ എഡിറ്റ്‌ ചെയ്ത് പ്രചരിപ്പിക്കുന്നുമുണ്ട്.

ഡൽഹിയിലെ സിജെപി പ്രതിഷേധ സമരത്തിന്റെ അലയൊലികളാണ് സാമൂഹ്യ മാധ്യമങ്ങളിലെങ്ങും. കലാ സാംസ്‌കാരിക രംഗത്ത് നിന്ന് നിരവധി പേരാണ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുള്ളത്. ഇതിനൊപ്പം തന്നെ സമരത്തിനെതിരെ വലത് പക്ഷ ഹാൻഡിലുകൾ വൻതോതിൽ വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നുണ്ട്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നിരാഹാരം കിടക്കുന്ന സോനം വാങ്ങ്ചുക്കിനെതിരെ വ്യാജ വാർത്തകളുടെ കുത്തൊഴുക്കാണ്.

24 ന്യൂസ് ചാനലിലെ വാർത്ത അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിമിന്റെ ഒരു വീഡിയോ കട്ട് ചെയ്ത് സോനം വാങ്ചുക്കിനെതിരെ ഉപയോഗിക്കുകയാണ് സമര വിരുദ്ധർ.

ഹാഷ്മി താജ് ഇബ്രാഹിം സോനം വാങ്ചുക്കിനെതിരെ സംസാരിക്കുന്നതായി കാണുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വീഡിയോയിൽ സോനം വാങ്ചുക്ക് ഒരു ‘അന്തം രാജ്യദ്രോഹി’യാണെന്ന് ഹാഷ്മി പറയുന്ന തരത്തിലാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. ചൈന ഇന്ത്യയെ ആക്രമിച്ചാൽ ചൈനക്ക് വഴികാട്ടി കൊടുക്കുമെന്ന് സോനം വാങ്ചുക്ക് പറഞ്ഞതായി ഒരു വാർത്ത നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വീഡിയോയിൽ ഹാഷ്മി ഇക്കാര്യം പരാമർശിക്കുന്നുണ്ട്. എന്നാൽ ഈ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ എഡിറ്റ്‌ ചെയ്തതാണെന്ന് ഒബിസിയുടെ അന്വേഷണത്തിൽ കണ്ടെത്തി.

പ്രചരിക്കുന്ന വീഡിയോയിൽ ഹാഷ്മിയുടെ വീഡിയോയ്ക്ക് പിന്നാലെയായി സോനം വാങ്ചുക്കിന്റെ ഒരു ചെറിയ ബൈറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ “ലഡാക്ക് വഴി ചൈന ഇന്ത്യയെ ആക്രമിച്ചാൽ, ഞങ്ങൾ ചൈനയെ തടയില്ല, മറിച്ച് ചൈനയ്ക്ക് അകത്തുകടക്കാൻ വഴി കാണിച്ചുകൊടുക്കും” എന്ന് സോനം വാങ്ചുക്ക് പറയുന്നുണ്ട്. വീഡിയോയുടെ മുകളിൽ വലത് വശത്തായി 24 ന്യൂസ് ചാനലിന്റെ ലോഗോയും കാണാം. 

എക്സിൽ ‘Tom Mathew Moolamattam’ എന്ന എക്സ് അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റാണ് ആദ്യമായി കണ്ടത്. ഈ പോസ്റ്റിൽ വീഡിയോയോടൊപ്പം ടെലിവിഷൻ അവതാരകയും യൂട്യൂബറുമായ രഞ്ജിനി ഹരിദാസിന്റെ ചിത്രത്തോട് കൂടിയ ഒരു കാർഡും പങ്ക് വെച്ചിട്ടുണ്ട്. ഇതും 24 ന്യൂസ് ചാനലിന്റെ തന്നെ. ഡൽഹി സമരത്തിൽ പങ്കെടുത്ത രഞ്ജിനി ഹരിദാസ് സോനം വാങ്ചുക്കിന്റെ അറസ്റ്റിനെയും പോലീസിന്റെ നരനായാട്ടിനെയും അപലപിച്ച് മാധ്യമങ്ങളിൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ രഞ്ജിനി ഹരിദാസിനെതിരെ വലതുപക്ഷ അക്കൗണ്ടുകൾ വലിയ തോതിൽ സൈബർ ആക്രമണം നടത്തുന്നുണ്ട്. ‘Tom Mathew Moolamaattam’ എന്ന അക്കൗണ്ടിലെ ഈ പോസ്റ്റും ഇതിന്റെ ഭാഗമായി തന്നെയാണെന്ന് വേണം കരുതാൻ. സ്ഥിരമായി ബിജെപി അനുകൂല കണ്ടന്റുകൾ പങ്ക് വയ്ക്കുന്ന ഒരു അക്കൗണ്ട് കൂടിയാണിത്.

Screenshot of a viral X post by Tom Mathews Moolamattam featuring an edited video targeting Sonam Wangchuk and Ranjini Haridas
‘Tom Mathews Moolamattam’ എന്ന അക്കൗണ്ടിലെ പോസ്റ്റ്

ജൂൺ 21 ന് വൈകുന്നേരം പങ്ക് വെച്ച ഈ വീഡിയോ ഇതുവരെ (ജൂൺ 23) പതിനായിരത്തിലേറെ തവണ കണ്ടിട്ടുണ്ട്. പോസ്റ്റിന് 227 ലൈക്കും ലഭിച്ചിട്ടുണ്ട്. കമന്റുകളിൽ രഞ്ജിനി ഹരിദാസിനെതിരെ അസഭ്യം പറയുന്നവരുണ്ട്. ഇവർ പണം വാങ്ങിയാണ് സമരത്തിൽ പങ്കെടുക്കുന്നതെന്നാണ് കമ്മന്റ് സെക്ഷനിൽ കുറെ പേരുടെ അഭിപ്രായം. 

“ചൈനക്ക് വഴികാട്ടി കൊടുക്കും എന്ന് പറഞ്ഞവനെ പിന്നെ എങ്ങനെയാണ് കൊണ്ടുപോകേണ്ടത്??? ഒരു മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന വ്യക്തിയുടെ മകൾക്ക് എങ്ങനെ ഇത്തരം രാജ്യ വിരുദ്ധരെ പിന്തുണയ്ക്കാൻ സാധിക്കും…” 

എന്നാണ് പോസ്റ്റിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

സിനിമ താരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലും സിജെപി സമരത്തെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. ഇവർക്കെതിരെയും സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇതേ എക്സ് അക്കൗണ്ട് തന്നെ ജൂൺ 21 ന് വിസ്മയ മോഹൻലാലിനെതിരേയും പോസ്റ്റിട്ടിരുന്നു. ഡൽഹിയിലെ പോലീസ് അക്തിക്രമത്തെ വിമർശിച്ച് കൊണ്ടുള്ള വിസ്മയയുടെ പ്രസ്താവനയെ പറ്റിയുളള സോഷ്യൽ മീഡിയ കാർഡാണ് പങ്ക് വെച്ചിട്ടുള്ളത്. മീഡിയ വൺ ചാനലിന്റെ കാർഡാണിത്. ഇതിനൊപ്പവും ഹാഷ്മി താജ് ഇബ്രാഹിമിന്റെ വീഡിയോ പങ്ക് വെച്ചിട്ടുണ്ട്. ഈ പോസ്റ്റും പതിനായിരത്തിലേറെ തവണ കണ്ടിട്ടുണ്ട്. 262 ലൈക്കും ലഭിച്ചിട്ടുണ്ട്.

“”തുടക്കം” പൊളിച്ചല്ലോ മോളെ? സിനിമ വിജയിക്കാൻ കഴിവ് ഇല്ലങ്കിൽ വേറെന്തു ചെയ്യും അല്ലേ? അച്ഛന് കിട്ടിയില്ല…. മമ്മൂക്കക്ക് കിട്ടി, അതിന് രാജ്യവിരുദ്ധരോടൊപ്പം ചേരണ്ടായിരുന്നു. പൗരന്മാർ ജനാധിപത്യത്തിൽ ഇങ്ങനെയാണോ പെരുമാറേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം ഉണ്ടോ?”

എന്നാണ് ഈ പോസ്റ്റിന്റെ അടിക്കുറിപ്പ്.

Screenshot of an X post targeting Vismaya Mohanlal over her statement supporting CJP protest and Sonam Wangchuk
വിസ്മയ മോഹൻലാലിനെതിരായുള്ള പോസ്റ്റ്

എക്സിൽ മാത്രമല്ല, ഫേസ്ബുക്കിലും ഹാഷ്മി താജ് ഇബ്രാഹിമിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. രഞ്ജിനി ഹരിദാസിനെതിരെ എക്സിൽ പ്രചരിക്കുന്ന പോസ്റ്റിന്റെ അടിക്കുറിപ്പ് തന്നെയാണ് ഫേസ്ബുക്കിലും പ്രചരിക്കുന്നത്.

Screenshots of Facebook posts circulating edited video of news presenter Hashmi Taj Ibrahim and Sonam Wangchuk
ഫേസ്ബുക്കിൽ പ്രചരിക്കുന്ന പോസ്റ്റുകൾ

ഹാഷ്മി ശരിക്കും എന്താണ് പറഞ്ഞത്?

പ്രചരിക്കുന്ന വീഡിയോ ഭാഗം 24 ന്യൂസ് ചാനലിന്റെ ‘എൻകൗണ്ടർ പ്രൈം’ എന്ന ദൈനം ദിന പരിപാടിയിൽ നിന്നുള്ളതാണ്. സിജെപി സമരം തുടങ്ങിയതിന് ശേഷമുള്ള ഈ പരിപാടിയുടെ എപ്പിസോഡുകൾ പരിശോധിച്ചപ്പോൾ ഈ വീഡിയോയുടെ പൂർണരൂപം യൂട്യൂബിൽ നിന്ന് കണ്ടെത്താനായി. 51 മിനുട്ടുള്ള ഈ വീഡിയോ 24 ന്യൂസ് ചാനലിന്റെ തന്നെ യൂട്യൂബ് ചാനലിൽ ജൂൺ 20 ന് പങ്ക് വെച്ചിട്ടുള്ളതാണ്. വീഡിയോയിൽ ഹാഷ്മി താജ് ഇബ്രാഹിം സോനം വാങ്ചുക്കിനെതിരായുള്ള വ്യാജ വാർത്തകളെ പറ്റിയാണ് പരാമർശിക്കുന്നത്. ഒരു വാർത്ത ചാനൽ പ്രധാനിയും നൂറു കണക്കിന് സൈബർ ‘വ്യാജന്മാരും’ സോനം വാങ്ചുക്കിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നുവെന്നാണ് വീഡിയോയിൽ ഹാഷ്മി യഥാർത്ഥത്തിൽ പറയുന്നത്.

Screenshot of original 24 News Encounter Prime YouTube video featuring presenter Hashmi Taj Ibrahim discussing Sonam Wangchuk
24 ന്യൂസ് പോസ്റ്റ് ചെയ്ത വീഡിയോ

ഈ വീഡിയോയുടെ ആദ്യ ഭാഗത്തിൽ തന്നെ ഹാഷ്മി സോനം വാങ്ചുക്കിനെതിരായുള്ള വാർത്തകൾ വ്യാജമാണെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ പെട്ടെന്നുള്ള കേൾവിയിൽ ഇത് വ്യക്തമല്ല. ഇതുപയോഗിച്ചാണ് വ്യാജ പ്രചരണം നടക്കുന്നത്. ഫേസ്ബുക്കിൽ ‘ആദി യോഗി’ എന്ന അക്കൗണ്ട് ഈ വീഡിയോ മാത്രമായാണ് പങ്ക് വെച്ചിരിക്കുന്നത്.

ചൈനക്ക് വഴി കാട്ടി കൊടുക്കുമെന്ന് സോനം വാങ്ചുക്ക് പറഞ്ഞിട്ടുണ്ടോ?

വീഡിയോയിലെ ‘ചൈനക്ക് വഴികാട്ടി കൊടുക്കുമെന്ന്’ സോനം വാങ്ചുക്ക് പറയുന്ന ഭാഗം ഇതിന് മുൻപും പ്രചരിച്ചിട്ടുള്ളതാണ്. ഇത് ഫാക്ട് ചെക്കിംഗ് പ്ലാറ്റ്ഫോർമായ ‘BOOM LIVE’ വ്യാജവാർത്തയാണെന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്.സോനം വാങ്ചുക് അങ്ങനെ പറഞ്ഞിട്ടില്ല.

2024 മാർച്ച് 12 വാങ്ചുക്ക് തന്നെ, തന്റെ എക്സ് അക്കൗണ്ടിൽ പങ്ക് വെച്ച 3.16 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ നിന്ന് കട്ട് ചെയ്ത ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്നത്. വീഡിയോയുടെ ഇതേ ഭാഗം 2025 ലും പ്രചരിച്ചിട്ടുണ്ട്. ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ‘Le Apex Body‘യുടെ (LAB) പിന്തുണയോടെ സോനം വാങ്ചുക് 2024 ൽ 21 ദിവസത്തെ നിരാഹാര സമരം നടത്തിയിരുന്നു. ഈ സമരത്തിനിടെ ഷൂട്ട് ചെയ്ത വീഡിയോയാണിത്. 

വീഡിയോയിൽ, ഒരു പ്രാദേശിക ഹാസ്യനടന്റെ വാക്കുകൾ ഉദ്ധരിക്കുക മാത്രമാണ് സോനം വാങ്ചുക്ക് ചെയ്തതെന്ന് ബൂം റിപ്പോർട്ടിൽ പറയുന്നു.

വാങ്ചുക്കിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെയാണ് – 

ഇവിടെയുള്ള ഒരു പ്രശസ്തനായ ഹാസ്യനടൻ പറഞ്ഞ കാര്യമാണ്, ‘മുമ്പ് ചൈന വന്നപ്പോൾ ലഡാക്കിലെ ജനങ്ങൾ ജീവൻ കൊടുത്താണ് അവരെ തടഞ്ഞത്. എന്നാൽ ഇപ്പോൾ ഇന്ത്യൻ സർക്കാർ നമുക്കായി ഒന്നും ചെയ്യുന്നില്ലെങ്കിൽ, അടുത്ത തവണ ചൈനക്കാർ വരുമ്പോൾ ഞങ്ങൾ അവർക്ക് വഴി കാണിച്ചുകൊടുക്കും, അവരെ തടയില്ല. സംരക്ഷണം പോലും ലഭിക്കാത്തപ്പോൾ നമ്മളെന്തിന് ജീവൻ നൽകണം?’ എന്ന്. ഇത്തരത്തിൽ സംസാരിച്ചതിന് പോലീസ് ആ ഹാസ്യനടനെ ചോദ്യം ചെയ്യാനും തുടങ്ങി. അയാളെ കുറ്റപ്പെടുത്താതെ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. അദ്ദേഹത്തിന്റെ നിരാശയാണ് പുറത്തുവരുന്നത്, അത് പരിഹരിക്കുകയാണ് വേണ്ടത്. സർക്കാർ ഇതിനെയെല്ലാം വളരെ ഗൗരവത്തോടെ കാണണം.”

അതായത്, ചൈനക്ക് വഴി കാട്ടി കൊടുക്കുമെന്ന് സോനം വാങ്ചുക്ക് പറഞ്ഞിട്ടില്ല. അത്തരത്തിൽ പരാമർശം നടത്തിയ ഒരു ഹാസ്യകലാകാരനെ ഉദ്ധരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.

ലഡാക്കിന് സംസ്ഥാന പദവി വേണമെന്നാവശ്യപ്പെട്ട് 2025 സെപ്റ്റംബറിലും സോനം വാങ്ചുക്ക് നിരാഹാരം കിടന്നിരുന്നു. ഇതിന്റെ ഭാഗമായി നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായതിന് പിന്നാലെ, പോലീസ് വാങ്ചുകിനെ ദേശീയ സുരക്ഷാ നിയമപ്രകാരം (NSA) കരുതൽ തടങ്കലിലാക്കി. സെപ്റ്റംബർ 24-ന് പ്രതിഷേധത്തിന്റെ ഭാഗമായി ഒരു ബിജെപി ഓഫീസ് തീയിട്ടു നശിപ്പിക്കുകയുണ്ടായി. തുടർന്ന്, പോലീസ് നടത്തിയ വെടിവെപ്പിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെടുകയും 50-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഈ നിരാഹാര സമരം വാങ്ചുക് അവസാനിപ്പിക്കുകയായിരുന്നു. വീഡിയോയിൽ, വിദ്യാർത്ഥികളും യുവാക്കളും സന്യാസിമാരും മുൻ സൈനികരും സമരത്തിൽ പങ്കുചേർന്നതിനെക്കുറിച്ച് വാങ്ചുക് വിവരിക്കുന്നുണ്ട്. 

വീഡിയോയുടെ അവസാനം, സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും ലഡാക്കിലെ ജനങ്ങൾ സൈനികരെപ്പോലെ ഇന്ത്യയെ തുടർന്നും സംരക്ഷിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കാൻ വേണ്ടി, പ്രചാരത്തിലുള്ള വൈറൽ വീഡിയോയിൽ നിന്ന് ഈ പശ്ചാത്തലം മുഴുവൻ ഒഴിവാക്കുകയാണ് ചെയ്തിട്ടുള്ളത്. 

സോനം വാങ്ചുക്കിനെതിരായുള്ള ആരോപണങ്ങൾ സത്യമാണെന്ന് തെറ്റിദ്ധരിപ്പിക്കാനും ചില ഫേസ്ബുക്ക് ഹാൻഡിലുകൾ ശ്രമിക്കുന്നുണ്ട്. ‘കമ്മി ഫലിതങ്ങൾ’ എന്ന ഫേസ്ബുക്ക് പേജ് പങ്ക് വെച്ച ഒരു വീഡിയോയിൽ ഒരു ഭാഗത്ത് ഹാഷ്മിയുടെ 24 ലെ വീഡിയോയും മറുഭാഗത്ത് ‘സോനം വാങ്ചുക്കിന്റെ പ്രചരിക്കുന്ന വീഡിയോയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഹാഷ്മിയുടെ വീഡിയോയുടെ ഭാഗത്ത് ‘വെളുപ്പിക്കൽ’ എന്നും വാങ്ചുക്കിന്റെ വീഡിയോയുടെ ഭാഗത്ത് ‘യാഥാർഥ്യം’ എന്നും എഴുതിയിരിക്കുന്നത് കാണാം. ഹാഷ്മിയുടെ മുഴുവൻ വീഡിയോയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത്, ഹഷ്മി പറഞ്ഞത് കളവാണെന്നും ‘ചൈനക്ക് വഴി കാട്ടികൊടുക്കുമെന്ന്’ സോനംവാങ്ങ്ചുക്ക് പറഞ്ഞിട്ടുണ്ടെന്നും സ്ഥാപിക്കലാണ് പോസ്റ്റിന്റെ ഉദ്ദേശ്യം. 

Screenshot of Facebook post by Kammi Phalithangal comparing Hashmi Taj Ibrahim report with edited Sonam Wangchuk clip
‘കമ്മി ഫലിതങ്ങൾ’ എന്ന അക്കൗണ്ട് ഫേസ്ബുക്കിൽ പങ്ക് വെച്ച വീഡിയോ

ജൂലൈ 21 ന് പങ്ക് വെച്ച വീഡിയോ ഇതുവരെ (ജൂലൈ 23) 1,38000 തവണ കണ്ടിട്ടുണ്ട്. 3,600 ഓളം ലൈക്കുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. 194 പേർ കമ്മന്റും ചെയ്തിട്ടുണ്ട്. 

കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സോനം വാങ്ചുക്കിന്റെ നിരാഹാര സമരം 26 ആം ദിവസം പിന്നിടുകയാണ്. സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ കാണാം. ഒപ്പം വാങ്ചുക്കിന്റെ മുൻകാലങ്ങളിലെ ബിജെപി അനുകൂല നിലപാടുകളും ചർച്ചയാകുന്നുണ്ട്. മോദി സർക്കാർ 2020 ൽ കൊണ്ട് വന്ന ദേശീയ വിദ്യാഭ്യാസ നയത്തെ (NEP 2020) സോനം വാങ്ചുക്ക് പിന്തുണച്ചിരുന്നു. ‘ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ പരിഷ്കാരമെന്നാണ്’ സോനം വാങ്ചുക്ക് എൻഇപി എ വിശേഷിപ്പിച്ചത്. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാനെയും വാങ്ചുക്ക് പ്രശംസിക്കുകയും ചെയ്തിരുന്നു. സോനം വാങ്ചുക്കിന്റെ ഈ നിലപാടുകളും ഇപ്പോൾ ചർച്ചയാകുന്നുണ്ട്.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top