
‘പന്നി സ്‌ക്വാഡിനെ ഇറക്കി ഫ്രഞ്ച് പോലീസ്’; എ ഐ ഉപയോഗിച്ച് വർഗീയ പ്രചാരണം
പീപ്പിൾസ് എഗെൻസ്റ്റ് എസ്ഐആർ (People Against SIR) സംഘടനയുടെ നേതൃത്വത്തിൽ രാജ്യമാകെ വ്യാപിക്കുകയാണ് ജന്തർ മന്തർ സമരം. ഒപ്പം വ്യാജ വാർത്തകളുമായി വലതുപക്ഷവും രംഗത്തുണ്ട്. എന്നാൽ, നിലവിൽ ഇന്ത്യൻ വലതുപക്ഷത്തിന്റെ ചുമതല രണ്ടാണ്. ജന്തർ മന്തർ സമരത്തിനെതിരെ മാത്രമല്ല, ഫ്രാൻസിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തിനെതിരെയും വ്യാജ വാർത്ത മെനയുന്ന തിരക്കിലാണവർ. ഒപ്പം മറ്റ് രാജ്യങ്ങളിലെ പ്രക്ഷോഭങ്ങൾക്കെതിരെയും വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്.
ഫ്രഞ്ച് പോലീസിനെ പറ്റിയാണ് പുതിയ പ്രചാരണം. പ്രക്ഷോഭകരെ നേരിടാൻ ഫ്രഞ്ച് പോലീസ് പട്ടികൾക്ക് പകരം ‘പന്നി സ്ക്വാഡുകളുമായി’ രംഗത്തിറങ്ങിയെന്നാണ് ആരോപണം. ഒപ്പം 10 സെക്കന്റ് ദൈർഘ്യമുള്ള ഒരു വീഡിയോയും അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്നുണ്ട്. വീഡിയോയിൽ, ഒരുപറ്റം പ്രതിഷേധകർക്ക് മുന്നിലായി ഒരു നിര ഫ്രഞ്ച് പോലീസുകാർ നിൽക്കുന്നത് കാണാം. എല്ലാ പോലീസുകാരുടെ മുന്നിലായും ബെൽറ്റിട്ട പന്നികളെയും നിർത്തിയിട്ടുണ്ട്. ബെൽറ്റിന്റെ മറ്റേയറ്റം പോലീസുകാരുടെ കൈകളിലാണ്.
‘@Kumar1975Rajesh’ എന്ന എക്സ് അക്കൗണ്ടിലെ പോസ്റ്റാണ് ആദ്യം കണ്ടെത്തിയത്. “അത്ഭുതം! നാളെ “പാരീസിൽ” നടക്കുന്ന “പ്രതിഷേധത്തിന്” തയ്യാറെടുക്കുന്ന ഫ്രഞ്ച് പോലീസ്! ഡോഗ് സ്ക്വാഡ് എന്ന് കേട്ടിട്ടുണ്ട്, പക്ഷേ “പന്നി സ്ക്വാഡ്” കാണുന്നത് ആദ്യമായാണ്!”
എന്ന അടിക്കുറിപ്പോടുകൂടിയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഒക്ടോബർ 23 നാണ് വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്രാൻസിൽ ഒക്ടോബർ 24 ന് വിവിധ സംഘടനകൾ രാജ്യമാകെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ പ്രതിഷേധങ്ങളെ നേരിടാൻ ഫ്രഞ്ച് പോലീസ് ‘പന്നി സ്ക്വാഡിനെ’ ഉപയോഗിക്കുന്നുവെന്നാണ് പോസ്റ്റിലെ ആരോപണം.

ഇതുവരെ (ഒക്ടോബർ 24) ഈ വീഡിയോ 3,78,000 തവണ എക്സിൽ മാത്രം കണ്ടിട്ടുണ്ട്.എണ്ണായിരത്തോളം പേർ ഇത് റീപ്പോസ്റ്റ് ചെയ്തിട്ടുമുണ്ട്. എക്സിൽ സജീവമായുള്ള ഒരു ഇന്ത്യൻ അക്കൗണ്ടാണ് ‘@Kumar1975Rajesh’. സ്ഥിരമായി സിജെപി – മുസ്ലിം വിരുദ്ധ പോസ്റ്റുകൾ ഈ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിട്ടുള്ളതായി കാണാം. മാത്രമല്ല, സിജെപി സമരത്തിലെ തന്നെ ദൃശ്യങ്ങളുപയോഗിച്ച് സ്ത്രീവിരുദ്ധ കണ്ടന്റുകളും ഇയാൾ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
റിവേഴ്സ് ഇമേജ് സെർച്ചിലൂടെ നിരവധി എക്സ് അക്കൗണ്ടുകൾ ഇതേ വീഡിയോ പ്രചരിപ്പിച്ചിട്ടുള്ളതായി കണ്ടെത്തി. എല്ലാ പോസ്റ്റുകളിലെയും അടിക്കുറിപ്പുകൾ ഈ വീഡിയോ സത്യമാണെന്ന് പ്രസ്താവിക്കുന്ന തരത്തിലുള്ളതാണ്. ‘@mishra_satish’ എന്ന അക്കൗണ്ടും ഒക്ടോബർ 23 നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുവരെ ഈ പോസ്റ്റ് പതിനൊന്നായിരത്തിലധികം തവണ കണ്ടിട്ടുണ്ട്. ആയിരം പേർ ലൈക്കും 239 പേർ റീപ്പോസ്റ്റും ചെയ്തിട്ടുണ്ട്.

“വൈകിയാണെങ്കിലെങ്കിലും, ആരാണ് കലാപം തുടങ്ങുന്നതെന്ന് ഫ്രാൻസിന് കൃത്യമായി മനസ്സിലായി. അതുകൊണ്ടാണ്, കലാപകാരികളായ പന്നികളെ നേരിടാൻ, അവർ നായയ്ക്ക് പകരം ഒരു “പന്നി” സ്ക്വാഡിനെ തയ്യാറാക്കിയിരിക്കുന്നത്. ഇനി മനസ്സിലാക്കൂ – കലാപകാരികൾ ആരാണെന്ന്.” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ആദ്യത്തേത് പോലെ, ഇതും ഒരു ഇന്ത്യൻ അക്കൗണ്ട് തന്നെയാണ്. സ്ഥിരമായി ബിജെപി അനുകൂല പോസ്റ്റുകൾ അക്കൗണ്ട് പങ്കുവെച്ചിരിക്കുന്നതായി കാണാം.
പോസ്റ്റുകളുടെ കമന്റുകളിൽ ഏറിയ പങ്കും വർഗ്ഗീയ പരാമർശങ്ങളാണ്. “ഇത് സത്യമാണെങ്കിൽ, ഫ്രഞ്ച് പോലീസ് ലക്ഷ്യം വയ്ക്കുന്നത് മുസ്ലിങ്ങളെയാണ്” എന്നാണ് ഒരാളുടെ കമ്മന്റ്. “ഇത് സത്യമാണെങ്കിൽ ഇന്ത്യയിലും ഇത് നടപ്പാക്കണം” എന്നാണ് മറ്റൊരാളുടെ അഭിപ്രായം.
ഫ്രഞ്ച് പോലീസിന്റെ യൂണിഫോം ധരിച്ചവർ റോഡിലൂടെ പന്നികളെയും കൊണ്ട് ഓടുന്ന ഒരു ചിത്രവും കമന്റുകളിൽ പ്രചരിക്കുന്നുണ്ട്.

പ്രചരിക്കുന്ന ഒരു കമ്മന്റ്
ഫ്രാൻസിലെ സമരത്തിനെതിരെ ഇന്ത്യയിലെയും മറ്റ് പല രാജ്യങ്ങളിലെയും വലതുപക്ഷം രംഗത്തുണ്ട്. ഫ്രാൻസിലെ പ്രതിഷേധങ്ങൾക്ക് മുന്നിൽ കുടിയേറ്റക്കാരാണെന്നും മുഴുവൻ പ്രശ്നങ്ങൾക്കും കാരണക്കാർ മുസ്ലിങ്ങളാണെന്നുമാണ് ഇവരുടെ വാദം. ഫ്രാൻസിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ പറ്റി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിങ്ങനെയാണ്:
“ഫ്രാൻസിൽ സംഭവിക്കുന്നത് കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. അതിന് സ്കൂളുകളോ മറ്റൊന്നുമായോ ബന്ധമില്ല. അത് കുടിയേറ്റമാണ്. സ്വന്തം രാജ്യത്തെ സ്നേഹിക്കാത്ത, കെട്ടിടങ്ങളെ സ്നേഹിക്കാത്ത, കലയെ സ്നേഹിക്കാത്ത ആളുകളെ അവർ സ്വന്തം രാജ്യത്തേക്ക് കടത്തിവിടുന്നു. ഞാൻ ആദ്യമായി മാക്രോണിനെ കണ്ടപ്പോൾ പറഞ്ഞു, ‘നിങ്ങളുടെ അതിർത്തികൾ അടയ്ക്കണം, നിങ്ങൾ നിങ്ങളുടെ രാജ്യം നശിപ്പിക്കാൻ പോകുന്നു.’ അവർ അവരുടെ രാജ്യം നശിപ്പിച്ചു.”
എന്നാൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ഈ അഭിപ്രായങ്ങളെ പരോക്ഷമായി തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇത്തരം അഭിപ്രായങ്ങൾ “അംഗീകരിക്കാനാകാത്തതും മണ്ടത്തരവുമാണെന്നാണ്” മാക്രോൺ പറഞ്ഞത്. ഇന്ത്യയിലും നിരവധി വലതുപക്ഷ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ ഫ്രാൻസിലേത് ഒരു കുടിയേറ്റ പ്രശ്നമാണെന്ന തരത്തിൽ അവതരിപ്പിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് നിലവിലെ പ്രചാരണത്തിന്റെ വർഗ്ഗീയ അജണ്ട വെളിപ്പെടുന്നത് .. മുസ്ലിങ്ങളുടെ വിശ്വാസ പ്രകാരം പന്നി ‘ഹറാമാണ്’. അതായത്, പന്നികളുമായുള്ള എന്ത് തരം സമ്പർക്കവും മുസ്ലിങ്ങൾക്ക് നിഷിദ്ധമാണ്. ഫ്രാൻസിൽ സമരം ചെയ്യുന്നത് മുസ്ലിങ്ങളാണെന്നും, അവർക്ക് പന്നി ഹറാമായതുകൊണ്ട് ഫ്രഞ്ച് പോലീസ് പന്നിയെ തന്നെ ഉപയോഗിച്ച് അവരെ നേരിടാൻ ശ്രമിക്കുന്നുമെന്നുമാണ് പോസ്റ്റുകളുടെ വാദം. പോസ്റ്റുകളിലെ കമന്റുകളും അടിക്കുറിപ്പുകളും ഇത് വ്യക്തമാക്കുന്നുണ്ട്. ഇതുകൊണ്ടാണ്, ‘@mishra_satish’ എന്ന അക്കൗണ്ട്, “വൈകിയാണെങ്കിലെങ്കിലും, ആരാണ് കലാപം തുടങ്ങുന്നതെന്ന് ഫ്രാൻസിന് കൃത്യമായി മനസ്സിലായി ” എന്ന് അടിക്കുറിപ്പിൽ എഴുതിയിരിക്കുന്നത്.
എന്നാൽ ഒറ്റനോട്ടത്തിൽ തന്നെ, പ്രചരിക്കുന്ന വീഡിയോയിൽ സംശയാസ്പദമായ ഘടകങ്ങളുണ്ട് എന്ന് മനസ്സിലാക്കാം . സാധാരണയായി, പ്രതിഷേധങ്ങൾ നടക്കുമ്പോൾ പ്രക്ഷോഭകരെ നേരിടുന്ന തരത്തിലാണ് പോലീസിനെ വിന്യസിക്കുക. എന്നാൽ പ്രചരിക്കുന്ന വീഡിയോയിൽ നേരെ തിരിച്ചാണ് കാണപ്പെടുന്നത് .. പ്രക്ഷോഭകരുടെ ഏറ്റവും മുന്നിൽ, അവരുടെ തന്നെ ദിശയിലാണ് പോലീസ് നിലയുറപ്പിച്ചിരിക്കുന്നത്.

മാത്രമല്ല, ഫ്രാൻസിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ വീഡിയോയെന്നാണ് ആരോപണം. എന്നാൽ പ്രചരിക്കുന്ന വീഡിയോയിൽ കാണുന്നത് മുഴുവൻ പലസ്തീൻ പതാകകളാണ്. ഫ്രാൻസിന്റെ ഒരു കൊടി പോലും കാണാൻ സാധിക്കില്ല.
സാധാരണയായി എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകളിലുണ്ടാകുന്ന തെറ്റുകളാണിവ. തുടർന്ന്, വിവിധ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് നടന്ന പരിശോധനയിൽ, പ്രചരിക്കുന്ന വീഡിയോ പൂർണമായും എഐ നിർമ്മിതമാണെന്ന് സ്ഥിരീകരിച്ചു.

കീവേർഡുകളുപയോഗിച്ച് നടത്തിയ കൂടുതൽ പരിശോധനയിൽ, ‘RadioGenoa’ എന്ന എക്സ് അക്കൗണ്ട് ഇതേ വീഡിയോ പ്രചരിപ്പിച്ചിട്ടുള്ളതായി കണ്ടെത്തി. യൂറോപ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അക്കൗണ്ടാണിത്. ഇതും പോസ്റ്റ് ചെയ്തിരിക്കുന്നത് ഒക്ടോബർ 23 ന് തന്നെ. മാത്രമല്ല, ഈ പോസ്റ്റിന്റെ താഴെയായി എക്സ് തന്നെ, ഇത് എഐ നിർമ്മിത വീഡിയോയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തതായി കണ്ടെത്തിയത് ‘RadioGenova‘ എന്ന അക്കൗണ്ടാണ്. ഫ്രാൻസിലെ പ്രതിഷേധങ്ങൾക്കെതിരായി ഈ അക്കൗണ്ട് നിരന്തരം പോസ്റ്റുകൾ പങ്കുവെച്ചിട്ടുള്ളതായും കാണാം. ഇതുവരെ (ഒക്ടോബർ 24) ഈ അക്കൗണ്ടിൽ നിന്നും ഈ വീഡിയോ എക്സിൽ മാത്രം അഞ്ച് ലക്ഷത്തിലധികം തവണ കണ്ടിട്ടുണ്ട്.
ഫ്രാൻസിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റും ഞങ്ങൾ പരിശോധിച്ചു. ഇതിൽ ഫ്രഞ്ച് പോലീസ് ഉപയോഗിക്കുന്ന നായകളെ പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. എന്നാൽ നായയല്ലാതെ മറ്റേതെങ്കിലും മൃഗങ്ങളെ ഫ്രഞ്ച് പോലീസ് ഉപയോഗിക്കുന്നതായി വെബ്സൈറ്റിൽ ഒരിടത്തും പരാമർശമില്ല.

ചുരുക്കത്തിൽ, പ്രതിഷേധകർക്കെതിരായി ഫ്രഞ്ച് പോലീസ് ‘പന്നി സ്ക്വാഡിനെ’ ഇറക്കിയെന്ന പ്രചാരണം പൂർണമായും വ്യാജമാണ്. യൂറോപ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു എക്സ് അക്കൗണ്ട് പങ്കുവെച്ച എഐ വീഡിയോ ഇന്ത്യൻ അക്കൗണ്ടുകൾ ഏറ്റെടുക്കുകയാണുണ്ടായത്.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക