
ആ വാഹന വ്യൂഹം ആരുടേതാണ്? ഫാക്ട് ചെക്ക്
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ കാറുകളുടെ എണ്ണം എപ്പോഴും സോഷ്യൽ മീഡിയക്ക് പ്രിയപ്പെട്ട വിഷയമാണ്. രണ്ട് ഡസനിലേറെ കാറുകൾ ഒന്നിന് പിറകെ ഒന്നായി പോകുന്ന ദൃശ്യങ്ങൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മുൻമുഖ്യമന്ത്രി പിണറായി വിജയനും ഇപ്പോഴത്തെ മുഖ്യമന്ത്രി വി ഡി സതീശനും വാഹന ആർഭാടത്തിന്റെ പേരിൽ അധിക്ഷേപിക്കപ്പെടുന്നുമുണ്ട്. പക്ഷേ എന്താണ് യാഥാർഥ്യം?
കേരള മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ പറ്റിയുള്ള ചർച്ചകൾ പിണറായി സർക്കാരിന്റെ കാലം മുതൽക്കേ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. പലപ്പോഴും വ്യാജ വീഡിയോകളാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹമെന്ന രീതിയിൽ പ്രചരിക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ, സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ തന്നെ എസ്കോർട്ട് വാഹനങ്ങളുടെ എണ്ണം ഗണ്യമായി വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത് നടപ്പിലാക്കുകയും ചെയ്തു.എന്നാലും സാമൂഹ്യ മാധ്യമങ്ങളിലെ ചില ഇടത് പക്ഷ – സിപിഐഎം അനുകൂല ഹാൻഡിലുകൾ വീണ്ടും വ്യാജ പ്രചാരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇരുപത്തിയെട്ടോളം വാഹനങ്ങൾ ഒരു വളവ് മുറിച്ച് കടക്കുന്ന 35 സെക്കൻഡോളം ദൈർഘ്യമുള്ള വീഡിയോയാണ് നിലവിൽ വൈറലാകുന്നത്. നിരവധി ‘കേരള സ്റ്റേറ്റ്’ ബോർഡുള്ള വാഹനങ്ങളെയും വീഡിയോയിൽ കാണാം. മുഖ്യമന്ത്രി വി ഡി സതീശൻ യാത്ര ചെയ്യുന്ന കാഴ്ചയാണിതെന്നാണ് ഫേസ്ബുക്കിലെ പോസ്റ്റുകളുടെ അവകാശവാദം. എന്നാൽ ഈ വാർത്ത വ്യാജമാണെന്ന് ഒബിസിയുടെ അന്വേഷണത്തിൽ വ്യക്തമായി. മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനവ്യൂഹമെന്ന പേരിൽ ഇതിന് മുമ്പും ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇത് വ്യാജമാണെന്ന് ഒബിസി കണ്ടെത്തിയിരുന്നു.
ഫേസ്ബുക്കിൽ മാത്രം നാല് അക്കൗണ്ടുകൾ, വി ഡി സതീശന്റെ വാഹന വ്യൂഹമാണെന്ന് ആരോപിച്ച് ഈ വീഡിയോ പങ്ക് വെച്ചിട്ടുണ്ട്. ‘Divakaran Krishnan’ എന്ന അക്കൗണ്ടിൽ വന്ന പോസ്റ്റാണ് ഏറ്റവുമധികം പേർ കണ്ടിട്ടുള്ളത്. സ്ഥിരമായി സിപിഐഎം അനുകൂല പോസ്റ്റുകൾ പങ്കുവയ്ക്കുന്ന അക്കൗണ്ടാണിത്. ജൂലൈ 29 ന് രാവിലെ പങ്ക് വെച്ച ഈ വീഡിയോ ജൂലൈ 30 വരെ എണ്ണായിരത്തോളം തവണ കണ്ടിട്ടുണ്ട്. 168 ലൈക്കുകൾ ലഭിച്ച പോസ്റ്റ് 43 പേർ ഷെയർ ചെയ്തിട്ടുമുണ്ട്.

“എന്തൊക്കെയായിരുന്നു ! ഒരു ചെലവു ചുരുക്കൽ ഇതാ….” എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് വാഹന വ്യൂഹം വെട്ടികുറയ്ക്കുന്നതെന്ന് മുഖ്യമന്ത്രി അധികാരത്തിലേറിയതിന് പിന്നാലെ പ്രഖ്യാപിച്ചിരുന്നു. ഇതിനെ പരിഹസിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
“ആരും ഒരുകോടി രൂപ തലക്ക് വിലയിട്ടിട്ടില്ല, ഒരു dyfi കാരനോ സിപിഎം കാരനോ ഒരു പ്രതിഷേധ സമരവും പ്രഖ്യാപിച്ചിട്ടില്ല , പിന്നെ എന്തിനാണ് ഈ എസ്കോർട്ട് വാഹനങ്ങൾ എന്നൊന്നും ചോദിക്കരുത്, വെറുതെ ഒരു രസം പൂക്കി മേനോൻ്റെ ചെലവ് ചുരുക്കൽ വിസ്മയം,”
എന്നാണ് മറ്റൊരു പോസ്റ്റിന്റെ അടിക്കുറിപ്പ്. വേറെയും അക്കൗണ്ടുകൾ ഇതേ അടിക്കുറിപ്പിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതായും കാണാം. വീഡിയോ വ്യാജമാണെന്ന് പോസ്റ്റുകളിലെ കമ്മന്റ് സെക്ഷനിൽ തന്നെ ചിലർ പറയുന്നുമുണ്ട്. വീഡിയോ പങ്ക് വച്ചിരിക്കുന്ന അക്കൗണ്ടുകളെല്ലാം സ്ഥിരമായി സിപിഐഎം അനുകൂല പോസ്റ്റുകൾ പങ്ക് വെച്ചിട്ടുള്ളതായി കാണാം.
വീഡിയോയുടെ സ്ക്രീൻഷോട്ടുകളുപയോഗിച്ച് നടത്തിയ പരിശോധനയിൽ, ഇതിന് മുൻപേയും ഇതേ വീഡിയോ കേരള മുഖ്യമന്ത്രിയുടേതെന്ന പേരിൽ പ്രചരിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഈ വർഷം മെയ് അവസാന വാരത്തിൽ ‘Sathyan Konni’ എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഇതേ വീഡിയോ പങ്ക് വെച്ചിട്ടുണ്ട്. അതായത്, വി ഡി സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് തൊട്ട് പിന്നാലെ. 7,600 തവണയാണ് ഇതുവരെ ഈ വീഡിയോ കണ്ടിട്ടുള്ളത്.
“മുഖ്യമന്ത്രി തള്ളൊക്ക കഴിഞ്ഞു എസ്കോർട്ട് ഇല്ലാതെ പോകുന്ന പോക്കാണ്…” എന്നാണ് പോസ്റ്റിലെ അടിക്കുറിപ്പ്.

പ്രചരിക്കുന്ന വീഡിയോകളെല്ലാം ക്ലാരിറ്റി വളരെയധികം കുറഞ്ഞതാണ്. എന്നാലും എല്ലാ വീഡിയോകളുടെയും ഇടത് ഭാഗത്ത് മുകളിലായി ചുവന്ന നിറത്തിൽ ഒരു ലോഗോയും കാണാം. ‘Verity Corner’ എന്ന ഫേസ്ബുക്ക് പേജിന്റെ ലോഗോയാണിത്.
ഇതേ വീഡിയോ ‘Verity Corner’ ഫേസ്ബുക്ക് പേജിൽ 2026 മാർച്ച് 2 ന് പോസ്റ്റ് ചെയ്തിരുന്നതായി കാണാം. ഈ വർഷം മെയ് പതിനെട്ടാം തീയതിയാണ് വി ഡി സതീശൻ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റത്. അതായത്, പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഷൂട്ട് ചെയ്ത വീഡിയോയാണിത്. വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്നതിനും ഒന്നര മാസം മുൻപ്. വീഡിയോയിലുള്ളത് വി ഡി സതീശന്റെ വാഹന വ്യൂഹമാണെന്ന വാർത്ത വ്യാജമാണെന്നതിന് തെളിവാണിത്.
സൂക്ഷ്മ പരിശോധനയിൽ, വീഡിയോയിൽ ‘Good look collections’ എന്ന കടയുടെ ബോർഡ് റോഡരികിൽ സ്ഥാപിച്ചിരിക്കുന്നതായി കാണാം. തൊട്ടടുത്തായി തന്നെ ‘പുളിമൂട്ടിൽ ജ്വല്ലേഴ്സ്’ എന്ന സ്ഥാപനവും കാണാം. ഈ സൂചനകളുപയോഗിച്ച് നടത്തിയ പരിശോധനയിൽ നിന്നും , പ്രചരിക്കുന്ന വീഡിയോയിൽ കാണുന്ന സ്ഥലം കണ്ടെത്താൻ സാധിച്ചു. കൊല്ലം ജില്ലയിലെ പത്തനാപുരത്തെ ‘സെൻട്രൽ ജംഗ്ഷനാണ്’ വീഡിയോയിൽ കാണുന്ന സ്ഥലം. കായംകുളം – പുനലൂർ റോഡിലാണ് ഈ ജംഗ്ഷൻ സ്ഥിതി ചെയ്യുന്നത്.

പത്തനാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വഴിയിലേക്കാണ് വാഹനങ്ങൾ തിരിഞ്ഞു പോകുന്നതെന്നും കാണാം.
പോസ്റ്റുകൾ വ്യാജമാണെന്ന് വ്യക്തമാണെങ്കിലും, മുൻ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹമാണോ ഇതെന്ന ചോദ്യം നിലനിൽക്കുന്നു. ‘Verity Corner’ ഫേസ്ബുക്ക് പേജിൽ പങ്ക് വെച്ച വീഡിയോയിൽ കൂടുതൽ ക്ലാരിറ്റിയുള്ളതാണ്. ഇതിൽ വാഹന വ്യൂഹത്തിൽ പ്രധാനിയായി പോകുന്നത്, മിസ്തുബുഷി മോട്ടോഴ്സിന്റെ വെള്ളനിറത്തിലുള്ള ‘പജേറോ’ (Pajero) എന്ന കാറാണ്. ഇതിന് പിന്നിലായാണ് മറ്റ് സർക്കാർ ബോർഡുള്ള കാറുകൾ പോകുന്നത്.
എന്നാൽ ഇക്കാലയളവിൽ, പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ സഞ്ചരിച്ചിരുന്നത് ‘കിയ കാർണിവൽ ’, ‘ടൊയോട്ട ഇന്നോവ ക്രിസ്റ്റ’ എന്നീ കാറുകളിലാണ്. രണ്ടും കറുത്ത നിറത്തിലുള്ളത്. വീഡിയോയിലെ വാഹന വ്യൂഹത്തിൽ ഇത്തരത്തിലുള്ള കാറുകളൊന്നും ഉൾപ്പെട്ടിട്ടില്ല.

മാത്രമല്ല, വീഡിയോയിൽ പജേറോ കാറിന്റെ മുന്നിലായി ഒരു അശോക സ്തൂപവും കാണാം. സാധാരണയായി, കേരള മുഖ്യമന്ത്രിയുടെ കാറുകളിൽ അശോക സ്തൂപം കാണാറില്ല. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കാറുകളിലും ഇതുണ്ടായിട്ടില്ല.
ഗവർണർമാരുടെ വാഹനങ്ങളിൽ അശോക സ്തൂപം സ്ഥാപിക്കാറുണ്ട്. എന്നാൽ കേരള ഗവർണറിന് ‘പജേറോ’ കാറുണ്ടായിരുന്നതായി കണ്ടെത്താൻ സാധിച്ചിട്ടില്ല. ചുരുക്കത്തിൽ, പ്രചരിക്കുന്ന വീഡിയോയിലെ വാഹന വ്യൂഹം മുഖ്യമന്ത്രി വി ഡി സതീശന്റേതല്ല. അത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റേതാണെന്നതിനും തെളിവില്ല.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക